malappuram local

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് ഷിഫ്റ്റില്ല; ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിലപാട് നിയമാനുസൃതമല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

മലപ്പുറം: പൊന്നാനി താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാരെ പതിനാല് മണിക്കൂര്‍ വരെ ജോലി ചെയ്യിപ്പിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിയമാനുസൃതമാണോ പ്രവര്‍ത്തിക്കുന്നതെന്ന് സംശയമുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍. ആരോഗ്യവകുപ്പ് ഡയറക്ടര്‍ നേരിട്ട് നടപടികള്‍ സ്വീകരിച്ച ശേഷം രണ്ട് മാസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പൊന്നാനി താലൂക്കാശുപത്രിയിലെ 25 നഴ്‌സുമാര്‍ അസ്മാബീയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 1965 ലെ സ്റ്റാഫ് പാറ്റേണാണ് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പിന്തുടരുന്നത്. നഴ്‌സുമാര്‍ക്ക് മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടി അനുവദിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
എന്നാല്‍ ഇത് പൊന്നാനി ആശുപത്രിയില്‍ മാത്രം നടപ്പാക്കിയിട്ടില്ല. ജില്ലയിലെ മറ്റ് താലൂക്ക് ആശുപത്രികളില്‍ മൂന്നു ഷിഫ്റ്റ് സമ്പ്രദായമാണ് പിന്തുടരുന്നത്. കമ്മീഷന്‍ ജില്ലാമെഡിക്കല്‍ ഓഫിസറില്‍ നിന്നു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുന്ന കാര്യം ആരോഗ്യവകുപ്പ് ഡയറക്ടറെ 2014ല്‍ അറിയിച്ചിരുന്നതായി ഡിഎംഒ വിശദീകരണത്തില്‍ പറഞ്ഞു. ഇതിന് സര്‍ക്കാര്‍ അനുമതി ആവശ്യമാണെന്നും ഡിഎംഒ അറിയിച്ചു. കൂടുതല്‍ തസ്തികകള്‍ അനുവദിക്കേണ്ടി വരും. 1919 ലെ ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ കണ്‍വന്‍ഷന്‍ അംഗീകരിച്ച അന്താരാഷ്ട്ര ധാരണ പ്രകാരമാണ് എട്ടുമണിക്കൂര്‍ ജോലി നിശ്ചയിച്ചതെന്ന് കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നഴ്‌സുമാരുടെ കാര്യത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് കേരള ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും മാനിക്കപ്പെടേണ്ട സന്ദര്‍ഭങ്ങളില്‍ സാമ്പത്തിക പരാധീനതയൂടെ മറവില്‍ സര്‍ക്കാര്‍ ഒഴിഞ്ഞുമാറരുതെന്നും സുപ്രിം കോടതി നിരീക്ഷിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ ജില്ലാമെഡിക്കല്‍ ഓഫിസര്‍ക്ക് തെറ്റിദ്ധാരണയുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തി. മൂന്നു ഷിഫ്റ്റ് സമ്പ്രദായം സര്‍ക്കാര്‍ അനുവദിക്കേണ്ടതല്ല. സംഭവം അതീവ മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it