പൊന്നുംവിലയുള്ള ചരിത്ര രേഖകളുമായി രജിസ്‌ട്രേഷന്‍ വകുപ്പ് പ്രദര്‍ശനം

പത്തനംതിട്ട: ഫറോക്ക് സബ് രജിസ്ട്രാര്‍ ഓഫിസില്‍ ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വിലയാധാരം, നാവായിക്കുളം സബ് രജിസ്ട്രാര്‍ ഓഫിസില്‍ കൊല്ലവര്‍ഷം 1101ാമാണ്ടില്‍ പന്ത്രണ്ടാം നമ്പരായി രജിസ്റ്റര്‍ ചെയ്ത ശ്രീനാരായണ ഗുരുവിന്റെ വില്‍പത്രം, കമല സുരയ്യ തന്റെ വസ്തുവകകള്‍ സാഹിത്യ അക്കാദമിയുടെ പേരില്‍ ദാനമായി നല്‍കിയതിന്റെ ആധാരം.... ഇങ്ങനെ പൊന്നുംവിലയുള്ള നിരവധി രേഖകള്‍ പൊതുജനങ്ങള്‍ക്കു കാണാന്‍ അവസരം. രജിസ്‌ട്രേഷന്‍ വകുപ്പാണ് സഞ്ചരിക്കുന്ന പ്രദര്‍ശനത്തിലൂടെ ചരിത്ര രേഖകളുമായി പര്യടനം നടത്തുന്നത്. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ 150ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പര്യടനം പത്തനംതിട്ട ജില്ലയില്‍ എത്തി. കമലസുരയ്യ വസ്തുക്കള്‍ ഇഷ്ടദാനം നല്‍കിയ ആധാരത്തില്‍ സുകുമാര്‍ അഴീക്കോട് ഒപ്പിട്ടിട്ടുണ്ടെന്ന പ്രത്യേകതയുമുണ്ട്. പഴയ കാലത്ത് രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഉപയോഗിച്ചിരുന്ന  ഉപകരണങ്ങളുടെ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. പട്ട, മുദ്ര, പഴയകാല തൂവല്‍പേന, തട്ട്, അധിക മഷി ഒപ്പിയെടുക്കുന്നതിനുള്ള സാമഗ്രി, തുകല്‍ സഞ്ചി, മുദ്രയും തോലയും, പണ്ടുകാലത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് ഓഫിസുകളിലുണ്ടായിരുന്ന സാക്ഷിക്കൂട്, തുണി കൊണ്ടുള്ള ഫാന്‍, കാഷ് ചെസ്റ്റ് എന്നിവ ജനങ്ങളില്‍ കൗതുകം സൃഷ്ടിക്കും. രണ്ടണ, മൂന്ന് അണ മുദ്രപ്പത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്.
Next Story

RELATED STORIES

Share it