പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടരുത്; ചീഫ് ജസ്റ്റിസിന് വിദ്യാര്‍ഥികളുടെ കത്ത്

കൊച്ചി: പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്നതിനെതിരേ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ച 10,000 കത്തുകള്‍ പൊതുതാല്‍പര്യ ഹരജിയായി പരിഗണിക്കണമെന്ന് വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദലിത് ആദിവാസി മല്‍സ്യബന്ധന സമൂഹങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന ജനമുന്നേറ്റത്തിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ 10 ജില്ലകളില്‍ നിന്നുളള വിദ്യാര്‍ഥികള്‍ ചീഫ് ജസ്റ്റിസിനു കത്തയച്ചത്.
സംസ്ഥാനത്തെ 5412 പൊതുവിദ്യാലയങ്ങള്‍ ലാഭകരമല്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവയില്‍ പലതും അടച്ചുപൂട്ടാനുള്ള തീരുമാനം പൊതു വിദ്യാലയങ്ങളെ മാത്രം ആശ്രയിച്ചു വിദ്യാഭ്യാസം നടത്തുന്ന പാര്‍ശ്വവല്‍കൃത സമൂഹത്തിലെ കുട്ടികള്‍ക്കു തിരിച്ചടിയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. പൊതു വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ഹൈക്കോടതി ഇടപെടണം. ആദിവാസികളായ കുട്ടികള്‍ പഠിക്കുന്ന അട്ടപ്പാടിയിലെ സ്‌കൂളുകളുടെ സ്ഥിതി അതീവ ശോചനീയമാണ്. കിലോമീറ്ററുകള്‍ നടന്നാണ് കുട്ടികള്‍ സ്‌കൂളില്‍ പോവുന്നത്. ആദിവാസികളുടെ ഭാഷയറിയുന്ന അധ്യാപകരില്ലാത്തതിനാല്‍ കുട്ടികള്‍ കഷ്ടപ്പെടുകയാണ്. പഠിപ്പിക്കുന്നതെന്താണെന്ന് കുട്ടികള്‍ക്കു മനസ്സിലാവുന്നില്ല. ഇതു കുട്ടികളുടെ കൊഴിഞ്ഞുപോക്കിനു കാരണമാവുന്നു. പല സര്‍ക്കാര്‍ സ്‌കൂളിലും കുട്ടികള്‍ക്ക് പ്രാഥമിക ആവശ്യം നിര്‍വഹിക്കാനുള്ള സൗകര്യം ഇല്ലാത്ത സ്ഥിതിയുണ്ട്. സര്‍ക്കാര്‍ ഇതെല്ലാം കണ്ടില്ലെന്നു നടിക്കുകയണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
അയന എസ് ബിജു, യു എസ് അഹല്യ, യദു കൃഷ്ണന്‍, കെ എസ് വിശാല്‍, പൊന്മണി, ജനമുന്നേറ്റം കോ-ഓഡിനേറ്റര്‍ രഘു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it