malappuram local

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിക്ക് കായകല്‍പ്പ പുരസ്‌കാരം

പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിക്ക് കേന്ദ്ര സര്‍ക്കാരിന്റെ കായകല്‍പ്പ അവാര്‍ഡ്. രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപയ്ക്കാണ് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി അര്‍ഹത നേടിയത്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിക്ക് വിവിധ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നൂറില്‍ 97.6 മാര്‍ക്ക് ലഭിച്ചു. അവാര്‍ഡിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ 250 നിഷ്‌കര്‍ഷതകളും പാലിച്ചുകൊണ്ടാണ് ജില്ലാ ആശുപത്രി ഈ നേട്ടം കൊയ്തത്.
കഴിഞ്ഞ മെയ് മാസത്തില്‍ കായകല്‍പ്പ അവാര്‍ഡിനുള്ള വിജ്ഞാപനം വന്നപ്പോള്‍ ജില്ലയില്‍ മറ്റൊരു ആശുപത്രിയും ഇതേറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. സൂപ്രണ്ട് ഡോ. എ ഷാജിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ജീവനക്കാരുമെല്ലാം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയപ്പോള്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി മഞ്ഞളാംകുഴി അലിയും ജില്ലാ പഞ്ചായത്തും സഹായവുമായി ഒപ്പം നിന്നതാണ് നേട്ടത്തിന് വഴിയൊരുക്കിയത്. അവാര്‍ഡിനുള്ള 250ഓളം മികവുകള്‍ നേടിയെടുക്കാനായി വ്യത്യസ്ത സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ രംഗത്തിറങ്ങുകയായിരുന്നു.
ശുചിത്വവും മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുമാണ് അവാര്‍ഡിന് പരിഗണിച്ച പ്രധാന ഘടകങ്ങള്‍. നിര്‍ദേശിക്കപ്പെട്ട മികവുകളെല്ലാം ആശുപത്രിക്ക് നേടാന്‍ കഴിഞ്ഞത് ജീവനക്കാരുടെയും രോഗികളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹകരണം കൊണ്ടാണ്.
പരിശോധനയില്‍ ചെറിയ പാകപ്പിഴയിലാണ് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ ഉള്‍പ്പെടെ ഒരു ഡസനിലേറെ ആശുപത്രികളുള്ള ആതുരാലയ നഗരത്തില്‍ ജില്ലാ ആശുപത്രിയുടെ നേട്ടം ഏറെ ശ്രദ്ധേയമായി.
Next Story

RELATED STORIES

Share it