Districts

പെരിന്തല്‍മണ്ണയില്‍ വീണ്ടും കുഴല്‍പ്പണവേട്ട മൂന്നേമുക്കാല്‍ കോടിയുമായി മൂന്നു പേര്‍ പിടിയില്‍

പെരിന്തല്‍മണ്ണ: നഗരത്തില്‍ വീണ്ടും കുഴല്‍പ്പണവേട്ട. ആഡംബര കാറിന്റെ രഹസ്യ അറയില്‍ 3,09,50,000 രൂപ ഒളിച്ചു കടത്താന്‍ ശ്രമിച്ച മൂന്നു യുവാക്കളെ പെരിന്തല്‍മണ്ണ പോലിസ് പിടികൂടി. താമരശ്ശേരി പുനൂര്‍ കോളിക്കല്‍ സ്വദേശി മോയത്ത് ഹാറൂണ്‍ നഹാര്‍(25), കിഴിശ്ശേരി കടുങ്ങപുരം പുളിയക്കോട് കളിവളപ്പില്‍ അബ്ദുല്‍ ഗഫൂര്‍(35), പുളിയക്കോട് വാലാപുരത്ത് മുഹമ്മദ്(37) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി എം പ്രദീപിന്റെ നിര്‍ദേശത്തില്‍ സിഐ കെ എം ബിജു, എസ്‌ഐ സി കെ നാസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അങ്ങാടിപ്പുറത്തു വച്ച് അറസ്റ്റ് ചെയ്തത്.
അന്യസംസ്ഥാനങ്ങളില്‍നിന്ന് ഹവാല പണവും സ്വര്‍ണവും കേരളത്തിലേക്ക് ഒഴുകുന്നതായി ജില്ലാ പോലിസ് സൂപ്രണ്ട് ദേബേഷ്‌കുമാര്‍ ബെഹ്‌റയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.ഇതേ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി ജില്ലയില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് സംഘം അറസ്റ്റിലായത്. ഇവരുടെ കാറിന്റെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. രണ്ടു മാസം മുമ്പ് 2,89,08,000 രൂപയും 13 കിലോ സ്വര്‍ണവുമായി മറ്റൊരു സംഘത്തെ കരിങ്കല്ലത്താണിയില്‍ വച്ച് പെരിന്തല്‍മണ്ണ പോലിസ് പിടികൂടിയിരുന്നു. ഇവരില്‍നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പോലിസ് മറ്റു സംഘങ്ങളെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചത്.
ഇന്നലെ അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യംചെയ്തതില്‍നിന്ന് ഹവാല സംഘത്തിലെ ഏജന്റുമാരെക്കുറിച്ചും ബിനാമികളെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമായതായി ജില്ലാ പോലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ പറഞ്ഞു.
പിടികൂടിയ പണം വോട്ടെടുപ്പ് ദിനത്തില്‍ കോളനികളിലും മറ്റും വിതരണം ചെയ്യാന്‍ എത്തിച്ചതാണെന്നു പോലിസ് പറഞ്ഞു. സിഐ കെ എം ബിജു, എസ്‌ഐ സി കെ നാസര്‍, മോഹന്‍ദാസ് കരുളായി, സി പി മുരളി, പി എന്‍ മോഹനകൃഷ്ണന്‍, അഷ്‌റഫ് കൂട്ടില്‍. എന്‍ വി ഷബീര്‍, ദിനേശ്കുമാര്‍, യൂസഫ്, രത്‌നാകരന്‍ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്ത് കേസില്‍ തുടരന്വേഷണം നടത്തുന്നത്.
Next Story

RELATED STORIES

Share it