Alappuzha local

പൊതുമുതല്‍ വീതംവച്ചെടുക്കുന്ന രാഷ്ട്രീയം അവസാനിപ്പിക്കും: എസ്ഡിപിഐ

പഴകുളം: രാജ്യത്തിന്റെ പൊതുമുതല്‍ പങ്കിട്ടെടുക്കുന്ന രാഷ്ട്രീയം അവസാനിപ്പിക്കുക തന്നെ ചെയ്യുമെന്ന് എസ്ഡിപിഐ ദേശീയ നിര്‍വാഹക സമിതിയംഗം നാസറുദ്ദീന്‍ എളമരം പ്രസ്താവിച്ചു. പഴകുളത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നും വിജയിച്ചവര്‍ക്കായി എസ്ഡിപിഐ അടൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പുകളില്‍ പരസ്പരം മല്‍സരിക്കുകയും കടിച്ചു കീറുകയും ചെയ്യുന്ന സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തിലെത്തിയാല്‍ പൊതുമുതല്‍ വീതം വക്കുന്നതിനും കക്കാനും ഒന്നിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വിഹിതംപോലും ഇവര്‍ കരാറുകാരുമായി ചേര്‍ന്ന് വലിയൊരളവില്‍ പങ്കിട്ടെടുക്കുകയാണ്. അതിനാല്‍ തന്നെ 40 ശതമാനം വിഹിതം പോലും പ്രവൃത്തികള്‍ക്ക് ലഭിക്കാറില്ല. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 49 വാര്‍ഡുകളിലെങ്കിലും ഈക്കുറി അനുവദിക്കുന്ന പണം പൂര്‍ണ തോതില്‍ വിനിയോഗിക്കും. അത് സംസ്ഥാനത്ത് മറ്റ് ജനപ്രതിനിധികള്‍ക്ക് മാതൃകയായവുകയും ചെയ്യും.
കൊടുത്തും വാങ്ങിയും ശീലമുള്ളവര്‍ എസ്ഡിപിഐ പണം നല്‍കിയും ഭീഷണിപ്പെടുത്തിയും മല്‍സര രംഗത്ത് നിന്ന് പിന്തിരിപ്പിക്കാന്‍ ജില്ലയിലും ശ്രമിച്ചു. എന്നാല്‍ വോട്ടിന് വേണ്ടിയും അധികാര സ്ഥാനങ്ങള്‍ക്ക് വേണ്ടിയും നിലപാടുകളില്‍ എസ്ഡിപിഐ വിട്ടുവീഴ്ചക്ക് തയ്യാറല്ല. മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ അതി ശക്തമായ മുന്നേറ്റം രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അത് സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ അടിത്തറതന്നെ ഇളക്കുന്ന തരത്തിലായി. കഴിഞ്ഞ ആറ് വര്‍ഷത്തെ എസ്ഡിപിഐ വളര്‍ച്ച കേരളത്തിന്റെ രാഷ്ട്രീയ ഗതിതന്നെ മാറ്റുന്നതരത്തിലാണെന്നും നസ്സറുദ്ദീന്‍ എളമരം കൂട്ടിച്ചേര്‍ത്തു.
അടൂര്‍ മണ്ഡലം പ്രസിഡന്റ് അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ജനപ്രതിനിധികളെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ജ്യോതിഷ് പെരുമ്പുളിക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറി സജീവ് പഴകുളം, ജില്ലാ വൈസ് പ്രസിഡന്റ് അമ്പനാട് മോഹനന്‍, ഷാനവാസ് പന്തളം, ജില്ലാ കമ്മിറ്റി അംഗം നൗഷാദ് പഴകുളം, മണ്ഡലം സെക്രട്ടറി ശറഫുദ്ദീന്‍ മേട്ടുപ്രം, പോപുലര്‍ ഫ്രണ്ട് പഴകുളം യൂനിറ്റ് പ്രസിഡന്റ് ഷാജു പഴകുളം, എന്‍ഡബ്യൂഎഫ് ജില്ലാ സെക്രട്ടറി മുനീറാ മാഹിന്‍, ഷുഹൈബ് പഴകുളം സംസാരിച്ചു. എസ്ഡിപിഐ പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ വല്‍സല, തിരുവല്ല നഗരസഭ കൗണ്‍സിലര്‍ നിസാമുദ്ദീന്‍, പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് അംഗം ഷാജി അയത്തിക്കോണില്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കുന്നത്. സ്വീകരണ സമ്മേളനത്തിന് മുന്നോടിയായി പഴകുളം പടിഞ്ഞാറ് പ്ലാംവിള ജങ്ഷനില്‍ നിന്ന് സ്വീകരണ ബഹുജന റാലി മേട്ടുപ്രം ജങ്ഷന്‍, പഴകുളം മസ്ജിദ് നഗര്‍ വഴി പഴകുളം ജങ്ഷനില്‍ സമാപിച്ചു.
Next Story

RELATED STORIES

Share it