പെയ്ഡ് ന്യൂസും പെരുമാറ്റച്ചട്ട ലംഘനങ്ങളും നിരീക്ഷിക്കാന്‍ മീഡിയാ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയിലെ സ്ഥാനാര്‍ഥികളുടെ പെയ്ഡ് ന്യൂസും പെരുമാറ്റച്ചട്ട ലംഘനങ്ങളും നിരീക്ഷിക്കാന്‍ കലക്ടറേറ്റില്‍ മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് സെല്‍ (എംസിഎംസി) പ്രവര്‍ത്തനം ആരംഭിച്ചു.
ജില്ലാകലക്ടര്‍ ബിജു പ്രഭാകര്‍ ചെയര്‍മാനും അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി ആര്‍ ആസാദ്, ദൂരദര്‍ശന്‍ ന്യൂസ് അസി. ഡയറക്ടര്‍ രശ്മി റോജ തുഷാര നായര്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ സുരേഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളുമായ വിദഗ്ധസമിതിക്കു കീഴില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരും പത്രപ്രവര്‍ത്തക വിദ്യാര്‍ഥികളുമാണ് രണ്ടു ഷിഫ്റ്റുകളിലായി മീഡിയാ മോണിറ്ററിങ് സെല്ലില്‍ മാധ്യമവാര്‍ത്തകളും പരസ്യങ്ങളും നിരീക്ഷിക്കുന്നത്.
ദിനപത്രങ്ങളിലും ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലും മറ്റു ഇലക്ട്രോണിക് മാധ്യമങ്ങളിലും വരുന്ന സ്ഥാനാര്‍ഥികളുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളുമാണ് പരിശോധിക്കുക. കമ്മിറ്റിയുടെ പരിശോധനയില്‍ ചട്ടലംഘനം നടന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട സ്ഥാനാര്‍ഥിയോടും രാഷ്ട്രീയ പാര്‍ട്ടിയോടും വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയ മാധ്യമത്തോടും വിശദീകരണം തേടും. മീഡിയാ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതിയില്ലാതെ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിന് രണ്ട് സ്ഥാനാര്‍ഥികളില്‍ നിന്ന് ഇതിനകം കമ്മിറ്റി വിശദീകരണം തേടി.
Next Story

RELATED STORIES

Share it