പെട്ടി പെട്ടി ബാലറ്റ് പെട്ടി... പെട്ടി തുറന്നപ്പോള്‍...

എച്ച് സുധീര്‍

തിരുവനന്തപുരം: പെട്ടി പെട്ടി ബാലറ്റ് പെട്ടി... പെട്ടി തുറന്നപ്പോള്‍... പുത്തന്‍ ട്രെന്റുകള്‍ക്ക് പിന്നാലെ പായുന്ന ന്യൂജനറേഷന് ഈ വരികള്‍ അത്ര പരിചയം കാണില്ല. എന്നാല്‍, ന്യൂജന്‍ തരംഗത്തിലൊന്നും പെട്ടുപോവാത്ത മലയാളികള്‍ അത്ര പെട്ടെന്നൊന്നും ഈ വരികള്‍ മറക്കില്ല. ഒരുകാലത്ത് തിരഞ്ഞെടുപ്പുഫലം വരുമ്പോള്‍ നടക്കുന്ന ആഹ്ലാദപ്രകടനങ്ങളില്‍ നാടെങ്ങും മുഴങ്ങിയ വരികളായിരുന്നു ഇത്. എന്നാല്‍, ബാലറ്റ് പേപ്പര്‍ മാറി ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ കളംപിടിച്ചതോടെ കാലക്രമേണ ഈ വരികളും വിജയാരവത്തില്‍ നിന്നും ഇല്ലാതായി.
ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള വോട്ടെടുപ്പില്‍ സ്ഥാനാര്‍ഥിയുടെ പേരിനോ ചിഹ്നത്തിനോ നേരെ അടയാളം പതിച്ചശേഷം പേപ്പര്‍ പൂട്ടിട്ട് ഭദ്രമാക്കിയ പെട്ടിയിലേക്ക് നിക്ഷേപിക്കുകയായിരുന്നു പതിവ്. ബാലറ്റ് പേപ്പര്‍ അച്ചടിക്കാത്ത സ്ഥലങ്ങളില്‍ അടയാളം പതിച്ച കടലാസ് നിക്ഷേപിച്ചും വോട്ടെടുപ്പ് നടത്തിയിരുന്നു. കാലം മാറിയതോടെ കടലാസും ബാലറ്റുപെട്ടിയുമെല്ലാം ബാധ്യതയായി മാറി. അങ്ങനെ, 1982ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തുതന്നെ ആദ്യമായി ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം പരീക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.
എറണാകുളം ജില്ലയിലെ പറവൂര്‍ മണ്ഡലമായിരുന്നു ഇതിനായി തിരഞ്ഞെടുത്തത്. 50 ബൂത്തുകളില്‍ അന്നു പരീക്ഷണാടിസ്ഥാനത്തില്‍ വോട്ടിങ് മെഷീന്‍ ഉപയോഗിച്ചു. കോണ്‍ഗ്രസ്സിലെ എ സി ജോസും സിപിഐയിലെ ശിവന്‍പിള്ളയും ആയിരുന്നു മല്‍സരം. 123 വോട്ടിന് പരാജയപ്പെട്ട എ സി ജോസ് മെഷീനില്‍ തകരാര്‍ ആരോപിച്ച് കോടതിയിലെത്തി. അങ്ങനെ ആദ്യവരവില്‍ ഇലക്‌ട്രോണിക് മെഷീന്‍ കോടതി കയറിയതും ചരിത്രത്തിന്റെ ഭാഗമായി.
തുടര്‍ന്ന്, ബാലറ്റ് ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ കോടതി വിധിച്ചു. ഫലംവന്നപ്പോള്‍ എ സി ജോസിന് വിജയം. പ്രത്യേക നിയമനിര്‍മാണം നടത്തിയശേഷം 1988ല്‍ വോട്ടിങ് മെഷീന്‍ ഉപയോഗിക്കാന്‍ വീണ്ടും തീരുമാനമായെങ്കിലും 1998ല്‍ മധ്യപ്രദേശ്, രാജസ്ഥാ ന്‍, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുത്ത ബൂത്തുകളിലാണ് മെഷീന്‍ ഉപയോഗിക്കാനായത്. തുടര്‍ന്ന് ഗോവയിലെ തിരഞ്ഞെടുപ്പിലും പൂര്‍ണമായി വോട്ടിങ് മെഷീന്‍ ഉപയോഗിച്ചു. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലും വോട്ടിങ് യന്ത്രം ഉപയോഗിച്ചു. 2004ലെ തിരഞ്ഞെടുപ്പുമുതല്‍ രാജ്യത്തെങ്ങും ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം വ്യാപകമായി.
Next Story

RELATED STORIES

Share it