Kollam Local

പെട്രോള്‍ പമ്പ് സാമൂഹിക വിരുദ്ധര്‍ അടിച്ചുതകര്‍ത്തു; ആക്രമണത്തില്‍ പമ്പിലെ ജീവനക്കാരന് ഗുരുതര പരിക്കേറ്റു

ശാസ്താംകോട്ട: ശാസ്താംകോട്ട മണ്ണെമുക്കിലെ പെട്രോള്‍ പമ്പ് സാമൂഹിക വിരുദ്ധര്‍ അടിച്ചുതകര്‍ത്തു. രാത്രിയില്‍ പമ്പില്‍ പെട്രോള്‍ ആവശ്യപ്പെട്ടെത്തിയ സാമൂഹിക വിരുദ്ധരാണ് പമ്പ് ആക്രമിച്ചത്. ആക്രമണത്തില്‍ പമ്പിലെ ജീവനക്കാരന് ഗുരുതര പരിക്കേറ്റു. ശാസ്താംകോട്ട വേങ്ങ വെള്ളാവില്‍ വീട്ടില്‍ വിജയന്‍പിള്ളയ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ശാസ്താംകോട്ട പത്മാവതി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി പമ്പില്‍ പെട്രോള്‍ ആവശ്യപ്പെട്ട് ബൈക്കിലെത്തിയവരാണ് ആക്രമണം അഴിച്ചുവിട്ടത്. ഇവര്‍ പെട്രോള്‍ പമ്പില്‍ എത്തിയപ്പോള്‍ ഇന്ധനം ഇറക്കിക്കൊണ്ടിരുന്നതിനാല്‍ കുറച്ചു സമയം കഴിഞ്ഞേ പെട്രോള്‍ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്ന് ജീവനക്കാര്‍ അറിയിച്ചു. ഇതോടെ പമ്പില്‍ നിന്നും പോയ ഇവര്‍ അരമണിക്കൂറിന് ശേഷം വീണ്ടുംം പമ്പില്‍ എത്തുകയും പെട്രോള്‍ ആവശ്യപ്പെടുകയുമായിരുന്നു. ഈസമയവും ടാങ്കില്‍ ഇന്ധനം നിറച്ച് കഴിഞ്ഞില്ലായിരുന്നു. ഇതോടെ രോഷാകുലരായ അക്രമികള്‍ പമ്പിന്റെ ചില്ല്‌ഡോര്‍ അടിച്ച് തകര്‍ക്കുകയും, പൊട്ടിവീണ ഗ്ലാസ് കഷ്ണം ഉപയോഗിച്ച് ജീവനക്കാരനായ വിജയന്‍പിള്ളയെ കുത്തുകയുമായിരുന്നു. അക്രമണവും ജീവനക്കാരുടെ നിലവിളിയും കേട്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപെട്ടു.
Next Story

RELATED STORIES

Share it