ernakulam local

പെരിയാറിലെ മല്‍സ്യക്കുരുതിക്ക് അറുതിയായില്ല;  ചത്ത മല്‍സ്യങ്ങള്‍ കുടിവെള്ളത്തിന് ഭീഷണിയാവുമെന്ന് ആശങ്ക

കളമശ്ശേരി: രണ്ടുദിവസമായി പെരിയാറിലെ ഏലൂര്‍, എടയാര്‍ മേഖലയില്‍ നടക്കുന്ന മല്‍സ്യക്കുരിതിക്ക് ഇന്നലെയും അറുതിയായില്ല. പുഴയില്‍ കിടക്കുന്ന ചത്ത മല്‍സ്യങ്ങള്‍ പെരിയാറില്‍നിന്നും എടുക്കുന്ന കുടിവെള്ളത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് അധികാരികള്‍. ചത്ത മല്‍സ്യങ്ങള്‍ പുഴയില്‍നിന്നും നീക്കംചെയ്യുന്നതിന് അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് പാതാളം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഇരുവശങ്ങളിലും പുഴയില്‍ മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. പുഴയുടെ അടിത്തട്ടില്‍ വസിക്കുന്ന മല്‍സ്യങ്ങള്‍പോലും ജീവവായു ലഭിക്കാതെ പിടഞ്ഞു ചാവുകയായിരുന്നു.
മല്‍സ്യക്കുരുതിനടന്ന പ്രദേശങ്ങളില്‍ ഓക്‌സിജന്റെ കുറവാണ് മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ കാരണമായതെന്ന് പിസിബി അധികൃതര്‍ പറഞ്ഞു. പുഴയില്‍ മിനിമം നാലു മില്ലിഗ്രാം എങ്കിലും ഓക്‌സിജന്റെ അളവ് ഉണ്ടായിരിക്കണം. എന്നാല്‍ മല്‍സ്യക്കുരുതി നടന്ന പലഭാഗത്തും പുഴയിലെ വെള്ളത്തില്‍ പോയിന്റ് 25 മില്ലിഗ്രാം ഓക്‌സിജന്റെ അളവേ ഉണ്ടായിരുന്നുള്ളൂവെന്ന് പരിശോധനയില്‍ കണ്ടതായി പിസിബി അധികൃതര്‍ പറഞ്ഞു. പ്രാണവായു ലഭിക്കാതെ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് ഇന്നലെയും ആവര്‍ത്തിച്ചിരുന്നു.
പുഴയില്‍ ചത്തുപൊങ്ങിയ മല്‍സ്യങ്ങള്‍ നീക്കംചെയ്യാത്തത് പ്രദേശത്ത് വന്‍ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്. ഇത് പുഴയുടെ ഇരു കരയിലുമുള്ള ജനങ്ങളുടെ ജീവിതത്തേയും ബാധിക്കുന്നുണ്ട്. പെരിയാറില്‍നിന്നാണ് വന്‍കിട വ്യവസായശാലകളും ആശുപത്രിയുള്‍പ്പെടെ വിവിധ സ്ഥാപനങ്ങള്‍ കുടിവെള്ളം ശേഖരിക്കുന്നത്.
പുഴയില്‍ ചത്തുപൊങ്ങിയ മല്‍സ്യങ്ങളെ നീക്കംചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ഇവിടെനിന്നും ശേഖരിക്കുന്ന കുടിവെള്ളത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് അധികൃതരും നാട്ടുകാരും. പെരിയാറില്‍ നടക്കുന്ന മല്‍സ്യക്കുരുതിയുടെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഇനിയും സാധിച്ചിട്ടില്ല.
ഈമാസം 7ന് പെരിയാറില്‍ മല്‍സ്യക്കുരുതിയുണ്ടായപ്പോള്‍ ഏലൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ ഉള്‍പ്പെടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ഓഫിസറെ അര്‍ധരാത്രിവരെ ഉപരോധിച്ചിരുന്നു. എന്നാല്‍ അന്നും വ്യക്തമായ മറുപടി നല്‍കാന്‍ അധികൃതര്‍ക്കു കഴിഞ്ഞില്ല.
പെരിയാറില്‍ മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്ന വിവരം ജില്ലാ അധികൃതരെ നിരവധിതവണ അറിയിച്ചിട്ടും കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലം സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. പുഴയില്‍നിന്നും ശേഖരിച്ച ചത്ത മല്‍സ്യങ്ങളുമായിട്ടാണ് പരിസ്ഥിതിപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പിസിബി ഓഫിസില്‍ എത്തിയത്.
കഴിഞ്ഞ അഞ്ചുമാസത്തിനിടയില്‍ നടന്ന പെരിയാറിലെ 13 മല്‍സ്യക്കുരുതിയുടെയും കാരണം കണ്ടെത്താന്‍ കഴിയാതെ പിസിബി അധികൃതര്‍ ഇരുട്ടില്‍ തപ്പുകയാണ്.
പെരിയാറിലെ മല്‍സ്യക്കുരുതിക്കും മലിനീകരണത്തിനും പരിഹാരം കാണുന്നതിന് 23ന് മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ കെ സജീവന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും.
Next Story

RELATED STORIES

Share it