പൊതുപ്രവര്‍ത്തകനെന്ന പരിഗണന ലഭിച്ചില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയെന്ന പരിഗണനയൊന്നും തനിക്കുവേണ്ടെന്നും ഒരു പൊതുപ്രവര്‍ത്തകനെന്ന പരിഗണന പ്രതിപക്ഷം നല്‍കിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഒരു പ്രതിയുടെ അപൂര്‍ണമായ മൊഴിയുടെ പിന്നാലെ പോയാല്‍ പ്രതിപക്ഷം നാണം കെടും. തനിക്കും സര്‍ക്കാരിനുമെതിരേ സരിത പറയുന്നതൊന്നും കാര്യമാക്കുന്നില്ല. പക്ഷേ, പ്രതിപക്ഷം നടത്തുന്ന നീക്കങ്ങള്‍ തികച്ചും വേദനാജനകമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സരിത പറയുന്ന കാര്യങ്ങളില്‍ സത്യമുണ്ടോയെന്ന് അന്വേഷിച്ചിട്ട് വേണമായിരുന്നു പ്രതിപക്ഷം ചാടിപ്പുറപ്പെടാന്‍. ആരെയും കുറ്റപ്പെടുത്തുന്നില്ല. 46 വര്‍ഷമായി സഭയിലുള്ളയാളാണ് താന്‍. പണ്ടൊക്കെ നിയമസഭയിലെ ബന്ധങ്ങള്‍ ഊഷ്മളമായിരുന്നു. ഇന്നിപ്പോള്‍ അന്ധമായ രാഷ്ട്രീയ കണ്ണിലൂടെയാണ് എല്ലാം കാണുന്നത്. ഏത് വടികിട്ടിയാലും അടിക്കാനാണ് ശ്രമം. യാഥാര്‍ഥ്യമറിയാതെ മുന്നോട്ടുപോയാല്‍ ഇതിനെല്ലാം തിരിച്ചടി കിട്ടും. സഭയില്‍ ഒച്ചവച്ചത് കൊണ്ട് സത്യം സത്യമല്ലാതാവുന്നില്ല. സോളാര്‍ കേസുമായി ബന്ധപ്പെട്ട് പോലിസ് ഒരുരേഖയും നശിപ്പിച്ചിട്ടില്ല. തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശത്തിനെതിരേ ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയത് വലിയ കുറ്റമായി കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരൊക്കെയാണ് കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി നില്‍ക്കുന്നതെന്ന് തങ്ങളെക്കൊണ്ട് പറയിപ്പിക്കേണ്ട. അതൊന്നും രാഷ്ട്രീയ പകപോക്കലിന് തങ്ങള്‍ ഉപയോഗിക്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുസര്‍ക്കാരിന്റെ കാലത്തും ഇവര്‍ ഇതേ തട്ടിപ്പുകള്‍ നടത്തിയിരുന്നു.ഈ സര്‍ക്കാരാണ് തട്ടിപ്പുകള്‍ കണ്ടെത്തിയതും കേസെടുത്തതും. അതിന്റെ പ്രതികാരം കേസില്‍ അകപ്പെട്ടവര്‍ക്കുണ്ടാവും. ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് കാരണവും അതുതന്നെയാണ്. തങ്ങള്‍ക്കെതിരേ ഉന്നയിക്കപ്പെടുന്ന ആക്ഷേപങ്ങള്‍ തിരിഞ്ഞുവരുമെന്ന് പ്രതിപക്ഷം ഓര്‍ക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it