Kollam Local

പൊതുസ്ഥലത്ത് പുകവലിച്ചതിന് ഇക്കൊല്ലം പിടിയിലായത് 3169 പേര്‍

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: പൊതുസ്ഥലത്ത് പുകവലിച്ചതിന് ഇക്കൊല്ലം ജില്ലയില്‍ പോലിസിന്റെ പിടിയിലായത് 3169 പേര്‍. ഇവരില്‍ നിന്നായി 633800 രൂപയാണ് പിഴ ഈടാക്കിയത്. ഇക്കൊല്ലം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കാണിത്.
ജനുവരിയില്‍ 841 പേരും ഫെബ്രുവരിയില്‍ 1076 പേരും മാര്‍ച്ചില്‍ 1252 പേരും പൊതുസ്ഥലത്ത് പുകവലിച്ചതിന് കൊല്ലം സിറ്റി പോലിസിന്റെ പിടിയിലായിട്ടുണ്ട്. സംസ്ഥാന ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കിലാണിതുള്ളത്. ഇതിന് പുറമെ കൊല്ലം സിറ്റി പോലിസിന്റെ പരിധിയില്‍ പ്രായപൂര്‍ത്തിയാവര്‍ക്ക് പുകയില ഉല്‍പ്പനങ്ങള്‍ വിറ്റതിന് ഒരാളും സ്‌കൂളിന് 100 മീറ്റര്‍ പരിധിക്കുള്ളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് 49 പേരും പോലിസിന്റെ പിടിയിലായിട്ടുണ്ട്.
ജനുവരിയില്‍ ആറും ഫെബ്രുവരിയില്‍ 14ഉം മാര്‍ച്ചില്‍ 29ഉം പേരാണ് പിടിയിലായത്. കൊല്ലം റൂറലില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് 26 പേരാണ് ഇക്കൊല്ലം ആദ്യ മൂന്നുമാസങ്ങളിലായി പോലിസിന്റെ പിടിയിലായത്. ഇതിന് പുറമെ സ്‌കൂളിന് 100 മീറ്റര്‍ പരിധിക്കുള്ളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് 51 പേരും പുകയില ഉല്‍പ്പനങ്ങളില്‍ ആരോഗ്യപരമായ മുന്നറിയിപ്പ് കാണിക്കാത്തതിന് 10 പേരും പിടിയിലായി.
കഴിഞ്ഞ വര്‍ഷം പൊതുസ്ഥലത്ത് പുകവലിച്ചതിന് കൊല്ലം സിറ്റി പോലിസ് പരിധിയില്‍ 11246 പേരാണ് പിടിയിലായത്. ഇവരില്‍ നിന്നും 2112000 രൂപ പിഴയും ഈടാക്കി.
കൊല്ലം റൂറലില്‍ 10 പേര്‍ മാത്രമാണ് ഈ കാലയളവില്‍ പിടിയിലായത്. സിറ്റി പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് 13 പേരും സ്‌കൂളിന് 100 മീറ്റര്‍ പരിധിക്കുള്ളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് 174 പേരും പുകയില ഉല്‍പ്പന്നങ്ങളില്‍ ആരോഗ്യ മുന്നറിയിപ്പ് കാണിക്കാത്തതിന് 40 പേരും പിടിയിലായി.
റൂറലില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് 99 പേരും സ്‌കൂളിന് 100 മീറ്റര്‍ പരിധിക്കുള്ളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് 295 പേരും പുകയില ഉല്‍പ്പന്നങ്ങളില്‍ ആരോഗ്യ മുന്നറിയിപ്പ് കാണിക്കാത്തതിന് 65 പേരുമാണ് പിടിയിലായത്. 2014ല്‍ പൊതുസ്ഥലത്ത് പുകവലിച്ചതിന് കൊല്ലം സിറ്റി പോലിസ് പരിധിയില്‍ 11458 പേരാണ് പിടിയിലായത്. ഇവരില്‍ നിന്നും 1832900 രൂപ പിഴയും ഈടാക്കി.
അതേസമയം, ജില്ലയില്‍ പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുകയാണ്. ഇതോടൊപ്പം അടുത്തകാലത്ത് റീജ്യനല്‍ കാന്‍സര്‍ സെന്ററും ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററും ചേര്‍ന്ന് കൊല്ലം കോര്‍പ്പറേഷനിലെ തീരമേഖലകളില്‍ നടത്തിയ പഠനത്തില്‍ ജില്ലയില്‍ പുകയില ഉപഭോക്താക്കളുടെ എണ്ണം സംസ്ഥാന ശരാശരിയേക്കാള്‍ വളരെക്കൂടുതലാണെന്നാണ് കണ്ടെത്തിയത്.
ഗ്ലോബല്‍ അഡല്‍ട്ട് ടുബാക്കോ സര്‍വേ പ്രകാരം പുകയില ഉപയോഗിക്കുന്ന പുരുഷന്മാരുടെ എണ്ണം ദേശീയ ശരാശരി 24.3 ശതമാനവും കേരളത്തിലെ ശരാശരി 27.9 ശതമാനവുമായിരിക്കെ പഠനം നടത്തിയ മേഖലകളിലിത് 37 ശതമാനമാണ്. 14 വയസ്സിനുമേല്‍ പ്രായമുള്ള 38,808 പുരുഷന്മാരില്‍ നടത്തിയ കാന്‍സര്‍ സര്‍വേയില്‍ ജില്ലയിലെ 30 ശതമാനം പേര്‍ സിഗററ്റും 12 ശതമാനം പേര്‍ ബീഡിയും ഉപയോഗിക്കുന്നു.
മുറുക്കുന്നവരുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും ഇവരില്‍ അഞ്ചു ശതമാനം പേര്‍ ചവയ്ക്കുന്ന പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നു. നഗരങ്ങളേക്കാള്‍ ചവയ്ക്കുന്ന പുകയിലയുടെ ഉപയോഗം ഗ്രാമങ്ങളില്‍ കൂടുതലാണ്. 1990-97 കാലഘട്ടത്തില്‍ റീജ്യനല്‍ കാന്‍സര്‍ സെന്റര്‍ കരുനാഗപ്പള്ളി താലൂക്കില്‍ നടത്തിയ സര്‍വേയില്‍ 14 വയസ്സിനു മേല്‍ പ്രായമുള്ള പുരുഷന്മാരില്‍ 60 ശതമാനം പേരും പുകയില ഉപയോഗിക്കുന്നതായി വ്യക്തമായിരുന്നു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കാന്‍സര്‍ രജിസ്ട്രി പ്രകാരം 2011ല്‍ കൊല്ലത്തെ നഗരമേഖലകളില്‍ ഒരു ലക്ഷം പുരുഷന്മാരില്‍ 23പേര്‍ക്ക് ശ്വാസകോശ കാന്‍സര്‍ ബാധിച്ചിട്ടുണ്ട്.
ഇന്ത്യയിലെ മറ്റു നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കാര്യത്തില്‍ മൂന്നാമതാണ് കൊല്ലത്തെ നിരക്ക്. വീണ്ടുമൊരു പുകയില വിരുദ്ധ ദിനം ആചരിക്കുമ്പോള്‍ ആശങ്ക ഉണ്ടാക്കുന്നതാണ് ഈ സര്‍വേ ഫലങ്ങള്‍.
Next Story

RELATED STORIES

Share it