Pathanamthitta local

പൊള്ളുന്ന ചൂടില്‍ ജില്ലയില്‍ പകര്‍ച്ചവ്യാധി പിടിമുറുക്കുന്നു

പത്തനംതിട്ട: വേനല്‍ച്ചൂട് കടുത്തതോടെ ജില്ലയില്‍ പനിയും ചിക്കന്‍പോക്‌സ് (ചൂടുപനി) പടര്‍ന്നുപിടിക്കുന്നു. കേരളാ സായുധ സേനയുടെ മണിയാര്‍ ക്യാംപില്‍ 50 പേര്‍ ചിക്കന്‍പോക്‌സ്‌ക് ബാധിതരാണെന്ന് പറയുന്നു. രോഗം പടരുന്ന സാഹചര്യത്തില്‍ കമാന്‍ഡിങ് ഓഫിസര്‍ മെഡിക്കല്‍ അവധി അനുവദിച്ചെങ്കിലും മെഡിക്കല്‍ ഓഫിസര്‍ അസുഖം ബാധിച്ചവരെ പുറത്തിറക്കാന്‍ സമ്മതിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് രോഗം ബാധിച്ചവര്‍ വീട്ടിലേക്ക് പോവാനാവാതെ രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലാണ്.
കഴിഞ്ഞ രണ്ടാഴ്ചകളിലായാണ് ക്യാംപിലെ സേനാംഗങ്ങള്‍ക്കിടയില്‍ രോഗം വ്യാപിച്ചത്. 180 പോലിസുകാരാണ് ക്യാംപില്‍ കഴിയുന്നത്. വാക്‌സിനുകളുടെ ക്ഷാമം രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. പ്രതിദിനം ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ ഒരാള്‍ക്കെന്ന വീതം രോഗം പടരുന്നതായാണ് ജില്ലാ മെഡിക്കല്‍ ഓഫിസ് പുറത്തു വിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് സര്‍ക്കാര്‍ ആശുപത്രികളില്‍ റിപോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണമാണെന്നുള്ളതും ശ്രദ്ധേയമാണ്. വേനല്‍ ചൂട് കടുത്തതാണ് രോഗം പടരുന്നതിന് കാരണമാവുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ചിക്കന്‍പോക്‌സ് രോഗബാധിതരായ കുട്ടികളുടെ മാതാപിതാക്കളാണ് പ്രധാനമായും ആശുപത്രിയില്‍ എത്തുന്നത്. 90 പേരാണ് ഈ മാസം ചിക്കന്‍പോക്‌സിന് ചികില്‍സ തേടിയെത്തിയത്. മൂന്നുമാസം കൊണ്ട് 270പേരും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തി. പരീക്ഷക്കാലമായതിനാല്‍ പ്രതിരോധമരുന്ന് തേടിയാണ് മാതാപിതാക്കള്‍ ആശുപത്രികളിലെത്തുന്നത്. വാക്‌സിനുകളുടെ ക്ഷാമം കാരണം വെറും കൈയ്യോടെയാണ് പലരുടേയും മടക്കം. രോഗം പിടിപെട്ടാല്‍ 10 ദിവസത്തോളം വിശ്രമം ആവശ്യമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമരുന്നിന് ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ആറുമാസമായി ചിക്കന്‍പോക്‌സിനുള്ള വാക്‌സിന്‍ വിദേശത്തുനിന്നാണ് എത്തിയിരുന്നത്. എന്നാല്‍ അടുത്തദിവസങ്ങളില്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യയില്‍ നിന്നു ലഭിച്ചിരുന്നു. ആവശ്യത്തിന് വാക്‌സിനുകള്‍ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. എന്നാല്‍ രോഗത്തിനെതിരായ വാക്‌സിന്‍ സാധാരണ ഡോക്റ്റര്‍മാര്‍ നല്‍കാറില്ല. രോഗിയുടെ പ്രതിരോധശേഷിയെ ഇതു ബാധിക്കുമെന്ന കാരണത്താലാണ് ഇതെന്നും അവര്‍ വ്യക്തമാക്കി. വെരിസെല്ല എന്ന ഇനത്തില്‍പ്പെട്ട വൈറസാണ് രോഗം പടര്‍ത്തുന്നത്.
രോഗിയുടെ മൂക്കില്‍ നിന്നോ വായില്‍ നിന്നോ ഈ വൈറസ് അന്തരീക്ഷത്തില്‍ പടര്‍ന്ന് മറ്റുള്ളവരില്‍ രോഗം പടര്‍ത്തുകയാണ്.കഴിഞ്ഞവര്‍ഷം ഇതരസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ രോഗം വ്യാപകമായിരുന്നു. വൃക്ക സംബന്ധമായ രോഗമുള്ളവരിലും പ്രമേഹമുള്ളവരിലും ചിക്കന്‍പോക്‌സ് ഏറെ പ്രത്യോഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ചിക്കന്‍പോക്‌സിനോടോപ്പം പനിയും വ്യാപകമായിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ 2400ല്‍ അധികം പേരാണ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തിയത്. സ്വകാര്യ, ആയുര്‍വേദ, ഹോമിയോ ആശുപത്രികളില്‍ ചികില്‍സ തേടിയവരുടെയും തേടാത്തവരുടേയും കണക്കുകള്‍ വരുമ്പോള്‍ സംഖ്യ വര്‍ധിക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മാത്രം ഇത് 1200ഓളം വരും. അടൂര്‍, തിരുവല്ല, പന്തളം, ചിറ്റാര്‍, മല്ലപ്പള്ളി, പെരുനാട്, റാന്നി എന്നിവിടങ്ങളിലെല്ലാം സര്‍ക്കാര്‍ അശുപത്രികള്‍ പനിക്കാരെ കൊണ്ടുനിറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 15 പേരില്‍ ഡെങ്കിപ്പനിയും മൂന്നോളം പേരില്‍ എലിപ്പനിയും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. വയറിളക്കം ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനയും ആരോഗ്യമേഖലയില്‍ കടുത്ത ആശങ്കക്ക് ഇടയാക്കുന്നുണ്ട്. ദൈനംദിനം വയറിളക്കം ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികില്‍സ തേടുന്നത് 30ലധികം പേരാണ്.
Next Story

RELATED STORIES

Share it