പൊമ്പിളൈ ഒരുമൈ നേതാവിന് ഊരുവിലക്ക്

തൊടുപുഴ: തോട്ടം തൊഴിലാളി സമരത്തിനു നേതൃത്വം നല്‍കിയ പൊമ്പിളൈ ഒരുമൈ നേതാവിന് ഊരുവിലക്ക്. സംഘടനയുടെ പ്രസിഡന്റ് ലിസി സണ്ണിയെയാണ് ട്രേഡ് യൂനിയന്‍ നേതാക്കളുടെ നിര്‍ദേശാനുസരണം ഊരുവിലക്കിയത്.
ഇടുക്കി പ്രസ്‌ക്ലബ്ബ് മീറ്റ് ദി പ്രസ്സിലാണ് ലിസിയും സഹ പ്രവര്‍ത്തകരും ട്രേഡ് യൂണിയന്റെ ഊരുവിലക്ക് വ്യക്തമാക്കിയത്‌സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു ഇവര്‍. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം തുടങ്ങിയ സ്ഥാനങ്ങളുമുണ്ടായിരുന്നു. ഇതെല്ലാം ഉപേക്ഷിച്ചാണ് വനിതാ കൂട്ടായ്മയിലെത്തിയത്. രാജിവയ്ക്കുന്നതായി അറിയിച്ച് കത്തു നല്‍കിയിട്ടും അതു സ്വീകരിക്കാന്‍ തയ്യാറാവാത്ത പാര്‍ട്ടി നേതൃത്വം ഒറ്റപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കാനാണു ശ്രമിക്കുന്നതെന്നും ലിസി പറഞ്ഞു. ഗ്രാമമുഖ്യന്‍മാരുടെ റോളാണ് തോട്ടങ്ങളിലെ ട്രേഡ് യൂനിയന്‍ സബ്ഡിവിഷന്‍ കണ്‍വീനര്‍മാര്‍ക്ക്. തന്റെ വീട്ടിലെ മരണത്തിലോ വിവാഹത്തിലോ ആരും പങ്കെടുക്കരുതെന്ന ശാസന ഇവര്‍ തൊഴിലാളികള്‍ക്കു നല്‍കിയിരിക്കുകയാണെന്നും ലിസി സണ്ണി പറഞ്ഞു.
ലയങ്ങളില്‍ പുഴുക്കളെപ്പോലെയാണ് തൊഴിലാളികള്‍ ജീവിക്കുന്നത്. കമ്പനിയുടെയും ട്രേഡ് യൂനിയനുകളുടെയും ഒത്തുകളി കണ്ടു സഹികെട്ട സ്ത്രീ തൊഴിലാളികള്‍ സ്വയം സമരരംഗത്തിറങ്ങുകയായിരുന്നു. കമ്പനി ഏകപക്ഷീയമായി ബോണസ് വെട്ടിക്കുറച്ചപ്പോള്‍ ഉണ്ടായ നേതാക്കളുടെ പ്രതികരണമാണ് തൊഴിലാളികളെ യൂനിയനുകളില്‍നിന്ന് പെട്ടെന്ന് അകറ്റിയത്. സമരത്തിന് പുറത്തുനിന്നുളള ആരുടെയും സഹായം ലഭിച്ചില്ല.
ഒമ്പതു നാളത്തെ തങ്ങളുടെ സമരം ബോണസ് പ്രശ്‌നത്തില്‍ വിജയം കണ്ടു എന്നു മനസിലായപ്പോഴാണ് കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോവുന്നു എന്നു തിരിച്ചറിഞ്ഞ ട്രേഡ് യൂനിയനുകള്‍ ഗത്യന്തരമില്ലാതെ സമരത്തിനിറങ്ങിയത്. നേതാക്കളായ രാജേശ്വരി, കൗസല്യ, സ്റ്റെല്ലാ മേരി എന്നിവരും മീറ്റ് ദി പ്രസ്സില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it