Editorial

പൊതുജീവിതം സംശുദ്ധമാകാന്‍

സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സംസ്ഥാന മുഖ്യമന്ത്രിക്കെതിരേ തിരിഞ്ഞത് കേരളീയരെയാകെ ഞെട്ടിച്ച സംഭവമാണ്. അഞ്ചര കോടി രൂപ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നല്‍കിയെന്നു മാത്രമല്ല, അദ്ദേഹത്തിനെതിരേ ലൈംഗിക ആരോപണവും സോളാര്‍ കമ്മീഷന്‍ മുമ്പാകെ നല്‍കിയ മൊഴിയില്‍ ഉന്നയിക്കുകയുണ്ടായി. അതേത്തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരിക്കുകയാണ്.
എന്നാല്‍, അപമാനിച്ചും ഭീഷണിപ്പെടുത്തിയും തന്നെ ഇറക്കിവിടാമെന്നു കരുേതണ്ടെന്ന് ഉമ്മന്‍ചാണ്ടി നിലപാടെടുത്തിരിക്കുകയാണ്. നീതി നടപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച തന്നെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമമാണ് സ്വന്തം ഭാര്യയുടെ കൊലപാതകവും തട്ടിപ്പുകളും ഉള്‍പ്പെടെ 58 കേസുകളില്‍ പ്രതിയായ ബിജു രാധാകൃഷ്ണന്‍ നടത്തിയിരിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഭീഷണികള്‍ക്കു വഴങ്ങാന്‍ താന്‍ തയ്യാറല്ല. മനസ്സാക്ഷിക്കു വിരുദ്ധമായ യാതൊന്നും താന്‍ ഈ വിഷയത്തില്‍ നടത്തിയിട്ടില്ലെന്നും സഭയില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി പറയുന്നു.
സോളാര്‍ കേസിന്റെ ചരിത്രവും അതില്‍ ബന്ധപ്പെട്ട വിവിധ കക്ഷികളുടെ താല്‍പര്യങ്ങളും പരിശോധിച്ചുനോക്കിയാല്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി തങ്ങളുടെ കാര്യങ്ങള്‍ നേടിയെടുക്കാനുള്ള ദുരുപദിഷ്ടമായ ഒരു നീക്കം സമീപകാല സംഭവങ്ങളില്‍ ഉണ്ടെന്നുതന്നെ കരുതേണ്ടിവരും. തട്ടിപ്പ് നടത്താനായി രാഷ്ട്രീയക്കാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും സഹായത്തോടെ വിപുലമായ പദ്ധതികളാണ് ബന്ധപ്പെട്ടവര്‍ ആവിഷ്‌കരിച്ചത്. സോളാര്‍ വൈദ്യുതി നിര്‍മാണം പോലുള്ള പുതിയ സാങ്കേതികവിദ്യകളുടെ പേരില്‍ നടത്തിയ തട്ടിപ്പില്‍ ധാരാളം പേര്‍ ഇരയായി. പുതിയ സംരംഭങ്ങളെ സഹായിക്കുകയെന്ന സദുദ്ദേശ്യത്തോടെ ഇതിനൊക്കെ പ്രോത്സാഹനം നല്‍കിയ പലരും വഞ്ചിക്കപ്പെടുകയായിരുന്നുവെന്നു തിരിച്ചറിഞ്ഞത് പിന്നീടാണ്.
തീര്‍ച്ചയായും ഇത്തരത്തിലുള്ള സദുദ്ദേശ്യപരമായ സമീപനം തന്നെയാവണം സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്കു വിനയാകാന്‍ ഇടയായ അവസ്ഥയുണ്ടാക്കിയതും. തുടക്കം മുതല്‍ ഈ സംഭവങ്ങളില്‍ അദ്ദേഹത്തിന്റെ ഓഫിസിലെ ചിലര്‍ ചരടുവലിക്കുകയുണ്ടായെന്നു തീര്‍ച്ചയാണ്. മുഖ്യമന്ത്രിയുടെ സഹായികളെന്ന വ്യാജേന അദ്ദേഹത്തിന്റെ ഓഫിസ് തങ്ങളുടെ തട്ടിപ്പിനു വേദിയാക്കിമാറ്റാന്‍ ഒരു സംഘം കരുനീക്കങ്ങള്‍ നടത്തി. ഇത് വൈകിയാണ് മുഖ്യമന്ത്രി തിരിച്ചറിഞ്ഞതെന്നു തീര്‍ച്ച.
ഇത്തരത്തിലുള്ള പിഴവുകള്‍ ഗുരുതരം തന്നെയാണ്. സ്വന്തം സ്റ്റാഫില്‍ പോലും തട്ടിപ്പുകാരായ ആളുകള്‍ കടന്നുകൂടിയതിനു മുഖ്യമന്ത്രി ആരെയാണ് പഴിക്കുക? തീര്‍ച്ചയായും അത്തരം പിഴവുകള്‍ മുഖ്യമന്ത്രിക്കു പറ്റിയിട്ടുണ്ട്. പക്ഷേ, അതിനര്‍ഥം അദ്ദേഹം ഈ കാര്യങ്ങളില്‍ ഏതെങ്കിലും വിധത്തില്‍ കളങ്കിതനാണ് എന്നല്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുത്ത് വസ്തുതകള്‍ പുറത്തുവരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാനാണ് സമൂഹം തയ്യാറാകേണ്ടത്. സോളാര്‍ കമ്മീഷന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ അതിനു സഹായകമാവുമെന്നു പ്രതീക്ഷിക്കുക.
Next Story

RELATED STORIES

Share it