Flash News

പൊതു സ്വതന്ത്രരെ തേടി സിപിഎം

സമീര്‍ കല്ലായി

മലപ്പുറം: മുസ്‌ലിം ലീഗ് ശക്തി കേന്ദ്രങ്ങളില്‍ സിപിഎം പൊതു സ്വതന്ത്രരെ തേടുന്നു. ലീഗ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയുന്ന സ്വതന്ത്രരെയാണ് സിപിഎം പരിഗണിക്കുന്നത്. മലപ്പുറം ജില്ലയിലെ പല മണ്ഡലങ്ങളിലും ഇത്തരം പൊതു സ്വാധീനമുള്ള പ്രമുഖരെ സിപിഎം നേതൃത്വം സമീപിച്ചു കഴിഞ്ഞു. വള്ളിക്കുന്ന്, തിരൂരങ്ങാടി മണ്ഡലങ്ങളിലൊന്നില്‍ പരപ്പനങ്ങാടിയിലെ ജനകീയ വികസന മുന്നണി നായകന്‍ നിയാസ് പുളിക്കലകത്തിനെ ഇതിന്റെ ഭാഗമായി പരീക്ഷിച്ചേക്കും. ലീഗ്‌കോട്ടയായ പരപ്പനങ്ങാടി നഗരസഭ ഇക്കുറി കപ്പിനും ചുണ്ടിനുമിടയിലാണ് ഇടതുമുന്നണിക്കു നഷ്ടമായത്. ഇവിടെ ഇടതു നേട്ടത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നത് നിയാസാണ്.
വള്ളിക്കുന്നില്‍ ഒരു കോണ്‍ഗ്രസ് പ്രമുഖനേയും സിപിഎം നോട്ടമിട്ടിട്ടുണ്ട്. താനൂരില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ മല്‍സരിച്ച വി അബ്ദുറഹിമാനെയാണ് പരിഗണിക്കുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന അബ്ദുറഹിമാന്‍ തിരൂര്‍ നഗരസഭയുടെ മുന്‍ വൈസ് ചെയര്‍മാനുമാണ്. ഇത്തവണ അബ്ദുറഹിമാന്റെ പിന്‍ബലത്തിലാണ് ഇടതുമുന്നണി തിരൂര്‍ നഗരസഭയില്‍ അധികാരത്തിലെത്തിയത്. തിരൂരിലേക്കും അബ്ദുറഹിമാനെ പരിഗണിക്കുന്നുണ്ട്. കോട്ടക്കലില്‍ മുന്‍ മന്ത്രി യു എ ബീരാന്റെ മകന്‍ യു എ നസീറുമായി സിപിഎം നേതാക്കള്‍ സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഈ സീറ്റില്‍ എന്‍സിപിയാണ് മല്‍സരിച്ചിരുന്നത്. നസീര്‍ മുന്‍പ് ഐഎന്‍എല്ലിലായിരുന്നപ്പോള്‍ തിരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചിട്ടുണ്ട്.
കോട്ടക്കലില്‍ മങ്കട മണ്ഡലം ലീഗ് പ്രസിഡന്റ് ആബിദ് ഹുസൈന്‍ തങ്ങളാണ് ലീഗ് സ്ഥാനാര്‍ഥി. കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ് അബു യൂസുഫ് ഗുരുക്കളെ പരിഗണിക്കണമെന്നാണ് ലീഗ് മണ്ഡലം കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നത്. ഈ നീരസം നസീറിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ മുതലെടുക്കാമെന്നാണ് ഇടതു ക്യാംപിന്റെ പ്രതീക്ഷ. മുമ്പ് പൊന്നാനിയില്‍ ലോക്‌സഭയിലേക്ക് മല്‍സരിച്ച ഹുസൈന്‍ രണ്ടത്താണിയുടെ പേരും പരിഗണനയിലുണ്ട്. തവനൂരിലും പൊന്നാനിയിലും യഥാക്രമം സിറ്റിങ് എംഎല്‍എമാരായ കെ ടി ജലീല്‍, പി ശ്രീരാമകൃഷ്ണന്‍ എന്നിവരെ തന്നെയാണ് സിപിഎം പരിഗണിക്കുന്നത്.
മങ്കട, മലപ്പുറം മണ്ഡലങ്ങളിലൊന്നില്‍ ഡിവൈഎഫ്‌ഐ നേതാവ് അബ്ദുല്ല നവാസിനെ പരിഗണിച്ചേക്കും. മങ്കടയില്‍ പ്രമുഖ ലീഗ് കുടുംബാംഗവും ആശുപത്രി ഉടമയുമായ വ്യവസായിയേയും സിപിഎം പരിഗണിക്കുന്നുണ്ട്.
നിലമ്പൂരില്‍ കഴിഞ്ഞ തവണ മല്‍സരിച്ച എം തോമസ് മാത്യുവിനു തന്നെയാണ് മുന്‍ഗണന. ടി കെ ഹംസ മറ്റേെതങ്കിലും പൊതു സ്വതന്ത്രര്‍ എന്നിങ്ങനെയും ചര്‍ച്ച നടക്കുന്നുണ്ട്. ഏറനാട് സിപിഐയില്‍ നിന്നേറ്റെടുത്ത് വ്യവസായി പി വി അന്‍വറിനെ മല്‍സരിപ്പിക്കുന്നതിനു ചര്‍ച്ച നടക്കുന്നുണ്ട്. അന്‍വറിനെ നിലമ്പൂരിലേക്കും സിപിഎം പരിഗണിക്കുന്നുണ്ട്. തിരൂരങ്ങാടിയിലും മഞ്ചേരിയിലും ലീഗ് വിമതരെ തന്നെയാണ് സിപിഐയും നോട്ടമിടുന്നത്.
വണ്ടൂരിലും ജനസ്വാധീനമുള്ള സ്വതന്ത്രരെയാണ് സിപിഎം നോട്ടമിടുന്നത്. വേങ്ങരയിലും കൊണ്ടോട്ടിയിലും ലീഗ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താവുന്ന സ്വതന്ത്രരെ തന്നെയാണ് പരിഗണിക്കുക. അഴീക്കോട് കെ എം ഷാജിക്കെതിരെ എം വി രാഘവന്റെ മകനും റിപോര്‍ട്ടര്‍ ചാനല്‍ മേധാവിയുമായ നികേഷ്‌കുമാറിനെയാണ് പരിഗണിക്കുന്നത്. കൊടുവള്ളിയില്‍ ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി കാരാട്ട് റസാക്ക് എല്‍ഡിഎഫ് സ്വതന്ത്രനായി മല്‍സരിക്കും. കുന്നമംഗലത്ത് പി ടി എ റഹീം തന്നെ രണ്ടാം തവണയും സ്ഥാനാര്‍ഥിയാവും.

[related]
Next Story

RELATED STORIES

Share it