പേഴ്‌സനല്‍ സ്റ്റാഫിന്റെ ഫോണില്‍ നിന്ന്  മുഖ്യമന്ത്രി സരിതയോട് സംസാരിച്ചിട്ടില്ല

കൊച്ചി: പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ ഫോണില്‍ നിന്നു മുഖ്യമന്ത്രി സരിത നായരുമായി സംസാരിച്ചിട്ടില്ലെന്ന് പ്രത്യേകാന്വേഷണ സംഘത്തലവന്‍ ഇന്റലിജന്‍സ് എഡിജിപി എ ഹേമചന്ദ്രന്‍ സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കി.
സോളാര്‍ തട്ടിപ്പുമായി മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍, മറ്റ് മന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ക്കുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയിരുന്നില്ല. സോളാര്‍ വിഷയം സംബന്ധിച്ച് നിയമസഭയിലും പുറത്തുമുയര്‍ന്ന ആരോപണങ്ങളും പരാമര്‍ശങ്ങളും അന്വേഷിക്കാനുള്ള ചുമതല പ്രത്യേകാന്വേഷണ സംഘത്തിന് നിയമപരമായി നല്‍കിയിരുന്നില്ലെന്നും ഹേമചന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫിസ് സ്റ്റാഫായ ജിക്കുമോന്‍ ജോസഫ്, ടെന്നി ജോപ്പന്‍, ഗണ്‍മാനായിരുന്ന സലിംരാജ് എന്നിവര്‍ക്ക് തട്ടിപ്പ് കേസിലെ പ്രധാന പ്രതികളിലൊരാളായ സരിതയുമായി ബന്ധമുണ്ടായിരുന്നു. ഇവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പദവിക്ക് നിരക്കാത്ത രീതിയിലുള്ള അശ്ലീല സംഭാഷണങ്ങളാണ് സലിംരാജും ജിക്കുമോനും സരിതയുമായി നടത്തിയിരുന്നതെന്ന് ബോധ്യമായി. പക്ഷേ സോളാര്‍ തട്ടിപ്പുമായി ടെന്നി ജോപ്പനു മാത്രമേ ബന്ധമുണ്ടായിരുന്നുള്ളൂ. ഇക്കാര്യം തന്റെ ഇടക്കാല റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തന്റെ പേഴ്‌സനല്‍ സ്റ്റാഫിന്റെ ഫോണ്‍ വഴി മുഖ്യമന്ത്രി സരിതയുമായി സംസാരിച്ചിട്ടില്ല. സരിത തിരിച്ച് മുഖ്യമന്ത്രിയേയും ഈ ഫോണുകള്‍ വഴി വിളിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. ക്രിമിനല്‍ സ്വഭാവം ഇല്ലെന്ന് ബോധ്യമുള്ള ഒരാളുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കുന്നത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായിരിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. ടെലിഫോണ്‍ രേഖകള്‍ കുറ്റകൃത്യം സംബന്ധിച്ച് ബന്ധമുള്ളതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനു ബോധ്യപ്പെട്ടാല്‍ മാത്രമേ ബന്ധപ്പെട്ട ടെലിഫോണ്‍ കമ്പനികളില്‍ നിന്നു വിശദാംശങ്ങള്‍ തേടുകയുള്ളൂ.
2014-15 വര്‍ഷങ്ങളില്‍ 10,131 ചതി, വഞ്ചനാ കേസുകളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ഇതില്‍ 1199 കേസുകളില്‍ മാത്രമാണ് ടെലിഫോണ്‍ രേഖകള്‍ തെളിവായി സ്വീകരിച്ചിരിക്കുന്നത്. സരിത ജയിലില്‍ വച്ചെഴുതിയ 21 പേജുള്ള കത്ത് പിടിച്ചെടുക്കാതിരുന്നത് അത് ഇന്ത്യന്‍ എവിഡന്‍സ് നിയമത്തിലെ 126ാം വകുപ്പിന് വിരുദ്ധമായതുകൊണ്ടാണെന്ന് എഡിജിപി പറഞ്ഞു.
Next Story

RELATED STORIES

Share it