Football

പെലെയ്്ക്കു മുന്നില്‍ ഹ്യൂമേട്ടന്‍ ചതിച്ചു

കൊല്‍ക്കത്ത: ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്കു മുന്നില്‍ പകരം വീട്ടാനുള്ള സുവര്‍ണാവസരം കേരള ബ്ലാസ്‌റ്റേഴ്‌സ് പാഴാക്കി. പ്രഥമ ഐ.എസ്.എല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലെ തനിയാവര്‍ത്തനം എന്ന വിശേഷിപ്പിക്കപ്പെട്ട മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്കു മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സ് പൊരുതി വീണു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് കൊല്‍ക്കത്ത ബ്ലാസ്‌റ്റേഴ്‌സിന്റെ കൊമ്പൊടിച്ചത്. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മിന്നും താരമായിരുന്ന ഇയാന്‍ ഹ്യൂം ഇന്നലെ മഞ്ഞപ്പടയുടെ അന്തകനായി മാറുന്ന കാഴ്ചയാണ് കണ്ടത്. ഗോളടിച്ചില്ലെങ്കിലും കൊല്‍ക്കത്തയുടെ രണ്ട് ഗോളുകള്‍ക്കും വഴിമരുന്നിട്ടത് ഹ്യൂമായിരുന്നു. ഹ്യൂമിലൂടെ സ്വന്തം കാണികള്‍ക്കു മുന്നില്‍ കൊല്‍ക്കത്ത വിജയം ആഘോഷിച്ചപ്പോള്‍ കഴിഞ്ഞ ഫൈനലിലേറ്റ തോല്‍വിക്ക് പെലെയ്ക്കു മുന്നില്‍ കണക്കു ചോദിക്കുകയെന്ന മഞ്ഞപ്പടയുടെ സ്വപ്‌നം അസ്ഥാനത്താവുകയായിരുന്നു.

തോറ്റെങ്കിലും മല്‍സരത്തില്‍ കൊല്‍ക്കത്തയ്‌ക്കൊപ്പം നില്‍ക്കുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത്. കളിയുടെ അവസാന 10 മിനിറ്റ് കൊല്‍ക്കത്തന്‍ ഗോള്‍മുഖത്ത് കടന്നാക്രമിച്ച കൊമ്പന്‍മാര്‍ക്ക് പക്ഷേ സമനില ഗോള്‍ നേടാനായില്ല. മികച്ച അവസരങ്ങളും ഫൈനല്‍ വിസിലിന് മുമ്പ് ബ്ലാസ്റ്റേഴ്‌സിനെ തേടിയെത്തിയിരുന്നു.  അരാത്ത ഇസൂമിയും (ആറാം മിനിറ്റ്) ജാവി ലാറയുമാണ് (53) സ്വന്തം കാണികള്‍ക്കു മുന്നില്‍ കൊല്‍ക്കത്തയ്ക്കു വേണ്ടി ലക്ഷ്യം കണ്ടത്. 80ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ ഡാഗ്‌നലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ മടക്കിയത്. ഇതിഹാസ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലേക്ക് 61,237 കാണികളാണ് മല്‍സരം വീക്ഷിക്കാനെത്തിയത്. ജയത്തോടെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് കറുകയും ചെയ്തു.

കളി തുടങ്ങി മിനിറ്റുകള്‍ക്കം ബ്ലാസ്‌റ്റേഴ്‌സിനെ കൊല്‍ക്കത്ത ഞെട്ടിക്കുകയായിരുന്നു. ഹ്യൂമിന്റെ പവര്‍ ഷോട്ട് ഗോളി തടുത്തിട്ടപ്പോള്‍ റീബൗണ്ടായി ലഭിച്ച പന്ത് ഇസൂമി ഗോളാക്കുകയായിരുന്നു. ഹ്യൂമിന്റെ മനോഹരമായ പാസ് ലക്ഷ്യത്തിലെത്തിച്ചാണ് ലാറ കൊല്‍ക്കത്തയുടെ രണ്ടാം ഗോള്‍ നേടിയത്. എന്നാല്‍, പീറ്റര്‍ റമാഗയുടെ ക്രോസ് കൊല്‍ക്കത്ത ഗോളിയുടെ കൈയ്യില്‍ തട്ടി പന്ത് പോസ്റ്റിലേക്ക് പാഞ്ഞപ്പോള്‍ ഡാഗ്‌നല്‍ വലയിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടുകയായിരുന്നു.
Next Story

RELATED STORIES

Share it