Second edit

പേറ്റന്റ് ചങ്ങല

വ്യാപാര-വാണിജ്യ മേഖലയില്‍ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലുണ്ടായ വളരെ ജനവിരുദ്ധമായ നിയമങ്ങളിലൊന്ന് ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ടതാണ്. ജീവന്‍രക്ഷാമരുന്നുകള്‍ക്കൊക്കെ തീപ്പിടിച്ച വിലയായതിന്റെ ഒരു കാരണമതാണ്. കണ്ടുപിടിത്തങ്ങള്‍ക്കു നല്‍കുന്ന പേറ്റന്റുകളാണ് ഇതില്‍ വില്ലന്‍. ശാസ്ത്ര സാങ്കേതികവിദ്യ വികസിക്കുന്നതിന് പേറ്റന്റുകള്‍ വേണമെന്നാണ് ന്യായം.

അതുമൂലം ഔഷധനിര്‍മാണമേഖലയിലും ഐ.ടിയിലുമൊക്കെയുള്ള പുതിയ നിര്‍മാണവിദ്യകള്‍ക്കും കണ്ടുപിടിത്തങ്ങള്‍ക്കും വലിയതോതില്‍ റോയല്‍ട്ടി നല്‍കാന്‍ നാം നിര്‍ബന്ധിതരാവുന്നു. എന്നാല്‍, ഗവേഷണത്തിന് പേറ്റന്റുകള്‍ തടസ്സമാണെന്നും ബൗദ്ധിക സ്വത്തവകാശം മനുഷ്യര്‍ക്ക് ഗുണത്തേക്കാളധികം ദോഷംചെയ്യുമെന്നുമാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.

അമേരിക്കയിലെ നാഷനല്‍ അക്കാദമി ഓഫ് സയന്‍സസ് നടത്തിയ ഒരു സര്‍വേയില്‍ പേറ്റന്റ് നിയമങ്ങള്‍ അത്ര കര്‍ക്കശമല്ലാത്ത രാജ്യങ്ങളും കാര്‍ക്കശ്യം കൂടുതലുള്ള രാജ്യങ്ങളും തമ്മില്‍ ഗവേഷണത്തില്‍ കാര്യമായ അന്തരമില്ലെന്നു തെളിയിക്കുന്നു. 1970ല്‍ അമേരിക്കയില്‍ കൃഷിഗവേഷണത്തില്‍ പേറ്റന്റ് കൊണ്ടുവന്നതിനുശേഷം കാര്‍ഷികോല്‍പ്പാദനത്തില്‍ വിശേഷാല്‍ ഒരു പുരോഗതിയുമുണ്ടായില്ല.

സോഫ്റ്റ്‌വെയര്‍ മേഖലയിലാവട്ടെ പേറ്റന്റ് നിയമങ്ങള്‍ വളര്‍ച്ചയ്ക്ക് തടസ്സമാവുകയാണുണ്ടായത്. ആളുകള്‍ അനാവശ്യമായി പേറ്റന്റ് കരസ്ഥമാക്കാന്‍ ശ്രമിച്ചെന്നതായിരുന്നു ആകെയുണ്ടായിരുന്ന മാറ്റം. പേറ്റന്റ് നിയമങ്ങള്‍ കഠിനമല്ലാതിരുന്ന കാലത്ത് ജര്‍മനിയിലും ഇറ്റലിയിലും ഔഷധനിര്‍മാണരംഗത്ത് വലിയ കണ്ടുപിടിത്തങ്ങള്‍ ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it