wayanad local

പേര്യ-വാളാട് റോഡ് ചളിക്കുളമായി; നാട്ടുകാര്‍ക്ക് ദുരിതയാത്ര

പേര്യ: മഴ ശക്തമായതോടെ പേര്യ-കോളിച്ചാല്‍-വാളാട് റോഡ് ചളിക്കുളമായി. കാല്‍നടയാത്രയ്ക്കു പോലും കഴിയാത്ത വിധം റോഡില്‍ ചളിനിറഞ്ഞു. വര്‍ഷങ്ങളായി അധികൃതരുടെ അവഗണന പേറുകയാണ് ഈ റോഡ്. യാത്രാദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
എന്നാല്‍, അധികൃതരുടെ നടപടി പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുകയാണ്. പേര്യയില്‍ നിന്നു വാളാട്ടേക്ക് ആറര കിലോമീറ്ററോളം ദൂരമുണ്ട്. ഇതില്‍ പേര്യ ടൗണ്‍ മുതല്‍ എടലക്കുനി വരെ ഒന്നര കിലോമീറ്ററും വാളാട് നിന്നു കോളിച്ചാല്‍ വരെ രണ്ടു കിലോമീറ്ററും മാത്രമാണ് ടാറിങ് പൂര്‍ത്തീകരിച്ചത്. കോളിച്ചാല്‍ മുതല്‍ കരിക്കാറ്റില്‍ കവല വരെ 250 മീറ്റര്‍ സോളിങും ചെയ്തിട്ടുണ്ട്.
ഇതിനിടയിലുള്ള മൂന്നു കിലോമീറ്ററാണ് ഇപ്പോള്‍ ചളിക്കുളമായി കിടക്കുന്നത്. റോഡിന്റെ പലഭാഗവും വാഹനങ്ങള്‍ക്കു പോവാന്‍ കഴിയാത്ത വിധം തകര്‍ന്നു കിടക്കുകയാണ്. മഴ തുടങ്ങിയതോടെ ഒരു വാഹനവും ഇതുവഴി പോവാറില്ല.
വാളാട്, വട്ടോളി, കരിക്കാറ്റില്‍, കോളിച്ചാല്‍, കുനിയിമ്മല്‍, എടലക്കുനി, പേര്യ പ്രദേശവാസികളുടെ ഏക ആശ്രയമാണ് ഈ റോഡ്.
ഇതു തകര്‍ന്നതോടെ ചളിയിലൂടെ കിലോമീറ്ററുകള്‍ നടക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. വള്ളിത്തോട് ആശുപത്രിയിലേക്ക് എത്താന്‍ ഇത് എളുപ്പ വഴിയായതിനാല്‍ നിരവധി പേര്‍ ഇതിലൂടെ യാത്ര ചെയ്യുന്നുണ്ട്.
റോഡിലെ ഓവുപാലങ്ങളുടെ പണി മുഴുവന്‍ നേരത്തെ പൂര്‍ത്തീകരിച്ചതാണ്. വട്ടോളിയില്‍ റോഡിന്റെ അരിക് കെട്ടിയുയര്‍ത്തുന്ന പ്രവൃത്തി ചെയ്യാത്തതു മൂലം പുഴയിലെ വെള്ളം മഴക്കാലത്ത് റോഡിലൂടെയാണ് ഒഴുകുന്നത്. ഇവിടെ വെള്ളം കയറിയാല്‍ ആദിവാസി കോളനികള്‍ ഉള്‍പ്പെടെ ഒറ്റപ്പെടും. കഴിഞ്ഞ മഴക്കാലത്ത് ആഴ്ചകളോളം പ്രദേശം ഒറ്റപ്പെടുകയും യാത്രാതടസ്സം നേരിടുകയും ചെയ്തിരുന്നു.
മഴ ശക്തമായതോടെ കുനിയിമ്മല്‍ പാലത്തിനടുത്ത് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. എല്ലാ മഴക്കാലത്തും ഇവിടെ അവസ്ഥ ഇതാണ്. നിരവധി തവണ അധികൃതരെ റോഡിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയിട്ടും നന്നാക്കാന്‍ ഇതുവരെ നടപടിയായിട്ടില്ല.
Next Story

RELATED STORIES

Share it