Editorial

പൊതുസ്ഥലങ്ങളിലെ വിസര്‍ജനം

ശുചിത്വമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രധാന അജണ്ട; സ്വച്ഛ് ഭാരത് എന്നാണ് മുദ്രാവാക്യം. ഈ ആശയത്തിന്റെ ചുവടുപിടിച്ച് പൊതുസ്ഥലത്ത് വിസര്‍ജനമില്ലാത്ത സംസ്ഥാനമാവാന്‍ കേരളം ഒരുങ്ങുകയാണ്. നവംബര്‍ ഒന്നിനകം രണ്ടുലക്ഷത്തിലേറെ ശുചിമുറികള്‍ നിര്‍മിക്കാനാണു പദ്ധതി. ശുചിമുറിയില്ലാത്ത 2,10,175 കുടുംബങ്ങള്‍ക്കാണ് ശുചിത്വമിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് ശുചിമുറികള്‍ നിര്‍മിച്ചുകൊടുക്കുന്നത്. വിചാരിച്ചപോലെ മുന്നേറാന്‍ സാധിച്ചാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ കേരളം സ്വച്ഛവും നിര്‍മലവുമായിത്തീരും.
പദ്ധതിയൊക്കെ നല്ലതു തന്നെ. പക്ഷേ, ജനങ്ങളുടെ മനോനില മാറാതെ എങ്ങനെയാണ് പരിസരശുചിത്വം പാലിക്കുക എന്ന ചോദ്യം വളരെ പ്രസക്തമാണ്. ശുചിമുറിയില്ലാത്ത കുടുംബങ്ങള്‍ക്ക് ശുചിമുറി നിര്‍മിച്ചുനല്‍കാന്‍ നമുക്ക് കഴിഞ്ഞേക്കും. എന്നാല്‍, പൊതു ശുചിമുറികളുടെ കാര്യമോ? കേരളത്തില്‍ ബസ്‌സ്റ്റാന്റുകള്‍, റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങിയ പൊതുസ്ഥലങ്ങളിലെല്ലാം ശുചിമുറികളുടെ നിലവാരം ശോചനീയമാണ്. നഗരസഭകളും മറ്റും സ്ഥാപിച്ചിട്ടുള്ള മൂത്രപ്പുരകളും കക്കൂസുകളും ശരിയായി പരിപാലിക്കാത്തതിനാല്‍ വൃത്തിഹീനമായിക്കിടക്കുന്ന അവസ്ഥയാണുള്ളത്. മൂത്രവിസര്‍ജനം നടത്തിയാല്‍ വെള്ളമൊഴിച്ച് വൃത്തിയാക്കണമെന്ന നിഷ്‌കര്‍ഷ ഒട്ടുമുക്കാലുംപേര്‍ക്കില്ല. അതിനാല്‍ ദുസ്സഹമായ നാറ്റം പ്രസരിപ്പിക്കുന്നവയാണ് മിക്ക ശുചിമുറികളും. മൂത്രവിസര്‍ജനത്തിന്റെ കാര്യത്തില്‍ മതപരമായ ചില നിഷ്‌കര്‍ഷകള്‍ പാലിക്കുന്ന ആളുകള്‍ മാത്രമേ ഇക്കാര്യത്തില്‍ ഇത്തിരിയെങ്കിലും പൗരബോധം പുലര്‍ത്താറുള്ളൂ.
പൊതുസ്ഥലങ്ങളിലെ വിസര്‍ജനവും അതീവ ഗുരുതരമായ പ്രശ്‌നം തന്നെ. വഴിയരികിലുള്ള മൂത്രവിസര്‍ജനമുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കുറച്ചൊന്നുമല്ല, സമൂഹത്തിലെ ഉന്നതസ്ഥാനീയരായ ആളുകള്‍ പോലും ഇതൊരു ഹീനപ്രവൃത്തിയാണെന്നു കരുതാറില്ല. കാര്‍ നിര്‍ത്തി വഴിയോരത്തെ ചെടിപ്പടര്‍പ്പിലേക്ക് ശരേന്ന് മൂത്രം വീഴ്ത്തി തിരിച്ച് കാറില്‍ കയറി പോവുന്നതാണ് നമ്മുടെ പൗരബോധം. എന്നാല്‍, മൂത്രവിസര്‍ജനം നടത്തിക്കഴിഞ്ഞാല്‍ സ്വന്തം ശരീരവും പരിസരങ്ങളും കഴുകി വൃത്തിയാക്കേണ്ടതുണ്ട് എന്ന ശുചിത്വപാഠം പഠിക്കുകയും പ്രയോഗത്തില്‍ കൊണ്ടുവരുകയും ചെയ്താല്‍ പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിച്ച് മലിനമാക്കുന്ന പതിവ് ഇല്ലാതാക്കാനാവും. ഇക്കാര്യത്തിലെങ്കിലും മുസ്‌ലിം മാതൃക സമൂഹത്തിന്റെ പൊതുനന്മയ്ക്ക് ഉപകരിക്കും. സ്വച്ഛ് ഭാരത് എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ പൊതുബോധത്തില്‍ മൗലികമായ മാറ്റം വരുത്തുകയാണ് ആദ്യം വേണ്ടത്. ശുചിമുറികളുണ്ടാക്കാന്‍ പണം എവിടെനിന്നു കണ്ടെത്തും എന്നൊക്കെയുള്ള സംഗതികള്‍ പിന്നെയേ വരുന്നുള്ളൂ.
Next Story

RELATED STORIES

Share it