പെട്രീഷ്യ ചുഴലിക്കാറ്റ് ; മെക്‌സിക്കന്‍ തീരത്തെത്തി

മെക്‌സികോ സിറ്റി: അമേരിക്കന്‍ വന്‍കരയിലെ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റെന്ന വിശേഷണമുള്ള പെട്രീഷ്യ മെക്‌സിക്കന്‍ തീരത്തെത്തി. അതീവ വിനാശകാരിയായ ചുഴലിക്കാറ്റുകളുടെ ഗണമായ കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുത്തിയ പെട്രീഷ്യ 265 കിലോമീറ്റര്‍ വേഗതയിലാണ് കര തൊട്ടത്. കനത്ത മുന്‍കരുതലുകള്‍ സ്വീകരിച്ചതിനാല്‍ ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. മെക്‌സിക്കോയില്‍ കനത്ത മഴ തുടരുകയാണ്. ജെലിസ്‌കോ, കൊലിമ, ഗരീരോ എന്നീ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും കനത്ത പ്രളയത്തിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെനനീറ്റോ മുന്നറിയിപ്പ് നല്‍കി.
മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയിലായിരിക്കും പെട്രീഷ്യ കരയിലെത്തുക എന്നായിരുന്നു കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. എന്നാല്‍, പ്രതീക്ഷിച്ചതിനേക്കാള്‍ വേഗതയിലാണ് അതു കര തൊട്ടത്.
കാറ്റ് വന്‍ നാശം വിതയ്ക്കുമെന്ന ഭീതിയില്‍ രാജ്യം കനത്ത സുരക്ഷാനടപടികള്‍ സ്വീകരിച്ചിരുന്നു. അപകടസാധ്യത മേഖലകളില്‍നിന്നു രണ്ടര ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മൂന്നു സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. വിദേശികളോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടു. ട്രെയിന്‍, വിമാന സര്‍വീസുകള്‍, റോഡ് ഗതാഗതം എന്നിവയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.
ചൊവ്വാഴ്ചയാണ് പസഫിക് മേഖലയില്‍ പെട്രീഷ്യ ചുഴലിക്കാറ്റ് രൂപപ്പെട്ടത്. തുടക്കത്തില്‍ സാധാരണ ചുഴലിക്കാറ്റിന്റെ ഗണത്തില്‍ പെടുത്തിയ പെട്രീഷ്യ 36 മണിക്കൂറുകള്‍ പിന്നിട്ടതോടെ ശക്തി പ്രാപിക്കുകയായിരുന്നു.
പസഫിക് അറ്റ്‌ലാന്റിക് മേഖലയില്‍ ഇതുവരെ വീശിയതില്‍ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് പെട്രീഷ്യ. ശക്തി കുറഞ്ഞതോടെ കാറ്റഗറി അഞ്ചില്‍നിന്നു കാറ്റഗറി നാലിലേക്ക് എത്തിയ ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ വേഗത കുറഞ്ഞ് ഉഷ്ണമേഖല കൊടുങ്കാറ്റായി രൂപപ്പെടുമെന്നാണ് കരുതുന്നത്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ എന്നതില്‍നിന്ന് 120 ആയി വേഗത കുറഞ്ഞിട്ടുണ്ട്. വടക്കന്‍ മെക്‌സിക്കോയുടെ വടക്കുകിഴക്കന്‍ മേഖലയിലൂടെ പെട്രീഷ്യ കടന്നുപോവും.
Next Story

RELATED STORIES

Share it