wayanad local

പെരുമാറ്റച്ചട്ടത്തില്‍ കുരുങ്ങി നിരവധി പദ്ധതികള്‍

പുല്‍പ്പള്ളി: കുടിയേറ്റ മേഖലയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഒഴിവാകുന്നതും കാത്തിരിക്കുന്നതു പത്തിലധികം പദ്ധതികള്‍. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച് ടെന്‍ഡര്‍ പാസായി വര്‍ക്ക് ഓര്‍ഡര്‍ ലഭിച്ച പദ്ധതികളാണ് പ്രവൃത്തികളാരംഭിക്കാന്‍ പെരുമാറ്റച്ചട്ടം ഒഴിവാകുന്നത് കാത്തിരിക്കുന്നത്.
കെഎസ്ആര്‍ടിസി പെരിക്കല്ലൂര്‍ ഡിപ്പോയുടെ കാര്യമാണ് പട്ടികയില്‍ പ്രധാനപ്പെട്ടത്. മുള്ളന്‍കൊല്ലി പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ച് പാസാക്കാന്‍ പെരുമാറ്റച്ചട്ടം അനുവദിക്കാത്തതിനാല്‍ മാത്രമാണ് ഡിപ്പോയ്ക്കുള്ള സ്ഥലം ഏറ്റെടുക്കാത്തത്. പെരുമാറ്റച്ചട്ടം ഒഴിവായാല്‍ പിറ്റേന്നു തന്നെ പഞ്ചായത്തിന്റെ ബജറ്റ് പാസാക്കുകയും ഫണ്ട് കൈമാറുകയും ചെയ്യാം. ഫണ്ട് കൈമാറിയാല്‍ അന്നു തന്നെ സ്ഥലം ഏറ്റെടുത്ത് പിറ്റേന്ന് ഡിപ്പോ ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. ഇപ്പോള്‍ 15ഓളം ദീര്‍ഘദൂര സര്‍വീസുകളാണ് ഒരു ദിവസം പെരിക്കല്ലൂരില്‍ നിന്ന് ഓപറേറ്റ് ചെയ്യുന്നത്. ഡിപ്പോ പ്രവര്‍ത്തനം തുടങ്ങിയാല്‍ കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകളും ഗ്രാമീണ മേഖലയിലേക്ക് ഓര്‍ഡിനറി സര്‍വീസുകളും പെരിക്കല്ലൂരില്‍ നിന്ന് ആരംഭിക്കാന്‍ കഴിയും.
65 ലക്ഷം രൂപയ്ക്ക് ടെന്‍ഡര്‍ പാസായ പുല്‍പ്പള്ളി- താഴെയങ്ങാടി- മാരപ്പന്‍മൂല- വേലിയമ്പം റോഡ്, 70 ലക്ഷം രൂപയ്ക്ക് ടെന്‍ഡറായ വടാനക്കവല- പാളക്കൊല്ലി റോഡ്, 10 കോടിയോളം രൂപയ്ക്ക് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള ചേകാടി പാലം, 28 ലക്ഷം രൂപയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കിയ പാതിരി- ചന്ദ്രോത്ത്- ചേകാടി റോഡ്, നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ പെരിക്കല്ലൂര്‍ ഫയര്‍‌സ്റ്റേഷന്‍ എന്നിവയെല്ലാം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.
Next Story

RELATED STORIES

Share it