Districts

പൊമ്പിളൈ ഒരുമൈ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്

സ്വന്തം പ്രതിനിധി

മൂന്നാര്‍: മൂന്നാറിലെ തോട്ടം തൊഴിലാളി സമരത്തിലൂടെ ഉയര്‍ന്നുവന്ന സ്ത്രീ കൂട്ടായ്മ പൊമ്പിളൈ ഒരുമൈ തിരഞ്ഞെടുപ്പു മല്‍സരരംഗത്തേക്കും. ഒരുമൈയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഇന്നലെ ചേര്‍ന്ന സംഘടനായോഗം തീരുമാനിച്ചു. ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളില്‍ പൊമ്പിളൈ ഒരുമൈ സംഘത്തിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്താനാണു തീരുമാനം. മൂന്നാര്‍, ദേവികുളം, പള്ളിവാസല്‍ എന്നീ പഞ്ചായത്തുകളിലാണു പൊമ്പിളൈ ഒരുമൈ മല്‍സരിക്കുക. മൂന്നാര്‍ പൊമ്പിളൈ ഒരുമൈ സമരവേദിയില്‍ നേതാക്കളായ ലിസിയുടെയും ഗോമതിയുടെയും നേതൃത്വത്തില്‍ സ്ത്രീ തൊഴിലാളികളെ പങ്കെടുപ്പിച്ചു നടന്ന ചര്‍ച്ചയിലാണു മല്‍സരിക്കാന്‍ തീരുമാനമെടുത്തത്.

നാളെ പൊമ്പിളൈ ഒരുമൈ സംഘത്തിലെ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നു പൊമ്പിളൈ ഒരുമൈ സമര നേതാക്കളായ ഗോമതിയും ലിസിയും പറഞ്ഞു. അതേസമയം, വേതന വര്‍ധന ആവശ്യപ്പെട്ട് ഐക്യ ട്രേഡ് യൂനിയനുകളുടെയും പൊമ്പിളൈ ഒരുമൈയുടെയും നേതൃത്വത്തിലുള്ള സമരം പുരോഗമിക്കുന്നു.

ഐക്യ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ നിരാഹാരം അനുഷ്ഠിച്ചിരുന്നവരുടെ ആരോഗ്യനില മോശമായതിനെ ത്തുടര്‍ന്ന് പുതിയ ടീം നിരാഹാരത്തിലേക്കു വന്നു. ഉത്രമേരി (എ.ഐ.ടി.യു.സി), മുനിയമ്മ (എ.ഐ.ടി.യുസി), സത്യ (ഐ.എന്‍.ടി.യു.സി), കലാ രാജന്‍ (ഐ.എന്‍.ടി.യു.സി), ശാന്തി (സി.ഐ.ടി.യു), ചന്ദ്രലേഖ (സി.ഐ.ടി.യു), എന്നീ സ്ത്രീ തൊഴിലാളികളാണ് ഇന്നലെ നിരാഹാരസമരം ആരംഭിച്ചത്. പൊമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ രാവിലെമുതല്‍ വൈകുന്നേരം വരെ ഇന്നലെയും സമരം നടത്തി.
Next Story

RELATED STORIES

Share it