Pathanamthitta local

പൈപ്പ് പൊട്ടി റോഡില്‍ വെള്ളക്കെട്ട്;  കാവുംഭാഗം-മുത്തൂര്‍ റോഡില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുന്നു

തിരുവല്ല: പൈപ്പ് പൊട്ടല്‍ മൂലം തകര്‍ന്ന് തരിപ്പണമായ കാവുംഭാഗം-മുത്തൂര്‍ റോഡില്‍ വന്‍ഗതാഗത കുരുക്കും അപകടങ്ങളും പതിവാകുന്നു. മുത്തൂര്‍ ജങ്ഷന് സമീപവും മുത്തൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡിലും, മന്നംകരച്ചിറ കലുങ്കിനോട് ചേര്‍ന്നുളള ഭാഗത്തും പൈപ്പ് പൊട്ടല്‍ മൂലം റോഡില്‍ ഉടലെടുത്ത വെളളക്കെട്ടാണ് റോഡിന്റെ തകര്‍ച്ചയ്ക്കും ഗതാഗത പ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയിരിക്കുന്നത്.
പൊട്ടിയൊഴുകുന്ന പൈപ്പില്‍ നിന്നു പ്രതിദിനം ആയിരക്കണക്കിന് ലിറ്റര്‍ കുടിവെളളമാണ് പാഴായി പോകുന്നത്. മുത്തൂര്‍ ജങ്ഷന് സമീപം വെള്ളാമ്പളളി പടിയിലാണ് പൈപ്പ് പൊട്ടല്‍ മൂലം ഏറെ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്നത്. സമീപത്തെ ക്രൈസ്റ്റ് റോഡില്‍ പൊന്മലത്ത് പടിയില്‍ കഴിഞ്ഞ ദിവസം പൊട്ടിയ പൈപ്പില്‍ നിന്നുളള വെള്ളവും ഒഴുകിയെത്തുന്നത് മുത്തൂര്‍ റോഡിലെ വെളളയാമ്പളളി പടിയിലേക്കാണ്.
ഇതുകൂടിയയപ്പോള്‍ ഈ ഭാഗത്ത് കൂടി കടന്നുപോകുന്ന കാല്‍നട യാത്രികര്‍ മുട്ടോളം വെളളത്തില്‍ നടക്കേണ്ട അവസ്ഥയിലാണ്. ഏതാണ്ട് ഒരുവര്‍ഷം മുമ്പ് പൊട്ടിയ പൈപ്പില്‍ നിന്നും പുറത്തേക്കൊഴുകുന്ന വെള്ളം കെട്ടിക്കിടന്ന് റോഡിന്റെ നൂറ് മീറ്ററോളം ഭാഗം ഏറെക്കുറേ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. റോഡിലെ ടാറിങ് പൂര്‍ണമായും ഇളകി മാറി നിരവധി വന്‍ കുഴികളാണ് ഈ ഭാഗത്ത് രൂപപ്പെട്ടിരിക്കുന്നത്. ഇതില്‍ പതിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഇരുചക്ര വാഹന യാത്രികര്‍ അപകടത്തില്‍ പെടുന്നത് ഇവിടെ പതിവാണ്.
ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ അടക്കം നിരവധി യാത്രക്കാരാണ് റോഡിലെ വെള്ളക്കെട്ട് മൂലം ദുരിതം അനുഭവിക്കുന്നത്. പൈപ്പിന്റെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് കുമാര്‍ നിരവധി പരാതികള്‍ ജല അതോരിറ്റി അധികൃതര്‍ക്ക് നല്‍കിയെങ്കിലും ഇവയൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.
പൈപ്പുകള്‍ പൊട്ടിയൊഴുകുന്ന വിവരം അറിയിച്ചാല്‍ വേണ്ട നടപടി സ്വീകരിക്കുന്നതില്‍ അധികൃതര്‍ മനപ്പൂര്‍വമായ അലംഭാവം കാട്ടുകയാണെന്നും വാര്‍ഡ് കൗണ്‍സിലര്‍ പരാതി പറയുന്നു. ജലവിഭവ വകുപ്പ് മന്ത്രിയുടെ സ്വന്തം നാട്ടില്‍ പൊട്ടിയൊഴുകുന്ന പൈപ്പ് മൂലം അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it