പെസഹാ കാല്‍കഴുകല്‍ ശ്രുശ്രൂഷ: സ്ത്രീകളെ ഉള്‍പ്പെടുത്തില്ല

ടോമി മാത്യു

കൊച്ചി: പെസഹ ആചരണത്തിന്റെ ഭാഗമായി നാളെ ദേവാലയങ്ങളില്‍ നടക്കുന്ന കാല്‍കഴുകല്‍ ശ്രുശ്രൂഷയില്‍ സ്ത്രീകള്‍ക്കു പങ്കാളിത്തം നല്‍കേണ്ടെന്ന് സിറോ മലബാര്‍ സഭയും വരാപ്പുഴ അതിരൂപതയും തീരുമാനിച്ചു. കുരിശുമരണത്തിനു മുമ്പായി യേശുക്രിസ്തു തന്റെ പന്ത്രണ്ടു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്റെ ഓര്‍മ ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പെസഹ ദിനത്തില്‍ ദേവാലയത്തില്‍ വൈദികര്‍ 12 പുരുഷന്മാരുടെ പാദങ്ങള്‍ കഴുകുന്നത്.
ലാറ്റിന്‍ സഭയില്‍ പെസഹ തിരുക്കര്‍മങ്ങള്‍ സംബന്ധിച്ചു വിവരിക്കുന്നിടത്ത് ഇനി 12 പുരുഷന്മാരുടെ കാലുകള്‍ കഴുകാമെന്നു വിവരിക്കുന്നുണ്ട്. ഈ 12 പേരുടെ കാലുകള്‍ കഴുകാമെന്നു വിവരിക്കുന്ന ഭാഗം ഫ്രാന്‍സിസ് മാര്‍പാപ്പ 'പീപ്പിള്‍ ഓഫ് ഗോഡ്' എന്നാക്കി മാറ്റിയിരുന്നു. ഇതോടെയാണ് എണ്ണം എത്രവേണമെങ്കിലും ആവാമെന്നും പുരുഷന്മാരുടെ പാദങ്ങള്‍ മാത്രമെ കഴുകാവൂ എന്നില്ലെന്നും വ്യാഖ്യാനം വന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തവണത്തെ പെസഹാ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത.്
എന്നാല്‍, കേരളത്തിലെ സിറോ മലബാര്‍ സഭയിലെ ദേവാലയങ്ങളില്‍ പെസഹ ആചരണത്തില്‍ സ്ത്രീകളുടെ പാദങ്ങള്‍ കഴുകേണ്ടെന്നാണു തീരുമാനമെന്ന് സിറോ മലബാര്‍ സഭ ഔദ്യോഗിക വക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ട് തേജസിനോടു പറഞ്ഞു. ഇക്കാര്യം സഭയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും അറിയിച്ചിട്ടുണ്ട്. നിലവിലുള്ളതുപോലെ തന്നെ 12 പുരുഷന്മാരുടെ പാദങ്ങള്‍ മാത്രമായിരിക്കും പെസഹാ ആചരണത്തിന്റെ ഭാഗമായി വൈദികര്‍ ദേവാലയങ്ങളില്‍ കഴുകുക.
ഇതു സംബന്ധിച്ച് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയിലെ മറ്റു ബിഷപ്പുമാരുമായി നടത്തിയ കൂടിയാലോചനയില്‍ തല്‍ക്കാലം നിലവിലെ രീതി തന്നെ തുടരാനാണു ധാരണയിലെത്തിയിരിക്കുന്നത്. പരമ്പരാഗതമായി തുടര്‍ന്നുവരുന്ന ആചാരങ്ങള്‍ സഭയുടെ സിനഡ് വിളിച്ചുചേര്‍ത്തു മാത്രമെ മാറ്റാന്‍ കഴിയുകയുള്ളൂ. അടുത്ത സിനഡില്‍ ഇക്കാര്യം പ്രധാന അജണ്ടയായി ചര്‍ച്ചചെയ്തു തീരുമാനമെടുക്കുമെന്നും ഫാ. ജിമ്മി പൂച്ചക്കാട്ട് പറഞ്ഞു.
സ്ത്രീകളുടെ കാല്‍കഴുകല്‍ ശുശ്രൂഷയുമായി ബന്ധപ്പെട്ട് ആരാധനാക്രമത്തിലുള്ള മാര്‍പാപ്പയുടെ ആഹ്വാനം അടുത്ത വര്‍ഷം നടപ്പാക്കിയാല്‍ മതിയെന്നാണു തീരുമാനമെന്ന് വരാപ്പുഴ അതിരൂപത ഔദ്യോഗിക വക്താവ് ഫ. ആന്റണി വിബിന്‍ സേവ്യര്‍ അറിയിച്ചു. തീരുമാനം വരാപ്പുഴ അതിരൂപത എല്ലാ ഫൊറോനകളിലും ഇടവകകളിലും അറിയിച്ചിട്ടുണ്ട്. വരാപ്പുഴ അതിരൂപതയില്‍ ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ തന്നെയായിരിക്കും ആരാധനാക്രമത്തിലെ ശുശ്രൂഷ നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it