പേമെന്റ് സീറ്റും സ്വതന്ത്രരും; മലപ്പുറത്ത് വിവാദം കനക്കുന്നു

സമീര്‍ കല്ലായി

മലപ്പുറം: മലപ്പുറത്ത് ഇടതുമുന്നണിയില്‍ പേമെന്റ് സീറ്റ് വിവാദം. സ്വതന്ത്രരെ മല്‍സരിപ്പിക്കുന്നതിന്റെ പേരില്‍ കുത്തക മുതലാളിമാരെ രംഗത്തിറക്കിയതിനെതിരെയാണു പ്രതിഷേധം വ്യാപകമായത്. നിലമ്പൂര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ പ്രതിഷേധം രൂപപ്പെട്ടിട്ടുള്ളത്. വ്യവസായിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വറാണ് ഇവിടെ സിപിഎം സ്വതന്ത്രന്‍. സഖാവ് കുഞ്ഞാലി രണ്ടുതവണ എംഎല്‍എ ആയ നിലമ്പൂര്‍ സീറ്റ് ഒരു പണക്കാരന് വിറ്റെന്നാണ് സിപിഎം അണികളുടെ പരാതി. സോഷ്യല്‍ മീഡിയയിലും അന്‍വര്‍ വിരുദ്ധ പ്രചാരണം സജീവമാണ്.
തവനൂരില്‍ മുന്‍ കെപിസിസി മെംബര്‍ വി അബ്ദുറഹിമാനാണ് ഇടതു സ്വതന്ത്രന്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അബ്ദുറഹിമാന്‍ തന്നെയായിരുന്നു പൊന്നാനിയില്‍ ഇടതു സ്വതന്ത്രന്‍. വന്‍ ബിസിനസ് ശൃംഖലയുടെ എംഡിയാണ് അബ്ദുറഹിമാന്‍. താനൂരില്‍ കഴിഞ്ഞതവണ നേരിയ മാര്‍ജിനിനാണ് പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ചിട്ടും സിപിഎം പരാജയപ്പെട്ടത്. ഈ സീറ്റ് കോണ്‍ഗ്രസ്സില്‍നിന്നെത്തിയ പെറ്റിബൂര്‍ഷാസിക്ക് നല്‍കിയതിലാണ് അണികള്‍ക്കു നീരസം.
തിരൂരില്‍ ഇദ്ദേഹത്തിന്റെ സന്തത സഹചാരി ഗഫൂര്‍ പി ലില്ലീസാണ് സിപിഎം സ്വതന്ത്രന്‍. ഫഌറ്റ് മുതലാളിയാണ് ഗഫൂര്‍. ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ നേരത്തെ തിരൂര്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ശക്തമായി രംഗത്തുവന്നിരുന്നു. എന്നാല്‍ ജില്ലാ കമ്മിറ്റിയുടെ കണ്ണുരുട്ടലില്‍ പ്രതിഷേധം കെട്ടടങ്ങിയ മട്ടാണ്.
കൊണ്ടോട്ടിയില്‍ കെ പി വീരാന്‍കുട്ടിയെയാണ് സിപിഎം സ്വതന്ത്രനായി മല്‍സരിപ്പിക്കുന്നത്. മുമ്പ് ഇടതുമുന്നണിക്കായി നിയമസഭയിലേക്കു മല്‍സരിച്ച പാരമ്പര്യമുണ്ട് വീരാന്‍കുട്ടിക്ക്. കാന്തപുരം വിഭാഗം സുന്നികളുടെ കൂടി വോട്ട് ലക്ഷ്യമിട്ടാണു വീരാന്‍കുട്ടിയെ രംഗത്തിറക്കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it