kozhikode local

പൈലറ്റിന്റെ അനാസ്ഥ: യാത്രാക്കപ്പല്‍ മാറ്റിയില്ല; ബേപ്പൂര്‍ പോര്‍ട്ട് തൊഴിലാളികള്‍ പ്രതിഷേധിച്ചു

ബേപ്പൂര്‍: യാത്രാക്കപ്പല്‍ മാറ്റിയിടാത്തതിനെ തുടര്‍ന്ന് ബേപ്പൂര്‍ പോര്‍ട്ടില്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചു. ഇന്നലെ ഉച്ചയ്ക്ക് എത്തിയ ലക്ഷദ്വീപ് പാസഞ്ചര്‍ കപ്പല്‍ 'ചെറിയപാനി' ഹാര്‍ബറില്‍ അടുപ്പിച്ചതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. ചെറിയപാനി അടുപ്പിക്കുന്നതിനു വേണ്ടി പോര്‍ട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ഗോ കപ്പല്‍ അവിടെ നിന്നും മാറ്റിയിട്ടു. ആളുകളെ ഇറക്കിയ ശേഷം പോര്‍ട്ടില്‍ നിന്നും മാറ്റികൊടുക്കേണ്ട 'ചെറിയപാനി' കപ്പല്‍ മാറ്റിയിടാതെ പൈലറ്റായ ബാബു തൊഴിലാളികളുമായി തട്ടിക്കയറുകയായിരുന്നു.
പോര്‍ട്ട് ഓഫിസറും കപ്പല്‍ ഹാന്റ്‌ലിങ് കമ്പനിയായ പിയേഴ്‌സ് ലസ്‌ലി അധികൃതരും പറഞ്ഞെങ്കിലും പൈലറ്റ് കൂട്ടാക്കിയില്ല എന്നു മാത്രമല്ല പോര്‍ട്ടില്‍ നിന്നും പുറത്തുപോവുകയും ചെയ്തു. കാര്‍ഗോ കപ്പല്‍ ലോഡ് ചെയ്തുകൊണ്ടിരിക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കി. ഉച്ചയ്ക്കു ശേഷം ലോഡിങ് ജോലിക്കെത്തിയ തൊഴിലാളികള്‍ക്ക് വൈകീട്ട് വരെ വെറുതേ ഇരിക്കേണ്ടിവന്നതാണ് വാക്കേറ്റത്തിനു കാരണമായത്. പോര്‍ട്ട് ഓഫിസറും തൊഴിലാളികളും വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പൈലറ്റ് ഫോണ്‍ സ്വിച്ച് ഓഫാക്കുകയായിരുന്നു. ഇതിനിടെ വൈകീട്ട് നാലോടെ പോര്‍ട്ടില്‍ നിന്നും പോകേണ്ടിയിരുന്ന 'എം വി മിനിക്കോയ്' കപ്പല്‍ പൈലറ്റ് ചെയ്യാന്‍ വരേണ്ട ബാബു വരാതിരുന്നത് യാത്രക്കാരെയും ക്ഷുഭിതരാക്കി.
ഇതിനിടെ മിനിക്കോയ് പൈലറ്റ് ചെയ്യാന്‍ ബാബു വന്നാല്‍ തടയുമെന്ന് തൊഴിലാളികളും പറഞ്ഞു. പോര്‍ട്ട് ഓഫിസര്‍ ഇടപെട്ട് മുന്‍ ക്യാപ്റ്റന്‍ കെ കെ ഹരിദാസിനെ വരുത്തുകയും കപ്പലിനെ പുറംകടലിലേക്ക് പൈലറ്റു ചെയ്യുകയും ചെയ്തു.
പൈലറ്റ് ബാബുവിന്റെ മര്‍ക്കടമുഷ്ടി കാരണം 200ഓളം വരുന്ന പോര്‍ട്ട് തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് ശേഷം ജോലി ചെയ്യാന്‍ സാധിച്ചില്ല. ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബേപ്പൂര്‍ പോര്‍ട്ടിലേക്ക് എത്രയും പെട്ടെന്ന് ഒരു പൈലറ്റിനെ നിയമിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it