thiruvananthapuram local

പെരുമാതുറ തീരം; സര്‍വേ നടപടികള്‍ അവസാനഘട്ടത്തില്‍

കഴക്കൂട്ടം: കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ ചരിത്രം കുറിക്കാനൊരുങ്ങുന്ന പെരുമാതുറ മുതലപ്പൊഴിയില്‍ സഞ്ചാരികള്‍ക്ക് ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ സര്‍വേ നടപടികള്‍ അവസാന ഘട്ടത്തില്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ തുടങ്ങുമെങ്കിലും ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം മാര്‍ച്ചില്‍ മുതലപ്പൊഴി ഫിഷിങ് ഹാര്‍ബറിന്റെ ഉദ്ഘാടന ദിവസം നടക്കുമെന്നാണ് അറിയുന്നത്. രണ്ട് പ്രദേശങ്ങളെ ബന്ധിപ്പിച്ച മുതലപ്പൊഴി - താഴം പള്ളി പാലം യാഥാര്‍ഥ്യമായതോടെ ദിവസവും ആയിരങ്ങളാണ് ഇവിടെ എത്തുന്നത്. എന്നാല്‍ സന്ദര്‍ശകര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ പോലും ലഭ്യമല്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹാര്‍ബര്‍ അതോറിറ്റി ഒരു മാസം മുമ്പ് ഇവിടെ ഒരുക്കേണ്ട സൗകര്യങ്ങള്‍ കാണിച്ച് സര്‍ക്കാരിന് വിശദമായ റിപോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലേക്ക് ടൂറിസം വകുപ്പില്‍ നിന്നും മൂന്ന് കോടി അനുവദിച്ചത്. പണം ടൂറിസം വകുപ്പാണ് നല്‍കുന്നതെങ്കിലും ഇവിടെ നടപ്പാക്കാന്‍ പോകുന്ന പദ്ധതിയുടെ പൂര്‍ണ ഉത്തരവാദിത്വം ഹാര്‍ബര്‍ അതോറിറ്റിക്കാണ്. സഞ്ചാരികള്‍ക്ക് ഏറെ ആവേശവും സന്തോഷവും നല്‍കുന്ന പദ്ധതി പൂര്‍ത്തിയാവുന്നതോടെ പെരുമാതുറ തീരദേശം കോവളംപോലെ ശ്രദ്ധേയമാവും. പദ്ധതി പൂര്‍ണമാവുന്നതോടെ മുതലപ്പൊഴിയില്‍ സഞ്ചാരികള്‍ പ്രവേശിക്കുന്നത് നിലവില്‍ കെഎസ്ആര്‍ടിസി ബസ് തിരിക്കുന്നിടത്ത് നിന്നും ബീച്ചിലേക്കുള്ള വഴിയായിരിക്കും. ഈ കവാടത്തിലൂടെ പ്രവേശിച്ച് തീരത്തിന്റെയും മുതലപ്പൊഴി ഹാര്‍ബറിന്റെയും പാലത്തില്‍ നിന്നുള്ള കാഴ്ചയും കണ്ട് മടങ്ങാന്‍ സന്ദര്‍ശകര്‍ക്ക് സാധിക്കും. പ്രധാന കവാടത്തെയും ബീച്ചിനെയും ബന്ധിപ്പിച്ച് പെരുമാതുറ പുലിമുട്ട് വരെ കൂറ്റന്‍ മതില്‍ക്കെട്ട് വരും. ഇതോടെ പ്രദേശവാസികള്‍ക്ക തീരത്തേക്കുള്ള പ്രവേശനം ഇല്ലാതാവും. ഈ മതിലിനോട് ചേര്‍ന്നായിരിക്കും പാര്‍ക്കിങ് ഒരുക്കുക. പ്രവേശന കവാടത്തില്‍ നിന്നും ആരംഭിക്കുന്ന പാത കടല്‍ തീരത്തുനിന്നും 250 മീറ്റര്‍ അകലെയാണ് അവസാനിക്കുക. ഈ റോഡിന് ഏകദേശം അമ്പത് മീറ്റര്‍ മുന്നിലായിരിക്കും പ്ലാറ്റ് ഫോം വരുന്നത്. ഇവിടെ കടല്‍ സൗന്ദര്യം ആസ്വദിക്കാനായി ഇരിപ്പിടങ്ങളും ഒരുക്കും. കുട്ടികള്‍ക്കായി വിനോദപാര്‍ക്കും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.
ഇതിനൊപ്പം തന്നെ ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നതിന് ഷോപ്പുകളും നിര്‍മിക്കും. തീരത്തിന്റെ പടിഞ്ഞാറേ അറ്റത്താണ് അഡ്മിനിസ്‌ട്രേഷന്‍ കെട്ടിടങ്ങള്‍. തീരദേശം വൈദ്യൂതീകരിക്കും. ഒപ്പം പ്രാഥമിക സൗകര്യങ്ങല്‍ നിര്‍വഹിക്കാനുള്ള വിശാലമായ കംഫര്‍ട്ട് സ്റ്റേഷനും നിര്‍മിക്കും. നേരത്തെ എംഎല്‍എ ഫണ്ടില്‍ നിന്നും പാലത്തിലും തീരത്തും വിളക്ക ുകള്‍ പ്രകാശിപ്പിക്കുന്നതിലേക്ക് 12 ലക്ഷം രൂപാ അനുവദിച്ചിരുന്നു. എന്നാല്‍ ഇത് ബീച്ചിന്റെ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പമായിരിക്കും നടപ്പിലാക്കുക.
Next Story

RELATED STORIES

Share it