thrissur local

പൊക്കത്തിനേക്കാള്‍ വളര്‍ന്ന നന്മ; ഷിബുവിന്റെ വിവാഹം ആതുരസേവനത്തിനും വേദിയാവും

ചാലക്കുടി: പൊക്കത്തിനൊപ്പം മനസ്സിലെ നന്മയും വളര്‍ന്ന് വലുതായ തുമ്പൂര്‍ ഷിബുവിന്റെ വിവാഹദിനം ആതുരസേവനത്തിന്റെകൂടി വേദിയാവും. 27ന് വൈകീട്ട് 4നാണ് തുമ്പൂര്‍ ഷിബുവെന്ന ആറടി ആറിഞ്ചുകാരന്‍ കടുപ്പശേരി സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ വച്ച് തിരുവനന്തപുരം സ്വദേശിനി അഞ്ചുവിന്റെ കഴുത്തില്‍ മിന്ന് കെട്ടുന്നത്. വിവാഹത്തിനുശേഷം തുമ്പൂര്‍ ജങ്ഷനില്‍ പൗരാവലി സംഘടിപ്പിക്കുന്ന സ്വീകരണ ചടങ്ങില്‍ വച്ച് ഷിബു സഹായങ്ങള്‍ വിതരണം ചെയ്യും.
കേരളത്തിലെ ഏറ്റവും വലിയ ഉയരക്കാരന്‍ പാവര്‍ട്ടി കമറുദ്ദീന്റെ പെണ്‍മക്കള്‍ക്കുള്ള വിവാഹധനസഹായമാണ് അദ്യം നല്‍കുക. ഒരു ലക്ഷം രൂപ വീതമുള്ള വിവാഹധന സഹായത്തിനുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ 25000രൂപ യുടെ ആദ്യഘട്ട വിതരണം അന്നേദിവസം നല്‍കും. തുമ്പൂര്‍ പ്രദേശത്തെ നിര്‍ധനരായ 50കുടുംബങ്ങള്‍ക്കുള്ള അരിയടങ്ങിയ കിറ്റ് വിതരണവും ഷിബു നിര്‍വഹിക്കും.
ഷിബുവിന്റെ നേതൃത്വത്തിലുള്ള സന്മനസ്സ് ഗ്രൂപ്പ് എല്ലാം മാസവും ഒരു നിശ്ചിത തുക ഇത്തരം ആവശ്യങ്ങള്‍ക്കായി നീക്കിവെക്കും. ചെറുപ്പത്തില്‍ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളും ദുരിതങ്ങളുമാണ് ഷിബുവിന് ഇത്തരത്തിലുള്ള ധനസഹായ വിതരണത്തിന് പ്രേരണയായത്. ഷിബുവിന്റെ പൊക്കത്തിനൊപ്പം തന്നെ മനസ്സും വലുതായി. ഈ ഉയര്‍ച്ച നിര്‍ധനരായ നിരവധി പേര്‍ക്ക് ആശ്വാസവും സഹായവുമായി. ആറടി അഞ്ചിഞ്ചില്‍ കൂടുതല്‍ പൊക്കമുള്ള 300ല്‍പരം പേരുടെ സംഗമം കൂടിയാകും വിവാഹദിനം. അറടി മൂന്നിഞ്ച് ഉയരമുള്ള കേരളത്തിലെ ഉയരം കൂടിയ വനിത അഡ്വ.വൈക്കം കവിതയും തുമ്പൂരിലെത്തും.
വര്‍ണശഭളമായ പരിപാടികളാണ് നാട്ടുകാര്‍ ഒരുക്കുന്നത്. പള്ളിയില്‍ നിന്നും ഘോഷയാത്രയുടെ അകമ്പടിയോടെ തേരിലായിരിക്കും ദമ്പതിമാരെ തുമ്പൂര്‍ ജങ്ഷനിലേക്ക് ആനയിക്കുക. ആയിരം പേര്‍ക്കുള്ള സദ്യയും തയാറാക്കും. ഷിബുവിനുള്ള വിവാഹ വസ്ത്രം പ്രശസ്ത സൂട്ട് മേക്കര്‍ പറവൂര്‍ പ്രവീണാണ് തുന്നുന്നത്.
16ഇഞ്ച് നീളത്തിലുള്ള പ്രത്യേക വിവാഹഷൂസും തയ്യാറാക്കി. കാഞ്ഞാണി മോഹനനാണ് ഷിബുവിന്റെ വിവാഹ ഷൂസ് നിര്‍മിച്ചിരിക്കുന്നത്. ടൈറ്റാന്‍ കമ്പനിയില്‍ പ്രത്യേകം ഓര്‍ഡര്‍ ചെയ്ത ഭീമന്‍ വാച്ചും എത്തിക്കഴിഞ്ഞു. അത്ഭുതദീപ്, കബടി കബടി, ക്രെയ്‌സി ഗോപാലന്‍, ഗുലുമാല്, ആകാശയാത്ര ക്ലൈമാക്‌സ് എന്നീ ചലച്ചിത്രങ്ങളില്‍ ഷിബു വലുതും ചെറുതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്തുള്ളവരും വിവാഹത്തില്‍ പങ്കെടുക്കാനെത്തും.
Next Story

RELATED STORIES

Share it