പൊതുമനസ്സ് മതേതരത്വത്തോടൊപ്പം: ഇ ടി മുഹമ്മദ് ബഷീര്‍ എം.പി.

കാസര്‍കോട്:  രാജ്യത്തിന്റെ പൊതുമനസ്സ് മതേതരത്വത്തോടൊപ്പമാണെന്നും മതന്യൂനപക്ഷങ്ങള്‍ കൂടുതല്‍ പ്രതിബദ്ധതയുള്ളവരായി മാറണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. കാസര്‍കോട് ടൗണ്‍ ഹാളില്‍ ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍ (ക്യു.എല്‍.എസ്) 20ാം വാര്‍ഷിക സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വളര്‍ന്നു വരുന്ന വര്‍ഗീയ ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണം. ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ ബോധവല്‍ക്കരണം അനിവാര്യമാണെന്നും അതില്‍ മതവിശ്വാസികളുടെ ബാധ്യത വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഖുര്‍ആന്റെ അധ്യാപനങ്ങള്‍ മാനവര്‍ക്ക് എന്നും വെളിച്ചമാണെന്നും അത് ഇന്നും വഴിയറിയാത്തവര്‍ക്ക് വഴികാണിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് പ്രഫ. യു പി യഹ്‌യ ഖാന്‍ മദനി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, കേരള കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, ബി.ജെ.പി. ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകാന്ത്, എം വീരാപ്പു അന്‍സാരി, അബൂബക്കര്‍ സിദ്ദീഖ് മാക്കോട് സംസാരിച്ചു. കെ. എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി എം സലാഹുദ്ദീന്‍ മദനി മുഖ്യപ്രഭാഷണം നടത്തി. എന്‍ എ നെല്ലിക്കുന്ന് എം. എല്‍.എ. സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. പി ബി അബ്ദുര്‍റസാഖ് എം.എല്‍.എ. റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് നല്‍കി.
Next Story

RELATED STORIES

Share it