thiruvananthapuram local

പൊന്‍മുടിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥ

കെ മുഹമ്മദ് റാഫി

നെടുമങ്ങാട്: തെക്കന്‍ കേരളത്തിലെ വിനോദ സഞ്ചാരികളുടെ പറുദീസയായ പൊന്‍മുടിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞദിവസം നടന്ന അപകടത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവമാണ് അവസാനത്തേത്.
മെയ് ദിനത്തില്‍ പാരിപ്പള്ളിയില്‍ നിന്നുള്ള 17 അംഗ സ്ത്രീകളടങ്ങിയ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് തിരിച്ചുവരുന്നതിനിടെ രണ്ടാമത്തെ ഹെയര്‍പിന്‍ വളവില്‍ നിയന്ത്രണം തെറ്റി മറിഞ്ഞത്. ഉച്ചയോടെ പൊന്‍മുടിയിലെത്തിയ സംഘം വൈകീട്ട് 5.30 ഓടെ തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം. പാരിപ്പള്ളി മീനമ്പലം അശ്വതി ഭവനില്‍ സുഗുണന്‍ (54) ആണ് മരിച്ചത്.
പൊന്‍മുടി, വിതുര സ്റ്റേഷനുകളില്‍ നിന്നും ഹൈവേ പട്രോളിങ് സംഘമെത്തിയാണ് നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടെയും സഹായത്തോടെ വാഹനത്തില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രികളിലെത്തിച്ചത്.
ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് പൊന്മുടിയിലെത്തുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 1100 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ എത്താന്‍ 22 ഹെയര്‍ പിന്‍ വളവുകള്‍ താണ്ടണം. വീതി കുറഞ്ഞ റോഡും ഒരു ഭാഗത്ത് താഴ്ചയുമുള്ളത് അപകടത്തിന്റെ ആക്കം കൂട്ടുന്നു. വലിയ വാഹനങ്ങള്‍ ഇവിടെ എത്താന്‍ വളരെ ബുദ്ധിമുട്ടാണ്. മാസങ്ങള്‍ക്ക് മുമ്പ് കൊല്ലത്ത് നിന്നും ഇവിടെ ഉല്ലാസ യാത്രക്കെത്തിയവരുമായി ബസ് കൊക്കയിലേക്ക് മറിഞ്ഞിരുന്നു. ദിവസേന നിരവധി ചെറിയ അപകടങ്ങളും പതിവാണ്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടത്തില്‍പെടുന്ന സംഭവവും നിരവധിയാണ്.
വളവുകളില്‍ ഉള്‍പ്പെടെ അമിതവേഗതയിലും അശ്രദ്ധയോടെയും വാഹനമോടിക്കുന്നതാണ് ഇവിടെ അപകടങ്ങള്‍ക്ക് പ്രധാനകാരണം.
അപകട മേഖലകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും മറ്റ് സംവിധാനങ്ങളും ഇല്ലാത്തതും സഞ്ചാരികളെ അപകടത്തിലേക്ക് തള്ളിവിടുന്നുണ്ട്. പോലിസുകാരുടെയും വനം വകുപ്പധികൃതരുടെയും സഹായം ഇവിടെ എത്തുന്നവര്‍ക്ക് കാര്യമായി ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പൊന്‍മുടിയിലെ അടിസ്ഥാന സൗകര്യമില്ലായ്മയെ കുറിച്ചും അപകടങ്ങളെ കുറിച്ചും കഴിഞ്ഞദിവസം തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു.
അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തര ചികില്‍സ നല്‍കണമെങ്കില്‍ പോലും 25 കിലോമീറ്ററോളം താണ്ടി വിതുരയിലെത്തണമെന്നതാണ് മറ്റൊരു ദുരവസ്ഥ. ഇനിയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതിരുന്നാല്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയും വിനോദ സഞ്ചാരികളുടെ ജീവനുകള്‍ക്ക് വിലയില്ലാതാവുകയും ചെയ്യും.
Next Story

RELATED STORIES

Share it