Districts

പെന്‍ഷന്‍ വിതരണത്തിലെ കാലതാമസം;പോസ്റ്റ് മാസ്റ്റര്‍ ജനറലിനോട് വിശദീകരണം തേടി

തിരുവനന്തപുരം: വിവിധ ക്ഷേമപെന്‍ഷനുകള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച കോടികള്‍ യഥാസമയം വിതരണം ചെയ്യാതെ പോസ്‌റ്റോഫിസുകളില്‍ കെട്ടിക്കിടക്കുന്നതു സംബന്ധിച്ചു പോസ്റ്റ്മാസ്റ്റര്‍ ജനറലിനോട് മന്ത്രിസഭായോഗം വിശദീകരണം തേടി. നേരിട്ടു വിശദീകരണം നല്‍കാനായി പോസ്റ്റ്മാസ്റ്റര്‍ ജനറലിനെ മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കു വിളിച്ചു. ഇന്നുച്ചയ്ക്ക് ഒരുമണിക്ക് സാമൂഹികക്ഷേമ മന്ത്രി ഡോ. എം കെ മുനീറിന്റെയും ധനകാര്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ പോസ്റ്റ്മാസ്റ്റര്‍ ജനറലുമായി വിഷയം ചര്‍ച്ചചെയ്യാനും തീരുമാനിച്ചു.

758.61 കോടി രൂപയാണ് ഗുണഭോക്താക്കള്‍ക്കു പോസ്റ്റ് ഓഫിസ് അക്കൗണ്ടിലൂടെ വിതരണം ചെയ്യാന്‍ മാസങ്ങള്‍ക്കു മുമ്പ് ധനവകുപ്പ് നല്‍കിയത്. എന്നാല്‍, ഇതില്‍ 705 കോടി രൂപയും വിതരണം ചെയ്യാതെ കെട്ടിക്കിടക്കുകയാണ്. ഇന്നലെ ഈ വിഷയം അജണ്ടയില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തത്. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ധനവകുപ്പ് സെക്രട്ടറിയെയും മന്ത്രിസഭാ യോഗത്തിലേക്കു വിളിപ്പിച്ചിരുന്നു. കേരളത്തിലെ 32 ലക്ഷം കുടുംബങ്ങള്‍ക്കു ലഭിക്കേണ്ട ആറുമാസത്തെ ക്ഷേമപെന്‍ഷനുകള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത് 1320 കോടി രൂപയായിരുന്നു. ഇതില്‍ 352 കോടി രൂപ ബാങ്കുകള്‍ വഴിയും ഇലക്‌ട്രോണിക് മണിയോര്‍ഡര്‍ മുഖേനയും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കി. എന്നാല്‍, പോസ്റ്റോഫിസുകള്‍ വഴി നല്‍കാന്‍ 758.61 കോടി രൂപ ധനകാര്യവകുപ്പ് അനുവദിച്ചു. ഈ തുക വിവിധ ഘട്ടങ്ങളിലായി നിക്ഷേപിക്കുകയും ചെയ്‌തെങ്കിലും വിതരണം ചെയ്യാന്‍ പോസ്റ്റോഫിസുകള്‍ കാലതാമസം വരുത്തി.
അടുത്ത രണ്ടുമാസത്തെ പെന്‍ഷന്‍ തുകയായ 220 കോടി രൂപ വിതരണം ചെയ്യാന്‍ ഇന്നലെ മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും പോസ്റ്റോഫിസ് അക്കൗണ്ടുകള്‍ വഴി വിതരണം ചെയ്യാനുള്ള തുക തല്‍ക്കാലം റിലീസ് ചെയ്യേണ്ടെന്നു നിര്‍ദേശം നല്‍കി. ബാങ്ക് അക്കൗണ്ട് വഴിയും ഇലക്‌ട്രോണിക് മണിയോര്‍ഡര്‍ മുഖേനയുമുള്ള പെന്‍ഷന്‍ തുക മാത്രം ഇപ്പോള്‍ നല്‍കിയാല്‍ മതിയെന്നും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇന്നത്തെ ചര്‍ച്ചയ്ക്ക് ശേഷം തുടര്‍ന്നുള്ള തീരുമാനം എടുക്കാമെന്നാണ് ഇപ്പോഴത്തെ ധാരണ.
Next Story

RELATED STORIES

Share it