kozhikode local

പൊക്കുന്ന് ഫഌറ്റ് വിരുദ്ധ സമരം; സമരക്കാര്‍ക്കു നേരെ ലോറി ഇടിച്ചു കയറ്റാന്‍ ശ്രമം

പൊക്കുന്ന്: പൊക്കുന്നില്‍ കെടിസി-പിവിഎസ് ഗ്രൂപ്പ് ഫഌറ്റ് നിര്‍മാണത്തിനെതിരേ സമരം ചെയ്യുന്നവര്‍ക്കു നേരെ മണല്‍ ലോറി ഇടിച്ചു കയറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം. ഇന്നലെ വൈകീട്ട് 5.30ഓടെ ഫഌറ്റ് നിര്‍മാണ സ്ഥലത്തേക്ക് മണലുമായി വന്ന രണ്ടു ലോറികള്‍ ഫഌറ്റ് വിരുദ്ധ ആക്ഷന്‍ കമ്മിറ്റി സമരക്കാര്‍ക്കു നേരെ ഇടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സമരക്കാര്‍ ലോറി തടഞ്ഞുവെച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതിനിടെ കൗണ്‍സിലര്‍ കെ ടി ബീരാന്‍കോയക്ക് കൈയ്ക്ക് പരിക്കേറ്റു.
ലോറി ഡ്രൈവര്‍മാരും ഫഌറ്റ് നിര്‍മാണ ഏജന്റും ഒരു ജീപ്പില്‍ സ്ഥലത്തെത്തിയ കെടിസി ഗ്രൂപ്പിന്റെ ഗുണ്ടകളും ചേര്‍ന്ന് കൗണ്‍സിലറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം 20ഓളം സമരക്കാര്‍ സ്ഥലത്തുണ്ടായിരുന്നു. പിന്നീട് പോലിസെത്തി കേസെടുക്കാമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരക്കാര്‍ ലോറി വിട്ടുകൊടുത്തത്. ജനങ്ങളുടെ പരാതിയും വിവിധ വകുപ്പുകളുടെ നിര്‍ദേശങ്ങളും പരിഗണിക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുന്ന കെടിസി-പിവിഎസ് ഗ്രൂപ്പ് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ജനങ്ങളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയും ചെയ്യുകയാണെന്നു ഫഌറ്റ് വിരുദ്ധ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഇല്ലാത്ത സംഭവങ്ങള്‍ മെനഞ്ഞുണ്ടാക്കി പോലീസിനെയും കോടതിയെയും തെറ്റിദ്ധരിപ്പിച്ചാണ് ഫഌറ്റുടമകള്‍ ഹൈക്കോടതിയില്‍ നിന്ന് പോലീസ് സംരക്ഷണം നേടിയത്. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചു വിടുവാനാണ് ഇല്ലാത്ത അക്രമസംഭവങ്ങളുടെ കഥയുണ്ടാക്കി ഫഌറ്റുടമകളും ഉദ്യോഗസ്ഥരും നാടകം കളിക്കുന്നത്.ഒന്നര വര്‍ഷം മുമ്പ് പണിതുടങ്ങിയ ഫഌറ്റിന്റെ സമീപപ്രദേശങ്ങളില്‍ കഴിയുന്നവര്‍ കുടിവെള്ളമടക്കമുള്ള പ്രശ്‌നങ്ങള്‍ നേരിടാന്‍ തുടങ്ങിയതോടെയാണ് ജനങ്ങള്‍ സമരം തുടങ്ങിയത്. നാല് സെന്റിലും അഞ്ച് സെന്റിലും താമസിക്കുന്ന കുടുംബങ്ങളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വിതയ്ക്കാനുള്ള ഫഌറ്റുടമകളുടെ നീക്കങ്ങള്‍ എന്തുവിലകൊടുത്തും നേരിടുമെന്ന് ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
ആക്ഷന്‍ കമ്മിറ്റി, മുസ്‌ലിംലീഗ്, സി.പി.എം, കോണ്‍ഗ്രസ്, മുസ്‌ലിം യൂത്ത് ലീഗ്, ഡിവൈഎഫ്‌ഐ, എസ്ഡിപി.ഐ, സോളിഡാരിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി, റെസിഡന്‍സ് അസോസിയേഷന്‍, യൂത്ത് കോണ്‍ഗ്രസ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ സി കെ മുഹമ്മദ്‌കോയ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കെ ടി ബീരാന്‍കോയ, സെക്കീര്‍, ടി അഷറഫ്, മേച്ചേരി ബാബു, സെമീര്‍, എ.കെ നൂറുദ്ദീന്‍, ജ്യോതി, ജയ്‌സല്‍, സജിത്ത്, ആലി എടരിക്കല്‍, ആലി.പി, പി എം നാസര്‍, പി സി ജറാസ്, ശിഹാബ് പൊക്കുന്ന് സംസാരിച്ചു.
Next Story

RELATED STORIES

Share it