പേമെന്റ്‌സീറ്റ്: തളിപ്പറമ്പ് സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് യുഡിഎഫ്

കണ്ണൂര്‍: പേമെന്റ് സീറ്റ് ആരോപണമുയര്‍ന്ന തളിപ്പറമ്പിലെ സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം. കേരളാ കോണ്‍ഗ്രസ് എം മല്‍സരിക്കുന്ന തളിപ്പറമ്പില്‍ വ്യവസായിയും നമ്പ്യാര്‍ മഹാസഭ പ്രസിഡന്റുമായ രാജേഷ് നമ്പ്യാരെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. മന്ത്രി കെ സി ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കാന്‍ ധാരണയായത്. കേരളാ കോണ്‍ഗ്രസ്(എം) സംസ്ഥാന നേതൃത്വത്തോടും പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയോടും ഇക്കാര്യം ആവശ്യപ്പെടും.
സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതു മുതല്‍ യൂത്ത് കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സും ഇദ്ദേഹത്തിനെതിരേ പരസ്യമായ നിലപാട് എടുത്തിരിക്കുകയാണ്. പേമെന്റ് സീറ്റാണെന്ന് ആരോപിച്ച യൂത്ത് കോണ്‍ഗ്രസ് വിമതനെ നിര്‍ത്തുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു. ജില്ലയിലെ കേരളാ കോണ്‍ഗ്രസ് എമ്മിലെ ഉന്നതനാണ് രാജേഷ് നമ്പ്യാര്‍ക്ക് സീറ്റ് നല്‍കാന്‍ ഇടനിലക്കാരനായതെന്നാണ് ആക്ഷേപം.
ഇതിനിടെ, രാജേഷ് നമ്പ്യാര്‍ക്കെതിരേ തളിപ്പറമ്പ് നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കണ്ണൂര്‍ ആസ്ഥാനമായി നമ്പ്യാര്‍ മഹാസഭ എന്ന പേരില്‍ ജാതിസംഘടന രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നതിനിടെ, സാമ്പത്തിക ആരോപണങ്ങളെ തുടര്‍ന്ന് സംഘടന പിളര്‍ന്നിരുന്നു. യുഡിഎഫുമായി ബന്ധമൊന്നുമില്ലാതിരുന്ന രാജേഷ് നമ്പ്യാര്‍ ഇടത്-ബിജെപി നേതാക്കളുമായി ബന്ധം സ്ഥാപിച്ചിരുന്നതായും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. പ്രതിഷേധം ശക്തമായതോടെ ഇന്നലെ ചേര്‍ന്ന അടിയന്തര യുഡിഎഫ് ജില്ലാ നേതൃയോഗത്തിലാണു തീരുമാനം. കോണ്‍ഗ്രസ്സിന്റെ വിവിധ മണ്ഡലം പ്രസിഡന്റുമാരും മുസ്‌ലിംലീഗിലെ ഒരു വിഭാഗവും ആവശ്യം ഉന്നയിച്ചു. എന്നാല്‍, കെ എം മാണി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റേണ്ടതില്ലെന്നാണ് കേരളാ കോണ്‍ഗ്രസ്(എം) പ്രതിനിധികളുടെ നിലപാട്. അന്തിമതീരുമാനം എടുക്കേണ്ടത് മാണിയാണെന്നും ഇവര്‍ പറയുന്നു.
അതേസമയം, പേമെന്റ് സീറ്റ് ആരോപണം നിഷേധിച്ച് രാജേഷ് നമ്പ്യാര്‍ രംഗത്തെത്തി. കെ എം മാണിക്ക് പണം പോയിട്ട് ഒരു പൂച്ചെണ്ടു പോലും നല്‍കിയിട്ടില്ലെന്നും കെ എം മാണി അറിയിക്കുന്നതുവരെ പ്രചാരണവുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. അടുത്തുചേരുന്ന യുഡിഎഫ് സംസ്ഥാന കമ്മിറ്റിയില്‍ സ്ഥാനാര്‍ഥിമാറ്റം ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യുമെന്നാണു സൂചന. ഇതിനുശേഷമേ അന്തിമതീരുമാനം ഉണ്ടാവുകയുള്ളൂ. രാജേഷ് നമ്പ്യാരെ തന്നെ നിര്‍ത്തുകയാണെങ്കില്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാനാണ് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ ആലോചന.
Next Story

RELATED STORIES

Share it