Middlepiece

പെണ്‍മക്കളേ, ഒരായുധം കൈയില്‍ കരുതൂ...

പെണ്‍മക്കളേ, ഒരായുധം കൈയില്‍ കരുതൂ...
X
slug-vettum-thiruthum''കുട്ടിയുടെ കൈയില്‍ നിങ്ങള്‍ കൊടുത്ത ആ കത്തിയാണ് ഇതിനൊക്കെ കാരണം.'' ആന്റി കറപ്ഷന്‍ ഓഫിസര്‍ രാജശേഖരന്‍ നായര്‍ ശേഖരപ്പിള്ളയോടു പറഞ്ഞു. നടുതളര്‍ന്ന് ഒന്നനങ്ങാന്‍പോലും ആവതില്ലാത്ത ശേഖരപ്പിള്ള കീറപ്പായയില്‍ വേദനിച്ച് കത്തിജ്വലിച്ചു.
''കത്തിയോ? ആ കത്തി അവളെ രക്ഷിക്കുകയല്ലേ ചെയ്തത്.'' പോലിസ് ഓഫിസര്‍ ശേഖരപ്പിള്ളയുടെ ന്യായീകരണത്തോട് യോജിച്ചില്ല. അതൊരു വാദപ്രതിവാദമായിരുന്നില്ല. സ്വന്തം മകള്‍ അമ്മു. അവളെ പീഡിപ്പിക്കാന്‍ പിന്തുടര്‍ന്നെത്തിയ ഹെഡ്‌കോണ്‍സ്റ്റബിള്‍ നാറാപിള്ളയ്‌ക്കെതിരേ ഒരു പ്രതിരോധവും തന്റെ രക്ഷയ്ക്കുതകില്ലെന്ന് ഒടുവില്‍ അവള്‍ മനസ്സിലാക്കുന്നു. മടിക്കുത്തില്‍ കശ്മലനായ ഹെഡ്‌കോണ്‍സ്റ്റബിള്‍ കൈവച്ചപ്പോള്‍ അരയില്‍ സൂക്ഷിച്ച അറ്റംകൂര്‍ത്ത തിളങ്ങുന്ന കത്തി അവള്‍ ഉപയോഗിച്ചു. ഒറ്റക്കുത്തിന് ഹെഡ്‌കോണ്‍സ്റ്റബിള്‍ റോഡരികില്‍ വീണു പിടഞ്ഞുമരിച്ചു. ആ കത്തി സ്വരക്ഷയ്ക്ക് അമ്മുവിന് നല്‍കിയത് സ്വന്തം അച്ഛന്‍ ശേഖരപ്പിള്ള.
എല്ലാ തെളിവും പോലിസിനു ലഭിച്ചു. ഹെഡ്‌കോണ്‍സ്റ്റബിള്‍ നാറാപിള്ളയുടെ മൃതദേഹത്തിനരികില്‍നിന്നു കിട്ടിയ അമ്മുവിന്റെ എട്ടണ മാത്രം വിലയുള്ള ഒറ്റക്കമ്മല്‍ അവള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ച് പോലിസ് ഓഫിസര്‍ പറഞ്ഞു: ''അമ്മൂ, അരമണിക്കൂര്‍ മുമ്പ് ഈ കമ്മല്‍ നിന്റെ കാതില്‍ തൂങ്ങുകയായിരുന്നു. ഇപ്പോള്‍ ഈ ഒറ്റക്കമ്മലില്‍ നിന്റെ ജീവിതം തന്നെ തൂങ്ങുകയാ.''
പോലിസ് ഓഫിസര്‍ രാജശേഖരന്‍ നായര്‍ കഥയുടെ അവസാനം അമ്മുവിന്റെ യഥാര്‍ഥ സഹോദരനാണെന്ന് പ്രേക്ഷകര്‍ക്ക് ബോധ്യമാവുന്നു. എല്ലാ തെളിവുകളും പോലിസ് നശിപ്പിച്ചു. അമ്മു നിരപരാധിയായി. പ്രേക്ഷകര്‍ കൈയടിച്ചു.
