malappuram local

പൊന്നാനിയില്‍ ശക്തമായ പോളിങ്

പൊന്നാനി: പൊന്നാനി മണ്ഡലത്തിലെ പോളിങ് ബൂത്തുകളില്‍ ഏഴു മണി മുതല്‍ തന്നെ വോട്ടിങ് തുടങ്ങിയെങ്കിലും കനത്ത മഴ പലയിടത്തും വോട്ടിങ്ങിനെ മന്ദഗതിയിലാക്കി.
ചിലയിടങ്ങളില്‍ കറന്റില്ലാത്തതും വെളിച്ചക്കുറവും വോട്ടിങ്ങിനെ സാരമായി ബാധിച്ചു. എങ്കിലും വൈകുന്നേരമായതോടെ കനത്ത പോളിങാണ് രേഖപ്പെടുത്തിയത്.
മണ്ഡലത്തില്‍ 74.8 ശതമാനമാണ് വോട്ടിങ് നില. ഇതിനിടെ പൊന്നാനിയില്‍ ഒരു വോട്ടര്‍ തളര്‍ന്നുവീണു മരിച്ചു. പൊന്നാനി കോട്ടത്തറ സ്വദേശി വേലായുധന്‍(75) എന്നയാളാണ് മരണപ്പെട്ടത്. വോട്ട് ചെയ്യാന്‍ പോകുന്ന വഴി റോഡില്‍ തളര്‍ന്നുവീഴുകയായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 1,90,703 വോട്ടര്‍മാരുള്ള പൊന്നാനിയില്‍ 140 ബൂത്തുകളാണ് ഉണ്ടായിരുന്നത്. 99,808 സ്ത്രീ വോട്ടര്‍മാരും 90,898 പുരുഷ വോട്ടര്‍മാരുമാണുള്ളത്.140 ബൂത്തുകളിലും വോട്ടിങ് സമാധാനപരമായിരുന്നു.
ചങ്ങരംകുളത്ത് ചിയ്യാനൂരില്‍ യുഡിഎഫിനെതിരായ നോട്ടീസ് ബൂത്തിന് സമീപം കൊണ്ടുവന്നിട്ടത് യുഡിഎഫ് പ്രവര്‍ത്തകരുടെ പരാതി പ്രകാരം ചങ്ങരംകുളം പോലീസ് എത്തി എടുത്തുമാറ്റി.
നന്നംമുക്ക് പഞ്ചായത്തില്‍ കല്ലുര്‍മയില്‍, ഇന്നലെ അക്രമമുണ്ടായ പൊന്നാനിയില്‍ കനത്ത സുരക്ഷാ സംവിധാനത്തോടെയാണ് വോട്ടെടുപ്പ് നടന്നത്. ഒറ്റപ്പെട്ട ചെറിയ പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ പ്രദേശത്ത് പൊതുവെ സമാധാനപരമായാണ് പോളിങ്. കാലത്ത് ഏഴുമണി മുതല്‍ തന്നെ മിക്ക ബൂത്തുകളിലും വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട് ക്യൂവാണ്. ഉച്ചയ്ക്ക് ശേഷം മഴ ശക്തമാവുമോ എന്ന ആശങ്കയിലായിരുന്നു സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും. കഴിഞ്ഞ പഞ്ചായത്ത് തിരഞെടുപ്പില്‍ വ്യാപകമായി വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായ ആലംകോട് പഞ്ചായത്തില്‍ ഇത്തവണ അത്തരം സംഭവങ്ങള്‍ ഒന്നും തന്നെ റിപോര്‍ട്ട് ചെയ്തിട്ടില്ല.
Next Story

RELATED STORIES

Share it