ernakulam local

പെരുമ്പാവൂര്‍ നഗരസഭ:ഭരണസമിതി അധികാരമേറ്റു

പെരുമ്പാവൂര്‍: നഗരസഭയിലെ ഭരണസമിതി അധികാരമേറ്റു. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ബ്ലോക്കുകളിലും ഇന്ന് പുതിയ ഭരണസമിതി അധികാരത്തില്‍ വരും.
നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം സതി ജയകൃഷ്ണനും നിഷാ വിനയന്‍ വൈസ് ചെയര്‍പേഴ്‌സണുമാണ്. സിപിഐക്ക് വൈസ് ചെയര്‍മാന്‍ സ്ഥാനം പറഞ്ഞുവച്ചിരിന്നെങ്കിലും മല്‍സരിച്ച ആറ് സീറ്റുകളില്‍ ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. അതിനാല്‍ വൈസ് ചെയര്‍മാന് പകരം സിപിഐയിലെ നിഷ വിനയനെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നു.
നഗരസഭയിലേക്ക് വിജയിച്ച രണ്ട് സ്വതന്ത്രന്‍മാരും എല്‍ഡിഎഫിനെ പിന്തുണച്ചപ്പോള്‍ പിഡിപി ഒന്നിലും പെടാതെ വിട്ടുനിന്നു. ഇത്തവണയും യുഡിഎഫിന് കീഴിലായ കൂവപടി ബ്ലോക്ക് പഞ്ചായത്തില്‍ ബിന്ദു ഗോപാലകൃഷ്ണന്‍ പ്രസിഡന്റും പോള്‍ ഉതുപ്പ് വൈസ് പ്രസിഡന്റ് സ്ഥാനവും വഹിക്കും. എന്നാല്‍ കൂവപ്പടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഹരിജന്‍ ജനറല്‍ സംവരണമായിരുന്നു. മല്‍സരിച്ച ഒരു സീറ്റില്‍പോലും ഹരിജന്‍ പുരുഷ സ്ഥാനാര്‍ഥികള്‍ വിജയിക്കാത്തതിനെ തുടര്‍ന്ന് കുഞ്ഞുമോള്‍ തങ്കപ്പന്‍ പ്രസിഡന്റാവും. പഞ്ചായത്തില്‍ ഇത്തവണയും യുഡിഎഫ് ഭരണമാണ്. വൈസ് പ്രസിഡന്റ് സ്ഥാനം എട്ടാം വാര്‍ഡംഗം സിന്ധു അരവിന്ദ്, 17 വാര്‍ഡംഗം മേഴ്‌സി പൗലോസ് എന്നിവര്‍ രണ്ടര വര്‍ഷം വീതം പങ്കിടും.
യുഡിഎഫിന് മുന്‍തൂക്കമുള്ള ഒക്കല്‍ പഞ്ചായത്തില്‍ മേഴ്‌സി ജോര്‍ജ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റ് സ്ഥാനം ജോസ് വര്‍ഗീസും വഹിക്കും. വെങ്ങോല പഞ്ചായത്തില്‍ എല്‍ഡിഎഫിലെ 22ാം വാര്‍ഡില്‍നിന്നും വിജയിച്ച ധന്യ ലെജുവായിരിക്കും പ്രസിഡന്റ്. രായമംഗലം പഞ്ചായത്തി ല്‍ പട്ടികജാതി സംവരണമാണ്. എല്‍ഡിഎഫിലെ സൗമിനി ബാബുവായിരിക്കും പ്രസിഡന്റ്. അശമന്നൂര്‍ പഞ്ചായത്തില്‍ യുഡിഎഫിലെ എന്‍ എം സലീം പ്രസിഡന്റ് സ്ഥാനം വഹിക്കും.
വാഴക്കുളം പഞ്ചായത്തില്‍ എല്‍ഡിഎഫിലെ വിജി സണ്ണി പ്രസിഡന്റും സിപിഐയുടെ നിഷ അലിയാര്‍ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിക്കും. വേങ്ങൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിലെ എം എ ഷാജി പ്രസിഡന്റാവും. സിപിഐയിലെ പ്രീതി ബിജുവായിരിക്കും വൈസ് പ്രസിഡന്റ്.
എന്നാല്‍ മുടക്കുഴ പഞ്ചായത്തില്‍ ഒരുമാസം വൈകിയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക. നിലവിലെ ഭരണസമിതി ഒരുമാസം വൈകിയാണ് അധികാരത്തില്‍ വന്നതെന്ന് കാണിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാലാണ് പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് ഒരു മാസം വൈകുന്നത്. നിലവിലെ ഭരണസമിതി ഒരു മാസംകൂടി അധികാരത്തില്‍ തുടരും.
Next Story

RELATED STORIES

Share it