Alappuzha local

പൈപ്പ്‌ലൈനില്‍ മാലിന്യം കലരുന്നത് പരിഹരിക്കാന്‍ നടപടിയാരംഭിച്ചു

ആലപ്പുഴ: നഗരസഭയിലെ എംഒ വാര്‍ഡ്, സ്‌റ്റേഡിയം, ഇരവുകാട്, വലിയമരം, സിവില്‍ സ്‌റ്റേഷന്‍ വാര്‍ഡുകളിലെ പ്രദേശങ്ങളില്‍ പൈപ്പ്‌ലൈനിലെ കുടിവെള്ളത്തില്‍ മാലിന്യം കലരുന്നതു പരിഹരിക്കാന്‍ നടപടികള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ കലക്ടര്‍ എന്‍ പത്മകുമാര്‍ പറഞ്ഞു.
നഗരത്തിലെ കുടിവെള്ള വിതരണ പ്രശ്‌നവുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ കൂടിയ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സംഭരണികളിലും വിതരണ കുഴലുകളിലും സൂപ്പര്‍ ക്ലോറിനേഷന്‍ ഉള്‍പ്പെടെ ശുദ്ധീകരണ പ്രവര്‍ത്തനം നടത്തിയതായി വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് കിഷോര്‍ബാബു യോഗത്തെ അറിയിച്ചു.
വാട്ടര്‍ അതോറിറ്റി മധ്യമേഖലാ ചീഫ് എന്‍ജിനീയര്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രശ്‌നം വിലയിരുത്തി. പ്രദേശത്ത് പരിശോധന നടത്തി ലൈനുകളിലെ ചോര്‍ച്ച അടയ്ക്കാനുള്ള നടപടി സ്വീകരിച്ചു. കുഴല്‍ കിണറുകളില്‍നിന്നും വിതരണശൃംഖലയില്‍നിന്നും വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് ലാബ് പരിശോധന നടത്തി പ്രശ്‌നമുള്ള സ്ഥലങ്ങള്‍ കണ്ടെത്തി.
ജനറല്‍ ആശുപത്രി- ഇരുമ്പുപാലം റോഡിലും ജനറല്‍ ആശുപത്രി- റെയില്‍വേ സ്‌റ്റേഷന്‍ റോഡിലും ഇവയുടെ ഉപറോഡുകളിലുമുള്ള പൈപ്പ് ലൈനുകളിലാണ് മാലിന്യം കലരുന്നതെന്നാണ് നിഗമനം. ലൈനില്‍ പുറത്തുനിന്ന് മാലിന്യം കലരുന്നതു കണ്ടെത്താനുള്ള നടപടി പുരോഗമിക്കുന്നു. ഇഎംഎസ് സ്‌റ്റേഡിയത്തിനു മുമ്പിലും വെള്ളക്കിണര്‍ ജങ്ഷനു കിഴക്കുവശത്തും ഗവ. ഗേള്‍സ് ഹൈസ്‌കൂളിന് പുറകിലും ജനറല്‍ ആശുപത്രിക്കു കിഴക്കുവശത്തും പൈപ്പ് ലൈന്‍ പരിശോധിച്ച് വരികയാണ്. ഈ പ്രദേശങ്ങളില്‍ പൈപ്പിലൂടെയെത്തുന്ന കുടിവെള്ളം ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി ഇവിടങ്ങളില്‍ രണ്ടു ടാങ്കറിലും മൂന്നു ലോറികളിലും വെള്ളം വിതരണം ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it