പെഷാവര്‍ സൈനിക സ്‌കൂളിലെ ആക്രമണം; നാലു പേരെ തൂക്കിലേറ്റി

ഇസ്‌ലാമാബാദ്: പെഷാവറിലെ സൈനിക സ്‌കൂള്‍ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നു കോടതി കണ്ടെത്തിയ പാക് താലിബാന്‍ സംഘത്തിലെ നാലു പേരെ തൂക്കിലേറ്റി. കോഹത്ത് ജയിലിലാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയതെന്നു പാക് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 150 ലേറെപേര്‍ കൊല്ലപ്പെട്ട സായുധാക്രമണത്തില്‍ പങ്കുണ്ടെന്നാരോപിച്ച് മൗലവി അബ്ദുസ്സലാം, ഹസ്രത്ത് അലി, മുജീബുര്‍ റഹ്മാന്‍, യഹ്‌യ എന്ന സബീല്‍ എന്നിവരെയാണു തൂക്കിലേറ്റിയത്. പ്രതികള്‍ സമര്‍പ്പിച്ച ദയാഹരജി കഴിഞ്ഞ മാസം പാക് പ്രസിഡന്റ് തള്ളിയതിനു പിന്നാലെ തിങ്കളാഴ്ച സൈന്യം ഇവര്‍ക്കെതിരേ ബ്ലാക്ക് വാറന്റ് പുറപ്പെടുവിച്ചിരുന്നു. നാലുപേര്‍ക്കും കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ ചൊവ്വാഴ്ച അനുമതി നല്‍കിയതായി ജയിലധികൃതര്‍ പറഞ്ഞു.
സായുധാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന്റെ ആദ്യത്തെ വധശിക്ഷയാണിത്. പെഷാവര്‍ കൂട്ടക്കൊല നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെയാണ് ശിക്ഷ നടപ്പാക്കിയത്. മൃതദേഹങ്ങള്‍ വൈകീട്ടോടെ ബന്ധുക്കള്‍ക്കു കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 16നാണ് പാക് താലിബാന്‍ സംഘം പെഷാവറിലെ സൈനിക സ്‌കൂളിനുനേരെ ആക്രമണം നടത്തിയത്.
രാജ്യത്തു നടന്ന ഏറ്റവും വലിയ സായുധാക്രമണങ്ങളിലൊന്നില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും കുട്ടികളായിരുന്നു. സംഭവത്തിനുശേഷം സായുധസംഘങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചുവരുന്ന പാകിസ്താന്‍ വധശിക്ഷ നടപ്പാക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം ആറു വര്‍ഷത്തിനുശേഷം പിന്‍വലിക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിന് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരുന്നത്. വസീറിസ്താനില്‍ പാക് സൈന്യം നടത്തിവരുന്ന ഇടപെടലുകള്‍ക്ക് പ്രതികാരമായിട്ടാണ് സായുധസംഘം സൈനിക സ്‌കൂളിനു നേരെ ആക്രമണം നടത്തിയത്.
Next Story

RELATED STORIES

Share it