Editorial

പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ ഇതോ വഴി?

കോഴിക്കോട് നഗരത്തിലെ മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരേ നാട്ടുകാര്‍ സമരത്തിലാണ്. സ്‌കൂള്‍ പൂട്ടി താക്കോല്‍ മാനേജരെ ഏല്‍പിക്കണമെന്ന് ഹൈക്കോടതി എഇഒക്ക് ഉത്തരവു നല്‍കിയിരിക്കുന്നു. ഒരു കാരണവശാലും സ്‌കൂള്‍ പൂട്ടാനനുവദിക്കുകയില്ലെന്നു നാട്ടുകാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെയും വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥിന്റെയും സ്ഥലം എംഎല്‍എ പ്രദീപ് കുമാറിന്റെയും നാട്ടിലുള്ള സകല രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സാംസ്‌കാരികസംഘടനകളുടെയും മാധ്യമങ്ങളുടെയുമെല്ലാം പിന്തുണ സമരക്കാര്‍ക്കുണ്ട്. സ്‌കൂള്‍ പൂട്ടുകയില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ചോദ്യം- സ്‌കൂള്‍ തുറന്നു സുഗമമായി പ്രവൃത്തിക്കുമോ?
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോഴാണ് കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് ബോധ്യമാവുക. തുറന്നാല്‍ തന്നെ പഠിക്കാന്‍ സ്‌കൂളില്‍ എത്ര കുട്ടികളുണ്ടാവും? ഏറിയാല്‍ ഇരുപതോ മുപ്പതോ പേര്‍. അവരില്‍ തന്നെ കുറേപേര്‍ എണ്ണം തികയ്ക്കാന്‍ വേണ്ടി പിടിച്ചുകൊണ്ടുവന്നവര്‍. ഇവരെയും വച്ച് എങ്ങനെയാണ് സ്‌കൂള്‍ മുന്നോട്ടുപോവുക? കേരളത്തിലെ ഒരുപാട് എയ്ഡഡ്-സര്‍ക്കാര്‍ സ്‌കൂളുകളുടെ സ്ഥിതി ഇതാണ്. പഠിക്കാന്‍ കുട്ടികളില്ല. പരിസരപ്രദേശങ്ങളിലെ കുട്ടികള്‍ കൊട്ടും ഘോഷവുമായി കൂണുകള്‍പോലെ മുളച്ചുപൊന്തുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു കുടിയൊഴിച്ചുപോയി. മലാപ്പറമ്പിലെയും സ്ഥിതി മറിച്ചല്ല. സ്‌കൂള്‍ പൂട്ടിപ്പോയാല്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ വിദ്യാഭ്യാസസ്ഥാപനമുണ്ടാവില്ലെന്ന് സമരക്കാര്‍ പറയുന്നു. ഏതു കുട്ടികള്‍ക്ക്? ഒരുമാതിരിപ്പെട്ടവരൊക്കെ അടുത്തുള്ള ഇംഗ്ലീഷ് മീഡിയം വരേണ്യ സ്‌കൂളുകളിലേക്കു പോയിക്കഴിഞ്ഞു. സമൂഹത്തിന്റെ അടിത്തട്ടിലുള്ള ഏതാനും കുട്ടികള്‍ക്കുവേണ്ടിയോ ഇങ്ങനെയൊരു സ്ഥാപനം?
പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനുള്ള സമരമാണിതെന്ന് പ്രക്ഷോഭം നടത്തുന്നവര്‍ അവകാശപ്പെടുന്നു. നല്ലത്. എന്നാല്‍, മുദ്രാവാക്യം വിളിച്ചു സംരക്ഷിക്കാവുന്ന ഒന്നല്ല പൊതുവിദ്യാഭ്യാസം. കൃത്യമായ ആസൂത്രണവും ജനങ്ങള്‍ക്കിടയില്‍ പൊതുവിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യവും അതിന് ആവശ്യമാണ്. ഇവിടെ അതു രണ്ടുമില്ല. സാധാരണ സ്‌കൂളുകളില്‍ സ്വന്തം കുട്ടികളെ അയച്ചു പഠിപ്പിക്കാതെ, പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന വായ്ത്താരി മുഴക്കുന്ന സാമാന്യബോധത്തിന് ഇക്കാര്യത്തില്‍ യാതൊന്നും ചെയ്യാനാവുകയില്ല. പഠിക്കാന്‍ കുട്ടികളില്ലാതെ പഠിപ്പിക്കാന്‍ അധ്യാപകരെയും മാത്രം വച്ച്, മുന്നോട്ടുപോവുന്ന ഒരുപാട് വിദ്യാലയങ്ങളുണ്ട് നാട്ടില്‍. ഈ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനും സ്‌കൂളുകളുടെ നിത്യനിദാനച്ചെലവുകള്‍ക്കും വേണ്ടി കോടികളാണ് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പാഴാക്കുന്നത്. മാനേജര്‍ക്കാണെങ്കില്‍ റേഷന്‍ വാങ്ങാനുള്ള വക വരെ സര്‍ക്കാര്‍ നല്‍കില്ല. ഇതിന്റെയൊക്കെ കണക്കെടുത്താല്‍ പൊതുവിദ്യാഭ്യാസത്തിന്റെ മരണമണി മുഴങ്ങുന്നതെങ്ങനെയാണെന്നു മനസ്സിലാവും.
ഒരു ചോദ്യം കൂടി: മലാപ്പറമ്പിലെ പ്രക്ഷോഭകാരികളിലും അവരെ പിന്തുണയ്ക്കുന്ന മന്ത്രിമാരിലും എംഎല്‍എമാരിലും എത്രപേരുണ്ട് തങ്ങളുടെ മക്കളെയും കൊച്ചുമക്കളെയും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലയച്ചു പഠിപ്പിക്കുന്നവര്‍?
Next Story

RELATED STORIES

Share it