പൊതുസ്ഥലങ്ങളിലെ പുകവലി; പോലിസ് നടപടി ശക്തമാക്കി

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരായ നടപടി കേരള പോലിസ് ശക്തമാക്കി. ഇക്കഴിഞ്ഞ ജൂലൈ മുതലുള്ള മൂന്നു മാസങ്ങളില്‍ 47,282 പേര്‍ക്കെതിരേ ഇന്ത്യന്‍ പുകയില നിയന്ത്രണ നിയമം (കോട്പ 2003) പ്രകാരം പിഴചുമത്തി. പോലിസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച റിപോര്‍ട്ടനുസരിച്ച് മുന്‍വര്‍ഷത്തെ സമാന കാലയളവിനെക്കാള്‍ 85 ശതമാനം വര്‍ധനയാണ് പിഴയടക്കേണ്ടവരുടെ എണ്ണത്തില്‍ ഉണ്ടായത്.
പൊതുജനാരോഗ്യം മുന്‍നിര്‍ത്തി പൊതുസ്ഥലങ്ങളിലെ പുകവലിക്കാരെ കെണിയിലാക്കാന്‍ 56,000ത്തിലധികം പോലിസുകാരാണ് നിതാന്ത ജാഗ്രതയോടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. 2012 ഒക്ടോബര്‍ മുതല്‍ കോട്പ നിയമലംഘനം ഓണ്‍ലൈനായി റിപോര്‍ട്ട് ചെയ്യാനുള്ള നടപടി സ്വീകരിച്ചതിനു ശേഷം ഇതാദ്യമായാണ് നിയമലംഘകരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
നിയമപാലന സൗകര്യാര്‍ഥം 14 റവന്യു ജില്ലകളെ 20 പോലിസ് ജില്ലകളായി തിരിച്ചിരിക്കുന്നതില്‍ 17 ജില്ലകളിലാണ് സപ്തംബറില്‍ പൊതുസ്ഥലങ്ങളിലെ പുകവലിക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തിരുവനന്തപുരം സിറ്റി, പത്തനംതിട്ട, എറണാകുളം സിറ്റി, തൃശൂര്‍ സിറ്റി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് കഴിഞ്ഞവര്‍ഷം ജൂലൈ-സപ്തംബര്‍ മാസങ്ങളിലേതിനെക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി കേസുകള്‍ കണ്ടെത്താനായത്. മലപ്പുറത്ത് കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെക്കാള്‍ പിഴ അടക്കേണ്ടവരുടെ എണ്ണം 52ല്‍നിന്നും 5,726 ആയി. 503ല്‍നിന്നും ഒമ്പതു മടങ്ങിലധികം വര്‍ധിച്ച് 4,619 കേസുകളാണ് പാലക്കാട് രജിസ്റ്റര്‍ ചെയ്തത്. പൊതുജനാരോഗ്യ സംരക്ഷണത്തെ അതീവ പ്രാധാന്യത്തോടെയാണ് കേരള പോലിസ് കണക്കാക്കുന്നതെന്ന് സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാര്‍ പറഞ്ഞു. ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് പരോക്ഷ പുകവലി സൃഷ്ടിക്കുന്നത്. അതിനാല്‍, പുകവലിക്കാത്തവരെ ഇതിന്റെ ഇരകളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോട്പ നിയമലംഘനത്തിനെതിരേ എടുക്കുന്ന നടപടികള്‍ പ്രതിമാസമുള്ള കുറ്റകൃത്യ അവലോകന യോഗത്തില്‍ വിശകലനം ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014 മെയ് 30 മുതല്‍ കേരളാ പോലിസ് ആരംഭിച്ച 'ക്ലീന്‍ ക്യാംപസ് സേഫ് ക്യാംപസ്' പദ്ധതിയും പുകവലി നിയന്ത്രിക്കാനുള്ള നടപടികള്‍ ശക്തമാക്കാനും പുകയില നിയന്ത്രണത്തിനും സഹായകമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it