malappuram local

പൊന്നാനി ഫിഷറീസ് സ്‌റ്റേഷന്‍ പ്രഖ്യാപനത്തിലൊതുങ്ങി

പൊന്നാനി: കടലിലുണ്ടാവുന്ന അപകടങ്ങള്‍ക്ക് രക്ഷാ പ്രവര്‍ത്തനം ലക്ഷ്യമിട്ട് പൊന്നാനിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച ഫിഷറീസ് സ്‌റേഷന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നതായി ആക്ഷേപം. 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെന്ന് അന്നത്തെ വകുപ്പ് മന്ത്രി കെ ബാബു തന്നെയാണ് പ്രഖ്യാപിച്ചത്.
എന്നാല്‍, പിന്നീട് തുടര്‍ നടപടികളൊന്നുമുണ്ടായില്ല. 2014 ഡിസംബറിലാണ് പൊന്നാനിയില്‍ ഫിഷറീസ് സ്‌റ്റേഷന്‍ നിര്‍മിക്കാന്‍ 50 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചത്.—
മല്‍സ്യബന്ധനത്തിനിടെ കടലിലുണ്ടാവുന്ന അപകടങ്ങള്‍, മറ്റു പ്രതികൂല സാഹചര്യങ്ങള്‍ എന്നിവയില്‍ നിന്ന് മല്‍സ്യത്തൊഴിലാളികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫിഷറീസ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. നിര്‍ദിഷ്ട തീരദേശ പോലിസ് സ്‌റ്റേഷന് പുറമെയാണിത്. ഫിഷിങ് ഹാര്‍ബറിലെ 20 സെന്റ് സ്ഥലം ഇതിനായി വിട്ടുനല്‍കാനും മന്ത്രി തുറമുഖ വകുപ്പ് ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.—
എന്നാല്‍, ഒരു വര്‍ഷമായി ഇതിന്റെ തുടര്‍ നടപടികള്‍ ഓന്നുംതന്നെ ഉണ്ടായിട്ടില്ല.—മുങ്ങല്‍ വിദഗ്ധര്‍, സ്പീഡ് ബോട്ട്, സുരക്ഷ ബോട്ട്, ബോട്ടിങ് യാര്‍ഡ്, ഓഫിസ് കാര്യാലയം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഫിഷറീസ് സ്‌റ്റേഷന്‍. ജില്ലയിലെ മുഴുവന്‍ തീരപ്രദേശങ്ങള്‍ക്കും സഹായമാവുന്ന രീതിയിലാണ് ഫിഷറീസ് സ്‌റ്റേഷന്‍ വിഭാവനം ചെയ്തത്. നിലവില്‍ ജില്ലയുടെ ആഴക്കടലില്‍ അപകടങ്ങളോ മറ്റോ ഉണ്ടാവുമ്പോള്‍ കൊച്ചിയില്‍ നിന്നോ ബേപ്പൂരില്‍ നിന്നോ രക്ഷാ ബോട്ടിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഫിഷിങ് ഹാര്‍ബറിലെ പ്രദേശത്ത് നിന്ന് ഫിഷറീസ് സ്‌റ്റേഷന് വേണ്ടി സ്ഥലം ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥ സംഘം മാസങ്ങള്‍ക്ക് മുമ്പ് പൊന്നാനിയില്‍ എത്തിയിരുന്നു.—
പൊന്നാനിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫിഷറീസ് സ്‌റ്റേഷന്‍ യാഥാര്‍ത്യമാവുമോ എന്നാണു മല്‍സ്യത്തൊഴിലാളികള്‍ ചോദിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നിലെത്തിയതോടെ ഫിഷറീസ് സ്‌റ്റേഷന്റെ കാര്യത്തില്‍ സ്ഥാനാര്‍ഥികള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് മല്‍സ്യത്തൊഴിലാളികളായ വോട്ടര്‍മാര്‍. ആരു ഭരിച്ചാലും എല്ലാം ശരിയായാല്‍ മതിയെന്നാണ് മിക്ക വോട്ടര്‍മാരുടെയും മനസ്സ്.
—പ്രഖ്യാപനങ്ങള്‍ മാത്രമായി മാറുന്ന പതിവ് പല്ലവിക്ക് മാറ്റം വന്നില്ലെങ്കില്‍ പൊന്നാനിയില്‍ മല്‍സ്യത്തൊഴിലാളികളുടെ ഉന്നമനം ഇനിയും കടലാസിലൊതുങ്ങും.
Next Story

RELATED STORIES

Share it