Literature

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ല: മുഖ്യമന്ത്രി

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ല: മുഖ്യമന്ത്രി
X
slug-niyamasabhaതിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. 2011 മെയ് 18 മുതല്‍ 2015 ഒക്‌ടോബര്‍ 31വരെ 1,39,192 പേര്‍ക്ക് നിയമനശുപാര്‍ശ നല്‍കിയിട്ടുണ്ട്. 1300 റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി ഈ സര്‍ക്കാരിന്റെ കാലത്തു ദീര്‍ഘിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കെ എം മാണി രാജിവച്ചൊഴിയുമ്പോള്‍ അദ്ദേഹത്തിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കപ്പെട്ട 41 ഫയലുകളില്‍ തീരുമാനമെടുക്കാന്‍ ബാക്കിയുണ്ടായിരുന്നു. മാണി രാജിവച്ച ദിവസവും തലേദിവസവും ആകെ 28 ഫയലുകളില്‍ തീരുമാനമെടുത്തിട്ടുണ്ട്. ധനകാര്യ മന്ത്രി തീരുമാനമെടുത്തയച്ച ഫയലുകളൊന്നുംതന്നെ മുഖ്യമന്ത്രി കാണുന്നതിലേക്ക് തിരികെ വിളിച്ചിട്ടില്ലെന്നും  മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ വായ്പാ കുടിശ്ശികകള്‍ പിരിച്ചെടുക്കുന്നതിന് എസ്ബിടി റിലയന്‍സ് അസറ്റ്‌സ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വായ്പക്കാര്‍ക്കെതിരേ റിലയന്‍സ് യാതൊരു നിയമനടപടിയും സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 2,882 കോടി കടപ്പത്രം
വഴി സമാഹരിക്കും

നടപ്പു സാമ്പത്തിക വര്‍ഷം കടപ്പത്രം വഴി 2882.03 കോടി രൂപകൂടി സമാഹരിക്കാനുദ്ദേശിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നിശ്ചയിച്ചുനല്‍കിയിട്ടുള്ള വായ്പാപരിധി 15,605 കോടി രൂപയാണ്. അക്കൗണ്ടന്റ് ജനറലിന്റെ പ്രാഥമിക കണക്കനുസരിച്ച് ഈ വര്‍ഷം സപ്തംബര്‍ വരെയുള്ള കാലയളവില്‍ 7980.19 കോടിരൂപ വായ്പയെടുത്തിട്ടുണ്ട്. നടപ്പുസാമ്പത്തികവര്‍ഷം നവംബര്‍ 25വരെ 10,450 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തിന്റെ സഞ്ചിത കടം ഈ വര്‍ഷം മാര്‍ച്ച് 31 വരെ 1,35,440.24 കോടി രൂപയാണ്. സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ 2011 മാര്‍ച്ച് 31വരെ സംസ്ഥാനത്തിന്റെ സഞ്ചിത കടം 78,673.24 കോടിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്എഫ്ഇ
നിക്ഷേപം 7930
കോടിയായി ഉയര്‍ന്നു

കേരള സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിലെ നിക്ഷേപം 7,930 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 2011 മാര്‍ച്ച് 31ല്‍ ഇത് 3,109 കോടിയായിരുന്നു. എല്ലാ പഞ്ചായത്തുകളിലും ശാഖകള്‍ തുടങ്ങുക, ശാഖകളെ കോര്‍ അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ വഴി ബന്ധിപ്പിക്കുക, ചിട്ടിത്തവണകള്‍ ബാങ്ക് വഴി അടയ്ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുക, 2015-16 സാമ്പത്തിക വര്‍ഷം 4,575 കോടിയുടെ ബിസിനസ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍, കൂടുതല്‍ മേഖലാ സോണ്‍ല്‍ ഒഫിസുകള്‍ തുടങ്ങുക, പ്രവാസികളെ ചിട്ടികളില്‍ ചേര്‍ക്കുന്ന നടപടികള്‍ സ്വീകരിക്കുക, മൂലധനം 100 കോടിയായി വര്‍ധിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളുള്‍പ്പെടുത്തി കമ്പനിയെ ശക്തിപ്പെടുത്തുന്നതിനുള്ള കര്‍മപദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വര്‍ഷം നടന്നത്
17,508 വാഹനാപകടങ്ങള്‍

ഈ വര്‍ഷം സപ്തംബര്‍ വരെ 17,508 വാഹനാപകടങ്ങളുണ്ടായതായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കഴിഞ്ഞ വര്‍ഷം 17,126 വാഹനാപകടങ്ങളാണുണ്ടായത്. 2013ല്‍ ഇത് 18,375 ആയിരുന്നു. റോഡ് സുരക്ഷാ ബോധവല്‍കരണത്തിന്റെ ഭാഗമായി സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചു ബോധവല്‍കരണ പരിപാടികള്‍ നടത്തും. െ്രെഡവിങ് ലൈസന്‍സ് പരിശോധന കര്‍ശനമാക്കും. റോഡ് സുരക്ഷയ്ക്കായി ലഭിക്കേണ്ട ഫണ്ടുകള്‍ കൃത്യമായി ലഭിക്കാത്തത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ചു പൊതുചര്‍ച്ച നടത്തുന്നതില്‍ സര്‍ക്കാറിനു വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുവര്‍ഷത്തിനിടെ
ചരിഞ്ഞത് 386 കാട്ടാനകള്‍

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തെ വനപ്രദേശങ്ങളില്‍ 386 കാട്ടാനകള്‍ ചരിഞ്ഞിട്ടുണ്ട്. ഇതില്‍ നാലു കുട്ടിക്കൊമ്പനാനകളുള്‍പ്പെടെ 118 കൊമ്പനാനകള്‍ ചരിഞ്ഞിട്ടുണ്ടെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
33 ആനകള്‍ ആനവേട്ടക്കിടെയാണു ചരിഞ്ഞത്. 2012ല്‍ നടത്തിയ എലിഫന്റ് സെന്‍സസിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 6,177 ആനകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ആനകളുടെ മരണം സംബന്ധിച്ച് കേന്ദ്ര വൈല്‍ഡ് ലൈഫ് െ്രെകം കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണ റിപോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് വര്‍ഗീയത
ആളിപ്പടരുന്നു

സംസ്ഥാനത്ത് വര്‍ഗീയത ആളിപ്പടരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മത വര്‍ഗീയതയും ജാതി വര്‍ഗീയതയും ആളിപ്പടര്‍ത്തുന്നതിനു ചില ശക്തികള്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ചില സ്ഥലങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ആഭ്യന്തരമന്ത്രി നിയമസഭയില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it