പെരുമ്പാവൂരില്‍ മനുഷ്യാവകാശ റാലി 25ന്

കൊച്ചി: ജിഷ വധക്കേസിന്റെ പശ്ചാത്തലത്തില്‍ ദലിത്- ആദിവാസി സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ വിവിധ ആദിവാസി ദലിത് സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഈ മാസം 25ന് മനുഷ്യാവകാശ റാലി സംഘടിപ്പിക്കുന്നു. ആദിവാസി സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമകേസുകളില്‍ പോലിസും ജുഡീഷ്യല്‍ സംവിധാനവും കാട്ടുന്ന വിവേചനം അവസാനിപ്പിക്കണമെന്നും ആദിവാസി സംഘടനാ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആദിവാസികളും ദലിതരും കൊലപാതകം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് ഇരയാവുമ്പോഴും കേസുകള്‍ അട്ടിമറിക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. മാത്രമല്ല കൊലപാതകങ്ങള്‍ ആത്മഹത്യകളാക്കി മാറ്റുകയാണ് പോലിസ് ചെയ്യുന്നതെന്നും അവര്‍ ആരോപിച്ചു. ജിഷയുടെ കേസില്‍ നിയമാനുസൃതം ഇന്‍ക്വസ്റ്റ് നടത്താതിരുന്നതും പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിലുണ്ടായ വീഴ്ചയും ജഡം കത്തിച്ചുകളഞ്ഞതും പോലിസ് നടത്തുന്ന ഇരട്ടനീതിയുടെ തെളിവാണ്. തുടക്കം മുതലുള്ള ശാസ്ത്രീയ അന്വേഷണത്തിന്റെ അഭാവമാണ് ജിഷയ്ക്ക് നീതി ലഭിക്കുന്നതിനു തടസ്സമായിരിക്കുന്നത്. ആദിവാസി സ്ത്രീകളുടെ പൗരാവകാശ നിയമങ്ങള്‍ അംഗീകരിക്കാനും ദലിതരുടെ ശോചനീയമായ ജീവിത സാഹചര്യത്തിന് സര്‍ക്കാര്‍ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് പെരുമ്പാവൂരില്‍ മനുഷ്യാവകാശ റാലി നടത്തുന്നതെന്ന് ആദിവാസി സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. റാലിക്കു മുന്നോടിയായി 13നു രാവിലെ 10ന് എറണാകുളം ശിക്ഷക് സദനില്‍ ആദിവാസി-ദലിത് സ്ത്രീകളുടെ ആലോചനായോഗം ചേരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it