ഇന്ത്യന്‍ നാടകവേദിയില്‍ തന്നെ ലക്ഷണയുക്തമായ 10 നാടകം തിരഞ്ഞെടുത്താല്‍ പ്രഥമസ്ഥാനത്തു വരുന്ന 'ക്രോസ് ബെല്‍റ്റ്' മലയാള നാടകത്തിന്റെ - എന്‍ എന്‍ പിള്ളയുടെ - രത്‌നച്ചുരുക്കമാണ് മേലുദ്ധരിച്ചത്. തനിച്ചു ജീവിക്കുന്ന പെണ്‍കുട്ടി എന്നും ഒരു കൊച്ചുകത്തി, അല്ലെങ്കില്‍ സുരക്ഷയ്ക്ക് മറ്റൊരായുധം കൈയില്‍ കരുതണം. ഇന്ത്യയിലെ പൊതുസാമൂഹികാവസ്ഥ അതാണു പറയുന്നത്. സ്ത്രീസ്വാതന്ത്ര്യവാദികള്‍ പുച്ഛിക്കാം. പുരുഷന് ആയുധമൊന്നും വേണ്ടേ, സ്ത്രീക്ക് മാത്രമെന്തിനീ ആയുധം? ആറുമാസം പ്രായമായ പെണ്‍കുഞ്ഞു മുതല്‍ അറുപതും എണ്‍പതും കഴിഞ്ഞ മുത്തശ്ശി വരെ പീഡിപ്പിക്കപ്പെടുന്നു. ശവക്കുഴി മാന്തി സ്ത്രീജഡം പുറത്തെടുത്ത് 'ദാഹം' തീര്‍ക്കുന്ന പുരുഷ വൃത്തികേടുകള്‍ വരെ കേരളത്തിലിന്നുണ്ട്. അധ്യാപികയെ 'പ്രേമി'ക്കുന്ന ജോര്‍ജുമാര്‍ വേറെ കഥകളിലും.
ഇതെഴുതുന്ന എന്റെ ഓര്‍മയില്‍ ഫ്‌ളോറി എന്ന സുന്ദരിയായ മല്‍സ്യത്തൊഴിലാളി പെണ്‍കുട്ടിയെ വെടിവച്ചുകൊന്ന പോലിസും പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ ജിഷ എന്ന നിയമവിദ്യാര്‍ഥിനിയുടെ നിഷ്ഠുര കൊലപാതകം പൂഴ്ത്തിവയ്ക്കാനും 'പ്രതിയെ ഉണ്ടാക്കി' കേസ് ഏതെങ്കിലും വഴിയേ തിരിച്ചുവിടാനും സാഹസപ്പെടുന്ന പോലിസും സഹതാപം മാത്രം അര്‍ഹിച്ച് നാണംകെട്ട് കൈയുംകെട്ടി നില്‍ക്കുന്നു. പോലിസിനെ നിയന്ത്രിക്കുന്നതിലും ഭരിക്കുന്നതിലും കേരള ചരിത്രത്തില്‍ കെ കരുണാകരനെപ്പോലൊരു ഭരണാധികാരി വേറെ ഇല്ലായിരുന്നു. കരുണാകരന്‍ ഒരിക്കല്‍ ഒരു സീനിയര്‍ പത്രപ്രതിനിധിയോടു പറഞ്ഞു: ''എന്റെ എല്ലാ താല്‍പര്യവും പോയി. ഐജി ലെവല്‍ തൊട്ട് പത്രക്കാര്‍ക്ക് കള്ളുവാങ്ങിക്കൊടുത്ത് ഇല്ലാത്ത വാര്‍ത്തകളെഴുതിച്ച് ക്രമസമാധാനം തകര്‍ക്കുകയാണ്. ഞാനെന്തുചെയ്യും?''
ഇതാ 2016ലും ധൈര്യമായി പറയാം, പോലിസിന്റെ ഉന്നതതലം തൊട്ട് താഴേക്കിടവരെ 'യമകണ്ടന്‍മാര്‍' കൊടികുത്തിവാഴുന്നു. പരസ്പരം കടിച്ചുകീറുന്നു. സീക്രട്ടുകള്‍ ചോര്‍ത്തി സ്വന്തം സേനയുടെ മുഖത്ത് കരിവാരിത്തേക്കുന്നു. പിന്നെങ്ങനെ ഈ നാട്ടില്‍ ക്രമസമാധാനം നിലനില്‍ക്കും?
സുഗതകുമാരി പാടുന്നു:
''എവിടെ വാക്കുകള്‍? എന്റെയുള്‍ക്കാട്ടിലെ
മുറിവു നീറിടും വ്യാഘ്രിതന്‍ ഗര്‍ജനം.
അകിടുവിങ്ങിയൊരമ്മ വാരിക്കുഴി-
ക്കടിയില്‍ നിന്നു വിളിക്കും നിലവിളി.''
Next Story

RELATED STORIES

Share it