പൊതു-സ്വകാര്യ പങ്കാളിത്തം: സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം- ചെന്നിത്തല

ആലപ്പുഴ: പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭങ്ങളോടുള്ള നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് ഇനി ഒരു പദ്ധതിയും നടപ്പാക്കുന്നില്ലെന്നാണു സര്‍ക്കാര്‍ നിലപാടെങ്കില്‍ ഹരിപ്പാട് മെഡിക്ക ല്‍ കോളജ് പദ്ധതി ഉപേക്ഷിക്കുന്നതിനോട് തനിക്ക് എതിര്‍പ്പില്ല. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് ഉടന്‍ കത്ത് നല്‍കുമെന്നും മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.
പദ്ധതി സംബന്ധിച്ച മുഴുവന്‍ ഫയലുകളും സര്‍ക്കാരിന്റെ കൈവശമുണ്ട്. ഇതു പരിശോധിച്ച് മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കണം. താന്‍ എന്തെങ്കിലും അവിഹിതമായി ചെയ്തിട്ടുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണം. മെഡിക്കല്‍ കോളജിനായി ഒരുരൂപപോലും സ്വകാര്യ നിക്ഷേപകരില്‍നിന്നു സ്വീകരിച്ചിട്ടില്ലെന്നും നിക്ഷേപകര്‍ താല്‍പര്യപ്പെട്ട് രംഗത്തെത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഏകദേശം 300 കോടി രൂപ ചെലവുവരുന്ന പദ്ധതിക്കായി 90 കോടി രൂപയാണ് നബാര്‍ഡ് വായ്പ അനുവദിച്ചത്. ഹരിപ്പാട്ടെ ജനങ്ങള്‍ക്കു മെഡിക്കല്‍ കോളജ് വേണ്ടെന്നാണു സര്‍ക്കാരിന്റെ നിലപാടെങ്കില്‍ അതു വ്യക്തമാക്കണം.
ഹരിപ്പാട്ടെ ജനങ്ങള്‍ക്കുവേണ്ടി മെഡിക്കല്‍ കോളജ് നിര്‍മിക്കാന്‍ മുന്നിട്ടിറങ്ങിയതിന്റെ പേരില്‍ പഴികേള്‍ക്കാനില്ല. ഹരിപ്പാട് മെഡിക്കല്‍ കോളജ് സ്വകാര്യസംരംഭമാണെന്ന പ്രചാരണം പച്ചക്കള്ളമാണ്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് പദ്ധതിക്കായി ഭൂമി കണ്ടെത്തിയത്. ഇതല്ലാതെ മെഡിക്കല്‍ കോളജിനായി സര്‍ക്കാരില്‍നിന്ന് ഒരു രൂപപോലും ചെലവാക്കിയിട്ടില്ല. നബാര്‍ഡിന്റെ സഹായത്തോടെ പൊതുപങ്കാളിത്തമാണ് ലക്ഷ്യമിട്ടത്.
കോന്നി, ഇടുക്കി, വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളജുകള്‍ക്കും നബാര്‍ഡ് സഹായം ലഭിച്ചിട്ടുണ്ട്. കണ്‍സള്‍ട്ടന്‍സി ആര്‍ക്കും നല്‍കിയിട്ടില്ല. ഇതുസംബന്ധിച്ച് കേസുകള്‍ ഹൈക്കോടതിയില്‍ നിലവിലുണ്ട്. അത് തീര്‍പ്പാവാതെ കണ്‍സള്‍ട്ടന്‍സി എങ്ങനെ പ്രവര്‍ത്തിക്കും.
എന്നിട്ടാണ് ഇതുസംബന്ധിച്ച് നാലുകോടിരൂപയുടെ അഴിമതിയാരോപണമുന്നയിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it