പൊതുജനം യജമാനന്‍മാരെന്ന തോന്നല്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടാവണം: വിഎസ്

മലപ്പുറം: പൊതുജനങ്ങളാണ് തങ്ങളുടെ യജമാനന്‍മാരെന്ന തോന്നല്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടാവണമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ അഴിമതി രഹിതമായ പ്രവര്‍ത്തനം നടത്തണമെന്നും വി എസ് അച്യുതാനന്ദന്‍. എന്‍ജിഒ യൂനിയന്‍ സംസ്ഥാന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃത്യസമയത്ത് ജോലിക്ക് ഹാജരാവുകയും ജോലി ശരിയായ രീതിയില്‍ നിര്‍വഹിക്കുകയും വേണം. എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതിരഹിതമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുമ്പോള്‍ സിവില്‍ സര്‍വീസും അഴിമതിയില്‍ നിന്ന് മുക്തമാവണം. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ നന്‍മതിന്‍മകള്‍ ജനങ്ങള്‍ക്ക് അറിയാന്‍ കഴിയുന്നത് ഉദ്യോഗസ്ഥരിലൂടെയായതിനാല്‍ സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ പ്രതിജ്ഞാബദ്ധരാണ്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ തയ്യാറാവണം. ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പുനപ്പരിശോധിക്കണമെന്ന ആവശ്യത്തോട് അനുകൂല നിലപാടുണ്ടാവും. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന ആശങ്കകള്‍ വസ്തുതാപരമാണെന്ന് തെളിയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി ലോകമാകെ ചുറ്റിക്കറങ്ങി സമയം കളയുകയാണ്. മുസ്‌ലിംകളും ക്രിസ്ത്യാനികളുമുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നത് - അദ്ദേഹം പറഞ്ഞു.  ഇന്ന്  രാവിലെ 11ന് “ജനപക്ഷ സിവില്‍ സര്‍വ്വീസ് - സമീപനവും പ്രയോഗവും’ എന്ന വസെമിനാര്‍ മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സുഹൃദ് സമ്മേളനം വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യും. 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ടീസ്ത സെറ്റല്‍വാദ് ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it