പെരിന്തല്‍മണ്ണയില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി; മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: ചരക്കു ലോറിയുടെ രഹസ്യ അറകളിലാക്കി കടത്തുകയായിരുന്ന വന്‍ സ്‌ഫോടക വസ്തുക്കള്‍ പോലിസ് വാഹന പരിശോധനയ്ക്കിടെ കണ്ടെടുത്തു. മൂന്നു തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍. തമിഴ്‌നാട് തിരുവിലങ്ങാട് മൈലാടുതറ സ്വദേശി രമേശ് (33), തമിഴ്‌നാട് തിരുവിലങ്ങാട് വിജയരാജന്‍ (30), തമിഴ്‌നാട് കരൂര്‍ ഒടിസല്‍പ്പേട്ട പളനി വേലന്‍(48) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി എം പ്രദീപ്, സിഐ കെ എം ബിജു, എസ്‌ഐ സി കെ നാസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പൊന്ന്യാകുര്‍ശ്ശി ബൈപാസ് റോഡില്‍ പിന്തുടര്‍ന്നു പിടികൂടിയത്.
ജില്ലാ പോലിസ് സൂപ്രണ്ട് ദേബേഷ്‌കുമാര്‍ ബെഹ്‌റയ്ക്കു ലഭിച്ച രഹസ്യ നടത്തിയ അന്വേഷണത്തിലാണ് സ്‌ഫോടകവസ്തുക്കള്‍ കടത്തിക്കൊണ്ടുവന്ന സംഘത്തെ പോലിസ് വലയിലാക്കിയത്.
വിവിധയിടങ്ങളില്‍ നിന്നു സംശയം തോന്നിയ വാഹനങ്ങളെ പിന്തുടര്‍ന്ന് വരുന്നതിനിടെ പെരിന്തല്‍മണ്ണ മാനത്തുമംഗലം പൊന്ന്യാകുര്‍ശ്ശി ബൈപാസില്‍ വച്ചു കണ്ട ചരക്കുലോറി അസാധാരണമായി ലിങ്ക് റോഡിലേക്കു കയറ്റിക്കൊണ്ടുപോവുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നുള്ള നിരീക്ഷണമാണ് പ്രതികള്‍ കുടുങ്ങിയത്. ലോറിയുടെ ഉള്‍വശത്തെ ക്യാബിനുള്ളിലും മുകള്‍ഭാഗത്തും പ്രത്യേകം അറകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.
12 ചാക്കുകളിലായി 600 കിലോഗ്രാം അമോണിയം നൈട്രേറ്റും 15 പാക്കറ്റുകളിലായി മുവായിരത്തോളം ജലാറ്റിന്‍ സ്റ്റിക്കുകളും കണ്ടെടുത്തു. അറസ്റ്റിലായ സംഘം പലതവണയായി പെരിന്തല്‍മണ്ണയിലേക്കും മലബാര്‍ മേഖലയിലേക്കും സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചിട്ടുള്ളതായി പോലിസ് പറഞ്ഞു. ഉപ്പ്, ശര്‍ക്കര എന്നീ ലോഡുകളുടെ കൂടെയാണ് സ്‌ഫോടകവസ്തുക്കളും എത്തിക്കുന്നത്. നഗരത്തിലെത്തുന്ന ലോഡിന് ഏജന്റായ പളനിയുടെ മൊബൈല്‍ നമ്പരിലേക്ക് ഇടപാടുകാര്‍ ബന്ധപ്പെട്ടാണ് വസ്തുക്കള്‍ കൈമാറുന്നത്.
പിടികൂടിയ ലോറി ഇത്തരം കടത്തലുകള്‍ക്ക് ഉപയോഗിക്കുന്നതാണെന്ന് പോലിസ് പറഞ്ഞു. അറസ്റ്റിലായ സംഘത്തില്‍ പാലക്കാട് ജില്ലയില്‍ സമാന കേസില്‍ ഉള്‍പ്പെട്ട പ്രതിയുമുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.
കണ്ടെടുത്ത വസ്തുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വിലവരും. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സംഘത്തിലെ മുഴുവന്‍ പ്രതികളെക്കുറിച്ചും ഇടപാടുകാരെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it