wayanad local

പൊതുമരാമത്ത് ഭൂമി കൈയേറി റോഡ് നിര്‍മാണം; അധികൃതര്‍ക്ക് നിസ്സംഗത 

മാനന്തവാടി: പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കൈയേറി വ്യാവസായികാവശ്യത്തിനായി റോഡ് നിര്‍മിച്ച സംഭവത്തില്‍ അധികൃതര്‍ക്ക് നിസ്സംഗത. തൊണ്ടര്‍നാട് കോറോത്ത് സ്വകാര്യ വ്യക്തിയുടെ ക്രഷറലേക്കാണ് ആദ്യം നടവഴിയും പിന്നീട് ടാറിങ് റോഡ് നിര്‍മാണവും ഇപ്പോള്‍ വീണ്ടും വിപുലീകരണ ശ്രമവും നടന്നത്.
ബ്രിട്ടീഷുകാര്‍ വിശ്രമത്തിനായി നിര്‍മിച്ച റസ്റ്റ്ഹൗസും ഇതിനോടനുബന്ധിച്ച സ്ഥലവും പിന്നീട് പിഡബ്ല്യുഡിയുടെ കീഴിലായി. റസ്റ്റ്ഹൗസിലേക്ക് പക്രംതളം റോഡില്‍ നിന്നും 50 മീറ്ററോളം ദൂരം റോഡ് നിര്‍മിച്ചതും പിഡബ്ല്യുഡിയാണ്.
1995ല്‍ ഈ സ്ഥലത്തിനപ്പുറത്തെ മലയോട് ചേര്‍ന്നാണ് പാറഖനനം തുടങ്ങിയത്. അതുവരെ റസ്റ്റ്ഹൗസ് വരെ മാത്രമുണ്ടായിരുന്ന റോഡ് ഘട്ടംഘട്ടമായി ക്വാറിയുടമ വീതികൂട്ടിയെടുക്കുകയായിരുന്നു.
പിന്നീട് സോളിങും ടാറിങും നടത്തി. കേവലം മൂന്നോ നാലോ വീട്ടുകാര്‍ ഈയടുത്ത കാലത്താണ് പ്രദേശത്ത് താമസം തുടങ്ങിയത്. കരിങ്കല്‍ ക്വാറിയോടൊപ്പം ക്രഷര്‍ കൂടി പ്രവര്‍ത്തനമാരംഭിച്ചതോടെ റോഡ് പിന്നെയും വീതികൂട്ടി ടാര്‍ ചെയ്തു. ഒരു ഘട്ടത്തില്‍ സ്ഥലം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചുറ്റും കമ്പിവേലിയിടാന്‍ പിഡബ്ല്യുഡി ബില്‍ഡിങ് സെക്ഷനിലെ ഉദ്യോഗസ്ഥന്‍ ശ്രമം നടത്തിയെങ്കിലും ഇയാള്‍ക്ക് തീരുമാനം നടപ്പാക്കും മുമ്പേ സ്ഥലം മാറിപ്പോവേണ്ടിവന്നു.
കരിങ്കല്‍ ക്വാറിയും ക്രഷറും പ്രദേശവാസികള്‍ക്ക് ദുരിതമായതിനിടെയാണ് ടാര്‍ മിക്‌സിങ് പ്ലാന്റും ക്വാറിയുടമ ഇവിടെ നിര്‍മിക്കാന്‍ ശ്രമം നടത്തിയത്.
ഇതിനായി കൊണ്ടുവന്ന യന്ത്രസാമഗ്രികള്‍ സ്ഥലത്തെത്തിക്കാന്‍ വീണ്ടും റോഡ് വീതികൂട്ടുകയുണ്ടായി.
ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പിഡബ്ല്യുഡിക്ക് പരാതി നല്‍കുകയും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി ഉന്നതാധികാരികള്‍ക്ക് നല്‍കാന്‍ റിപോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. പൂര്‍ണമായി പിഡബ്ല്യുഡി സ്ഥലം കൈയേറിയാണ് റോഡ് നിര്‍മിച്ചതെന്നാണ് റിപോര്‍ട്ടില്‍.
പിഡബ്ല്യുഡി സ്ഥലം സംരക്ഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ കഴിഞ്ഞ ഒരാഴ്ചയായി റോഡ് ഉപരോധിച്ചുവരികയാണ്.
Next Story

RELATED STORIES

Share it