പെണ്‍കുട്ടികളുടെ വില്‍പനയ്ക്ക് മുംബൈയില്‍ വന്‍ ശൃംഖലകള്‍

മുഹമ്മദ് പടന്ന

മുംബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ബാലികമാരെ തട്ടിയെടുത്ത് വില്‍പന നടത്തുന്ന സംഘത്തിന്റെ വന്‍ കണ്ണികള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നതായി റിപോര്‍ട്ട്. അടുത്തിടെ പോലിസ് ഒട്ടേറെ പെണ്‍കുട്ടികളെ മോചിപ്പിച്ചിരുന്നു. അടുത്ത ബന്ധുക്കളുടെ ഒത്താശയോടെ ദരിദ്രരായ പെണ്‍കുട്ടികളെ മുംബൈയിലെത്തിച്ച് 3,000 മുതല്‍ മൂന്ന് ലക്ഷം രൂപ വരെ നല്‍കി വില്‍ക്കുകയും വാങ്ങുകയുമാണ് ഈ റാക്കറ്റിന്റെ രീതി.
കഴിഞ്ഞ ദിവസം രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഗോരേഗാവ് പോലിസ് നടത്തിയ റെയ്ഡില്‍ രണ്ട് പിഞ്ചു ബാലികമാരെ 1,50,000 രൂപക്ക് വില്‍പന നടത്തുന്ന ഇളയമ്മയെ അറസ്റ്റ് ചെയ്തിരുന്നു.
പശ്ചിമബംഗാള്‍, ഗുജറാത്ത്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഏറെയും പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവരുന്നത്. പ്രലോഭനങ്ങള്‍ നല്‍കി മുംബൈയിലേക്ക് വിനോദയാത്രക്കെന്ന് പറഞ്ഞാണ് പിഞ്ചുകുട്ടികളെ കൊണ്ടുവരുന്നതെന്ന് പോലിസ് പറയുന്നു. ഡിജിറ്റല്‍ ഇന്ത്യയായി മുന്നേറുന്ന രാജ്യത്ത് പെണ്‍കുട്ടികളെ മത്സ്യ വില്‍പനയ്ക്കു സമാനമായി വില്‍ക്കുന്നത് വേദനാജനകമാണെന്ന് സാമൂഹികപ്രവര്‍ത്തകനും മലയാളിയുമായ കണ്ണൂര്‍ ബാബു തേജസിനാട് പറഞ്ഞു. ഇത്തരത്തില്‍ ഒട്ടേറെ കേസുകള്‍ ഈയടുത്ത കാലത്ത് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
2013 മാര്‍ച്ച് 28നു അന്ധേരിയില്‍ 12 വയസ്സായ അനുജത്തിയെ 50,000 രൂപക്ക് വില്‍പന നടത്തവേ സക്കീന ദര്‍ജ എന്ന യുവതി അറസ്റ്റിലായി. 2015 നവംബര്‍ 17നു 14 വയസ്സ്‌കാരിയെ 18,000 രൂപക്ക് വില്‍പന നടത്തവേ മാല്‍വാണി പോലിസ് യേശുദാസ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. 2015 ജനുവരി 18നു നവ മുംബൈയ് ക്രൈംബ്രാഞ്ച് 18,0000 രൂപക്ക് ഏഴു വയസ്സുകാരിയെ വില്‍പന നടത്തവേ അഭിഭാഷക ദമ്പതികളെ പിടികൂടുകയുണ്ടായി. 2015 ഏപ്രില്‍ 17നു പ്രായപൂര്‍ത്തിയാവാത്ത ഒന്നിലധികം പെണ്‍കുട്ടികളെ രണ്ടു മുതല്‍ അഞ്ചു ലക്ഷം വരെയുള്ള തുകയ്ക്ക് വില്‍പന നടത്തവേ മീര സഹിത് ഗ്യാംഗ് അംഗങ്ങളെ പയ്ധുനി പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞദിവസം കാറില്‍ കടത്തുകയായിരുന്ന 15കാരിയെ മലബാര്‍ ഹില്‍ പോലിസ് മോചിപ്പിച്ചു. മധ്യപ്രദേശില്‍നിന്നു വില്‍പന നടത്താന്‍ പെണ്‍കുട്ടികളെ മുംബൈയിലെത്തിച്ച മുസ്തഫ ഖാന്‍, രാജു എന്നിവര്‍ അറസ്റ്റിലായി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മുംൈബയില്‍ മാത്രം 30,000ത്തോളം കുട്ടികളെ കാണാതായതാണ് കണക്ക്. 2014 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ മാത്രം 2,000 കുട്ടികളെയാണ് കാണാതായത്. ദിനേന നാല് എന്ന കണക്കില്‍ മുംബൈയില്‍ മാത്രം പെണ്‍കുട്ടികള്‍ അപ്രത്യക്ഷമാവുന്നുണ്ട്.
Next Story

RELATED STORIES

Share it